UPDATES

ട്രെന്‍ഡിങ്ങ്

ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസുകളിലെ ഒളികാമറ ഓപ്പറേഷൻ; ഹിന്ദുത്വ അജണ്ടകൾ നമ്മുടെ സ്വീകരണമുറിയിലെത്തുന്ന വിധം

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കർണാടകയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളായ സുവർണ, കന്നട പ്രഭ എന്നിവ കോബ്രാ പോസ്റ്റിന് മുന്നിൽ തുറന്ന് കാട്ടപ്പെട്ടപ്പോൾ

കഴിഞ്ഞ ദിവസം കോബ്രപോസ്റ്റ് പുറത്ത് വിട്ട ഓപറേഷൻ 136 എന്ന അന്വേഷണാത്മക സ്റ്റിങ് വീഡിയോകളുടെ രണ്ടാം ഭാഗത്തിലൂടെ ലോകം കണ്ടത് നിരവധി ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ പണക്കൊതിയുടെ മുഖമാണ്. കോടിക്കിലുക്കവുമായി വന്നവരോട് അത്യന്തം അപകടകരമായ അവരുടെ സ്ഥാപിത താൽപര്യങ്ങൾ, അവർ പറയുന്ന രീതിയിൽ നേർപ്പിച്ചെഴുതാമെന്നാണ് മാധ്യമങ്ങൾ ഓരോരുത്തരും തലകുലുക്കി സമ്മതിച്ചത്. ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാനെന്ന വ്യാജേന അതിനുള്ള സമയവും ഇടവും ചോദിച്ചെത്തിയ കോബ്രപോസ്റ്റിന്റെ റിപ്പോർട്ടർക്ക് മുന്നിൽ വർഗീയ രാഷ്ട്രീയത്തോടുള്ള തങ്ങളുടെ ആഭിമുഖ്യം തുറന്നു പറയാന്‍ പല മാധ്യമസ്ഥാപനങ്ങൾക്കും ഒരു മടിയുമുണ്ടായില്ല. രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോയിൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറെ സ്വാധീനമുള്ള സുവർണ ന്യൂസ് ചാനലിന്റെയും സഹോദര സ്ഥാപനമായ കന്നട പ്രഭ പത്രത്തിന്റെയും മുതിർന്ന മാനേജ് മെന്റ് പ്രതിനിധി, കേന്ദസർക്കാരിൽ ഏറെ സ്വാധീനമുള്ള അവരുടെ ഉടമയും ബിജെപിയുടെ രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖറിനെ വിശേഷിപ്പിക്കുന്നത് ‘ഹിന്ദുത്വയുടെ ആൾ’ എന്ന നിലയ്ക്കാണ്.

‘ആചാര്യ അടൽ’ എന്ന് സ്വയം പരിചയപ്പെുത്തിയ കോബ്ര പോസ്റ്റിന്റെ റിപ്പോർട്ടർ പുഷ്പ് ശർമ, താൻ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ‘നാഗ്പൂരിൽ’ നിന്നുള്ള ‘അനുഗ്രഹാശിസ്സുകളോടെയെത്തിയ’ ശ്രീമദ് ഭാഗവത് ഗീത പ്രചാർ സമിതിയുടെ പ്രതിനിധിയായാണ് അഭിനയിച്ചത്.

രണ്ട് മാനേജ്മെന്റ് പ്രതിനിധികൾ ‘ആചാര്യ അടലി’നോട് പറഞ്ഞത് അവർ നിലവിൽ തന്നെ ബിജെപി താൽപര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നാണ്. സുവർണയുടെ പരസ്യവിഭാഗത്തിലെ സീനിയർ മാനേജർ പ്രദീപ് ഗൗഡ സിഎസ് പറഞ്ഞത് ഏഷ്യാനെറ്റ് ഗ്രൂപ്പ് തലവനായ തങ്ങളുടെ ചെയർമാനും ഹിന്ദുത്വയുടെ ആളാണെന്നും മോദിയുടെ വലിയ ആരാധകനാണെന്നുമാണ്.

കമ്പനിയുടെ പരസ്യവിഭാഗത്തിന്റെ വൈസ് പ്രസിഡന്റായ എസ് അനിൽ റിപ്പോർട്ടറോട് പറയുന്നത്, അദ്ദേഹം മാത്രമല്ല കന്നഡ പ്രഭയുടെ എഡിറ്റർ രവി ഹെഗ്ഡെയും ബിജെപിയെ പിന്തുണയ്ക്കുന്ന ആളാണെന്നാണ്. മേൽപ്പറഞ്ഞ ക്യാമ്പയിനെ പറ്റി പറഞ്ഞപ്പോൾ അത് തങ്ങൾ ചെയ്യുമെന്നും അതൊരു പ്രശ്നമേ അല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഒരു രാഷ്ട്രീയക്കാരൻ ലാഭത്തിന് വേണ്ടി മാത്രം നടത്തുന്ന മാധ്യമസ്ഥാപനത്തിൽ എഡിറ്റോറിയലും പരസ്യവും തമ്മിലുള്ള വേർതിരിവുകളെപ്പറ്റി ചോദിച്ചപ്പോൾ എന്തുകൊണ്ടും പരസ്യത്തേക്കാളും ഗുണകരം വാർത്ത കൊടുക്കുന്നതാണെന്നായിരുന്നു കന്നഡ പ്രഭയുടെ പരസ്യ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ നാഗ്‍രാജ് കർക്കറെയുടെ മറുപടി.
ഹിന്ദുത്വ വർഗീയതുടെ പ്രചരണത്തിനായി പരസ്യം കൊടുക്കാമെന്ന് പറയുന്ന റിപ്പോർട്ടറോട് കർക്കറെ അങ്ങോട്ട് നിർദ്ദേശിക്കുന്നത്, അവർ ഉദ്ദേശിക്കുന്ന ആശയം ഉൾക്കൊള്ളുന്ന വാർത്ത നൽകാമെന്നും അതാകും പരസ്യത്തേക്കാളും വായനക്കാരന്റെ ശ്രദ്ധയാകർഷിക്കുകയും സ്വാധീനിക്കുകയുമെന്നുമാണ്.

ജനതാ ദളിനെ മാറ്റി നിർത്തി കോണ്‍ഗ്രസിനെതിരെ മാത്രം വാർത്ത പ്രചരിപ്പിക്കാമെന്നും കർക്കറെ സമ്മതിച്ചു. അസംബ്ലി തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപേയാണ് ഈ രഹസ്യ കൂടിക്കാഴ്ച നടന്നത്. തെരഞ്ഞെടുപ്പിന് ശേഷം ജനതാ ദൾ ബിജെപിയോടൊപ്പം വരുമെന്ന കണക്കുകൂട്ടലിലായിരുന്നു ജനതാദളിനെ ഒഴിവാക്കിയത്. എന്നാൽ ഈ ഉപജാപകരുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി കോൺഗ്രസും ജനതാദളും ഒന്നിച്ചു നിന്ന് കർണാടകയിൽ സർക്കാർ രൂപീകരിച്ചു.

സമാന സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് റേഡിയോ സ്റ്റേഷനുകളുടെ പ്രതിനിധികളും ബിജെപിയുടെ എതിരാളികൾക്കെതിരെ അർധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പിന് മുന്നേ ബിജെപിക്ക് മികച്ച പ്രതിച്ഛായ ഉണ്ടാക്കിക്കൊടുക്കാമെന്ന കാര്യം ‘ആചാര്യ അടലി’നോട് തലയാട്ടി സമ്മതിക്കുകയായിരുന്നു.

“ഞാൻ ഈ സ്ഥാപനത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് നിങ്ങളോട് പറയാം. ഈ കമ്പനിയുടെ ഉടമ രാജീവ് ചന്ദ്രശേഖർ എന്ന ജെന്റില്‍മാൻ ആണ്. ഞങ്ങൾ ബിജെപി അനുകൂലരാണ്. എന്നാൽ ഒരു മാധ്യമസ്ഥാപനമെന്ന നിലയ്ക്ക് സ്വാഭാവികമായും ഞങ്ങൾക്കത് തുറന്ന് സമ്മതിക്കാൻ കഴിയില്ല. ചില പരിമിതികൾ ഉണ്ട്. നിങ്ങൾക്ക് അറിയുന്നത് പോലെ ഈ ഐഡിയോളജി ഞങ്ങൾക്കുണ്ട്, സ്വതന്ത്രനായാണ് തുടങ്ങിയതെങ്കിലും ബിജെപിയോട് ചേർന്ന് പ്രവർത്തിക്കുന്ന അദ്ദേഹമിന്ന് കേരളത്തിലെ എൻഡിഎയുടെ ചുമതലക്കാരനാണ്”. തങ്ങളുടെ അജണ്ട പൂർത്തീകരിക്കപ്പെടുമോ എന്ന് ആചാര്യ അടൽ ആയി എത്തിയ കോബ്രാപോസ്റ്റിന്റെ റിപ്പോർട്ടറുടെ ചോദ്യത്തിന് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് നൽകിയ മറുപടിയാണ് ഇത്.

പൊതുജനസമക്ഷത്തിലേക്ക് ഈ വീഡിയോ പുറത്ത് വിട്ടതിന്റെ പിറ്റേ ദിവസം, തുറന്ന് കാട്ടപ്പെട്ട മറ്റെല്ലാ ദേശീയ മാധ്യമങ്ങളെയും പോലെ കന്നഡ പ്രഭയിലെ എല്ലാ എഡീഷനുകളിലും നിറഞ്ഞ് നിന്നത് മോദി സർക്കാരിന്റെ നാലു വർഷത്തെ ‘നേട്ടങ്ങൾ’ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള വമ്പൻ പരസ്യങ്ങൾ ആയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍