UPDATES

ട്രെന്‍ഡിങ്ങ്

അശോക് ലവാസയുടെ ഇടപെടല്‍; നീതി ആയോഗിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കാന്‍ തീരുമാനിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നേരത്തെ മോദിയ്ക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെയും അശോക് ലാവാസ ചോദ്യം ചെയ്തിരുന്നു

തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി എന്ന ആരോപണത്തില്‍ നീതി ആയോഗിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി പുനഃപരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കമ്മീഷന്‍ അംഗം അശോക് ലവാസയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് നടപടി.

ഗോണ്ടിയ, വര്‍ധ, ലത്തൂര്‍ എന്നിവിടങ്ങളിലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് മുന്‍പെ ഈ പ്രദേശങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായി പ്രധാന മന്ത്രിയുടെ ഓഫീസ് നീതി അയോഗിനെ ദുരുപയോഗം ചെയ്തു എന്ന് കോണ്‍ഗ്രസ് നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ആഴ്ച തള്ളിക്കളഞ്ഞിരുന്നു.

പ്രസ്തുത പരാതിയില്‍ കഴമ്പില്ല എന്നാണ് മെയ് 12നു നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ സന്ദീപ് സക്സേന പറഞ്ഞത്. 2014 ഒക്ടോബര്‍ 7നു പുറപ്പെടുവിച്ച നിര്‍ദ്ദേശ പ്രകാരം പ്രധാനമന്ത്രിക്ക് തന്റെ ഔദ്യോഗികവും തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്തവും നടത്തുന്ന സന്ദര്‍ശനങ്ങള്‍ക്ക് മുന്നോടിയായി ഔദ്യോഗികമായി വിവരങ്ങള്‍ സ്വരൂപിക്കാം എന്നായിരുന്നു സക്സേനയുടെ വിശദീകരണം.

അതേസമയം നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്തിനോട് വിശദീകരണം ചോദിക്കണം എന്ന നിലപാടായിരുന്നു കമ്മീഷന്‍ അംഗം ലവാസയ്ക്ക്. ഗോണ്ടിയ, വര്‍ധ, ലത്തൂര്‍ ജില്ലകളിലെ കളക്ടര്‍മാരോട് നീതി അയോഗ് ഔദ്യോഗികമായി വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കണം എന്നായിരുന്നു ലവാസ ആവശ്യപ്പെട്ടത്.

ഈ പരാതിയില്‍ എങ്ങിനെയാണ് എല്ലാ കാര്യങ്ങളും പരിശോധിക്കാതെ തീരുമാനം കൈക്കൊള്ളാന്‍ സാധിച്ചത് എന്നു ലവാസ ചോദിച്ചതായി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലവാസയുടെ വിയോജിപ്പിനെ തുടര്‍ന്ന് അമിതാഭ് കാന്തിന് രണ്ടാമതൊരു കത്തു കൂടി എഴുതാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ എപ്പോള്‍ മറുപടി നല്കണം എന്നത് സംബന്ധിച്ച അന്തിമ തിയതിയൊന്നും പുതിയ കത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

നീതി അയോഗിനെ ഉപയോഗിച്ച് മോദി പ്രസംഗിക്കാന്‍ പോകുന്ന സ്ഥലങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുന്നു എന്ന പരാതി മെയ് ഒന്നിനാണ് കോണ്‍ഗ്രസ്സ് നല്കിയത്. പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ അമിതാഭ് കാന്തിന് കത്തയക്കുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ നീതി അയോഗ് സി ഇ ഒ നിഷേധിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ നല്കിയത് സ്വാഭാവികനടപടി ക്രമം മാത്രമായിരുന്നു എന്നാണ് അമിതാഭ് കാന്ത് വിശദീകരിച്ചത്.

നേരത്തെ മോദിയ്ക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെയും അശോക് ലാവാസ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചുകൊണ്ടുള്ള അഞ്ച് പരാതികളില്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെയാണ് ലാവാസ എതിര്‍ത്തത്. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്റെ നടപടി അംഗീകരിക്കപ്പെടുകയായിരുന്നു.

ഏപ്രില്‍ ഒന്നിനും ആറിനും മഹാരാഷ്ട്രയിലെ വാര്‍ധയിലും ലാത്തൂരിലും മോദി നടത്തിയ പ്രസംഗമായിരുന്നു ഇതിലൊന്ന്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. സംഝോത ട്രെയിന്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകരെ വെറുതെ വിട്ടത് സൂചിപ്പിച്ചു കൊണ്ട് ഹിന്ദുക്കള്‍ ഭീകര പ്രവര്‍ത്തനം നടത്താറില്ലെന്നും ഹിന്ദുത്വ ഭീകരത എന്ന് പ്രസ്താവിച്ച കോണ്‍ഗ്രസിനെതിരെ ഭൂരിപക്ഷ സമുദായം എതിര്‍പ്പിലാണെന്നും ഈ എതിര്‍പ്പ് ഉള്ളതു കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് രക്ഷപെട്ടോടിയത് എന്നുമായിരുന്നു മോദിയുടെ പ്രസംഗം. വയനാട് ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായ സ്ഥലമാണെന്നുമുള്ള മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഏതെങ്കിലും സമുദായങ്ങള്‍, വംശം, ജാതി, മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളോ അവരെ പിന്തുണയ്ക്കുന്നവരോ പ്രസംഗിക്കാന്‍ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പരാതി നല്‍കിയത്. എന്നാല്‍ ഇതിന് ക്ലീന്‍ ചിറ്റ് നല്‍കാനായിരുന്നു കമ്മീഷന്റെ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ സുശീല്‍ ചന്ദ്രയും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അശോക് ലവാസ ഇതിനെ എതിര്‍ത്തു. എന്നാല്‍ The Election Commission (Conditions of Service of Election Commissioners and Transaction of Business) Act, 1991, -ലെ വകുപ്പ് 10 അനുസരിച്ച് കഴിയുന്നിടത്തോളം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സമവായത്തിലായിരിക്കണം തീരുമാനം എടുക്കേണ്ടത് എന്നു പറയുന്നുണ്ട്, ഇത് സാധ്യമാകുന്നില്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതായിരിക്കും തീരുമാനമെന്നും വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള മറ്റ് രണ്ടു കമ്മീഷണര്‍മാരുടേയും തീരുമാനം അംഗീകരിക്കപ്പെടടുകയായിരുന്നു.

മഹാരാഷ്ട്രയിലെ ലത്തൂരിലും കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയിലും ഗുജറാത്തിലെ പത്താനിലും മോദി നടത്തിയ പ്രസംഗങ്ങളാണ് ലവാസയുടെ വിയോജിപ്പോടെ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്കിയത്.ഇപ്പോള്‍ തന്റെ വിയോജന കുറിപ്പ് ക്ലീന്‍ ചിറ്റില്‍ ഉള്‍പ്പെടുത്തണം എന്ന് ലവാസ ആവശ്യപ്പെട്ടതായും വാര്‍ത്ത പുറത്തുവരുന്നുണ്ട്.

Read More: ശവമടക്കണമെങ്കിൽ സെമിത്തേരിക്ക് മതിൽ വേണം; കെട്ടാനനുവദിക്കില്ലെന്ന് ബിജെപി; മരിച്ച് 5 ദിവസം പിന്നിട്ടിട്ടും ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍