UPDATES

ട്രെന്‍ഡിങ്ങ്

റാഫേലിലെ റിലൈന്‍സ് പങ്കാളിത്തം: ഒലാന്ദ് പറഞ്ഞതില്‍ രാഹുലിന്റെ ഗൂഢാലോചനയെന്ന് ജയ്റ്റ്‌ലി

പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഒലാന്ദ് പറയുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെടുന്നു. ഫ്രഞ്ച് ഗവണ്‍മെന്റിനെന്ന പോലെ ഇന്ത്യന്‍ ഗവണ്‍മെന്റിനും കരാറില്‍ യാതൊരു പങ്കുമില്ലെന്ന് ജയ്റ്റ്‌ലി വാദിക്കുന്നു.

റാഫേല്‍ കരാര്‍ സംബന്ധിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് നടത്തിയ പ്രസ്താവന മോദി സര്‍ക്കാരിനേയും ബിജെപിയേയും വിട്ടൊഴിയുന്നില്ല. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമെല്ലാം സര്‍ക്കാരിനും ബിജെപിക്കുമെതിരായ കടന്നാക്രമണത്തിനെതിരെ പ്രതിരോധമുയര്‍ത്താന്‍ ശ്രമിക്കുന്നത് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ട് കൂടിയാണ്. റാഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യ ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരമാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദിന്റെ വെളിപ്പെടുത്തലാണ് ബിജെപിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അതേസമയം രണ്ട് തരം സത്യങ്ങളുണ്ടാകില്ല എന്നാണ് ഒലാന്ദിനെ തള്ളി ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്.

പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഒലാന്ദ് പറയുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെടുന്നു. ഫ്രഞ്ച് ഗവണ്‍മെന്റിനെന്ന പോലെ ഇന്ത്യന്‍ ഗവണ്‍മെന്റിനും കരാറില്‍ യാതൊരു പങ്കുമില്ലെന്ന് ജയ്റ്റ്‌ലി വാദിക്കുന്നു. റിലൈന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടു എന്ന് എ എഫ് പിയോടും ഒലാന്ദ് ആവര്‍ത്തിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയോ എന്ന ചോദ്യത്തിന് അത് സംബന്ധിച്ച് തനിക്കറിയില്ല, ദസോള്‍ട്ടിനേ അക്കാര്യം പറയാനാകൂ എന്നാണ് ഒലാന്ദ് പറഞ്ഞതെന്ന് ജയ്‌റ്റ്ലി ചൂണ്ടിക്കാട്ടുന്നു. കരാറിന്റെ ഭാഗമായി ഒലാന്ദ് അനില്‍ അംബാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നതായി ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടുന്നു. ഇതേ വ്യക്തിയുടെ തന്നെ പ്രസ്താവനയാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. സ്വന്തം രാജ്യത്ത് തന്നെ വലിയ എതിര്‍പ്പ് നേരിട്ടുകൊണ്ടിരിക്കുന്ന ഒലാന്ദിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നതെന്ന് ജയ്റ്റ്‌ലി പറയുന്നു. രാഹുല്‍ ഗാന്ധി ഒരുതരം പ്രതികാര മനോഭാവത്തിലാണ് ഇത്തരത്തിലൊരു ആരോപണം ആസൂത്രിതമായി വരുന്നതാണെന്ന് സംശയിക്കാവുന്നതാണെന്നും ജയ്റ്റ്‌ലി പറഞ്ഞു. കൈലാസ് മാനസ സരോവര്‍ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പായി രാഹുല്‍ ഗാന്ധി ഇട്ട ട്വീറ്റില്‍ ചില ബോംബുകള്‍ പൊട്ടുമെന്ന് പ്രവചിച്ചിരുന്നതായി ജയ്റ്റ്‌ലി പറയുന്നു. രാഹുലിന്റെ ഈ പ്രവചനവും ഒലാന്ദിന്റെ വെളിപ്പെടുത്തലും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു – ജയ്റ്റ്‌ലി പറഞ്ഞു.

ഒരു കോമാളി രാജകുമാരന്‍റെ നുണ എന്നാണ് കഴിഞ്ഞ ദിവസം അരുണ്‍ ജയ്റ്റ്ലി, രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ വിശേഷിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ കുടുംബം മൊത്തം കള്ളന്മാരാണ് എന്നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. രാജ്യത്തിന്‍റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണ് എന്ന് റാഫേല്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ മോദി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന് പകരം കരാര്‍ പങ്കാളിയാക്കിയതില്‍ അഴിമതിയുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും ആരോപണം. എന്നാല്‍ വാണിജ്യ കരാര്‍ രണ്ട് കമ്പനികള്‍ തമ്മിലുള്ളതാണെന്നും (റാഫേല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സിലെ ദസോള്‍ട്ട് ഏവിയേഷനും റിലൈന്‍സ് ഡിഫന്‍സും) ഇന്ത്യ, ഫ്രഞ്ച് ഗവണ്‍മെന്റുകള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വാദിച്ചുപോന്നിരുന്നത്. എന്നാല്‍ മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് മാധ്യമത്തോട് ഒലാന്ദ് നടത്തിയ വെളിപ്പെടുത്തല്‍ ഇതിന് വിരുദ്ധമായിരുന്നു. ഇന്ത്യ ഗവണ്‍മെന്റിന്റെ താല്‍പര്യപ്രകാരമാണ് ദസോള്‍ട്ട് ഏവിയേഷന്‍ 30000 കോടി രൂപ പ്രാദേശിക നിക്ഷേപം നടത്താനുള്ള ഓഫ് സെറ്റ് കരാര്‍ റിലൈന്‍സുമായി ഒപ്പുവച്ചതെന്നും ഫ്രഞ്ച് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ മറ്റ് ചോയ്‌സുകളില്ലായിരുന്നു എന്നുമാണ് ഒലാന്ദ് പറഞ്ഞത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ സ്‌ഫോടനമാണ് ഈ വെളിപ്പെടുത്തലിലൂടെ ഒലാന്ദ് ഉണ്ടാക്കിയിരിക്കുന്നത്.

READ ALSO: റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

ഫ്രാന്‍സ്വ ഒലാന്ദിനെ തള്ളി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. റിലൈന്‍സിനെ ഉള്‍പ്പെടുത്തിയതില്‍ ഇന്ത്യ, ഫ്രഞ്ച് ഗവണ്‍മെന്റുകള്‍ക്ക് യാതൊരു പങ്കുമില്ലെന്നും ഒലാന്ദിന്റെ പ്രസ്താവനയില്‍ താല്‍പര്യസംഘര്‍ഷവും വൈരുദ്ധ്യവുമുണ്ടെന്നും പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഫ്രഞ്ച് രാഷ്ട്രീയവുമായി ഇതിന് ബന്ധമുണ്ടെന്നും ഒലാന്ദുമായി അടുപ്പമുള്ളവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഇതിന് പിന്നിലെന്നും പ്രതിരോധ മന്ത്രാലയം വാദിക്കുന്നു. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന് ഏത് ഇന്ത്യന്‍ കമ്പനിയെ വേണമെങ്കിലും കരാര്‍ പങ്കാളിയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തത് ദസോള്‍ട്ട് ആണെന്നും പ്രതിരോധ മന്ത്രാലയം ആവര്‍ത്തിച്ചു. ഫ്രാന്‍സ് അല്ല റിലൈന്‍സിനെ തിരഞ്ഞെടുത്തതെന്നും ഇന്ത്യയുടെ ആവശ്യപ്രകാരമാണ് റിലൈന്‍സ് കരാറിന്റെ ഭാഗമായതെന്നും ഇന്നലെ എ എഫ് പിക്ക് നല്‍കിയ അഭിമുഖത്തില്‍ ഒലാന്ദ് ആവര്‍ത്തിച്ചിരുന്നു.

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരമാണ് കരാര്‍ പങ്കാളിയായി റിലൈന്‍സ് വന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഇന്നലെ രാത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഗവണ്‍മെന്റിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കരാര്‍ പങ്കാളിയെ തിരഞ്ഞെടുത്തത് എന്ന് ദസോള്‍ട്ട് ഏവിയേഷനും വ്യക്തമാക്കി. ദസോള്‍ട്ട് ഏവിയേഷനാണ് റിലൈന്‍സിനെ തിരഞ്ഞെടുത്തത് എന്നും കമ്പനി സിഇഒ എറിക് ട്രാപ്പിയര്‍ നേരത്തെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും ദസോള്‍ട്ട് പറയുന്നു.

ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലെ ഓഫ്‌സെറ്റ് വ്യവസ്ഥ പ്രകാരം ഇന്ത്യയിലെ പ്രാദേശിക കരാറുകളില്‍ അമ്പത് ശതമാനം നിക്ഷേപം ഫ്രാന്‍സ് നടത്തണം. 30000 കോടി രൂപയുടെ നിക്ഷേപം. റാഫേല്‍ ഓഫ്‌സെറ്റ് പ്രോജക്ട് ആണ് റിലൈന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രധാനമായും കാരണമായത്. എംഒയു ഒപ്പുവയ്ക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഒളാന്ദിന്റെ നിലവിലെ ജീവിതപങ്കാളിയും നടിയുമായ ജൂലി ഗയറ്റുമായി അനില്‍ അംബാനിയുടെ റിലൈന്‍സ് എന്റര്‍ടെയ്ന്‍മെന്റ് സിനിമ നിര്‍മ്മിക്കാനുള്ള കരാര്‍ ഒപ്പുവയ്ക്കാവുന്നത്.

ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?

റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍