UPDATES

ട്രെന്‍ഡിങ്ങ്

എക്‌സിറ്റ് പോള്‍: ആശങ്കയില്‍ ബിജെപി, ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

രാജസ്ഥാന്‍ കൈവിടുന്നതും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അനിശ്ചിതത്വം നിലനില്‍ക്കുന്നതും ബിജെപിക്ക് വലിയ തിരിച്ചടിയാണ്‌

അടുത്തവര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന പ്രത്യേകതയായിരുന്നു വെള്ളിയാഴ്ച്ച അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പുകള്‍. ഇന്ത്യ ആര് ഭരിക്കും എന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളായിരുന്നു ഇന്നലെ ജനവിധി തേടിയത്. ജനഹിതം രേഖപ്പെടുത്തപ്പെട്ടതിനു പിന്നാലെ പുറത്തുവന്ന പ്രവചനങ്ങള്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപിയെ നിരാശപ്പെടുത്തുന്നുണ്ട്.

എക്‌സിറ്റ് പോളുകള്‍ പ്രകാരം ഇന്ത്യയുടെ ഹൃദയഭൂമികകളായ മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. രാജസ്ഥാന്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന് സുവ്യക്തമായി പറയുന്നുണ്ട് എക്‌സിറ്റ് പോളുകള്‍. റിപ്പബ്ലിക് ചാനല്‍ നേതൃത്വം കൊടുത്ത സര്‍വേയില്‍ ഒഴിച്ച് ബാക്കിയുള്ള എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന് രാജസഥാനില്‍ വമ്പന്‍ വിജയമാണ് പ്രവചിക്കുന്നത്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ജനം പൂര്‍ണമായി കൈവിട്ടു എന്നുതന്നെയാണ് വ്യക്തമാകുന്നത്. 200 അംഗ നിയമസഭയില്‍ ബിജെപിക്ക് ശരാരശരി 78 സീറ്റുകള്‍ മാത്രം കിട്ടാന്‍ സാധ്യത പറയുമ്പോള്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിനുള്ള സാധ്യതകളാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പറയുന്നത്. പത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കോണ്‍ഗ്രസിന് 110 സീറ്റുകളോളം കിട്ടുമെന്നു തന്നെയാണ് പറഞ്ഞിരിക്കുന്നത്. ബിജെപിയെസംബന്ധിച്ച് വലിയ തിരിച്ചടിയാണ് രാജസ്ഥാന്‍ കൈവിട്ടുപോകുന്നത്.

അതിലും വലിയ നിരാശയാകാം മധ്യപ്രദേശില്‍ പാര്‍ട്ടി അനുഭവിക്കുന്നത്. മധ്യപ്രദേശിലെ അധിപത്യം ഇത്തവണ ഭാരതീയ ജനത പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നുവെന്നാണ് എക്‌സിറ്റ് പോളുകളെല്ലാം പൊതുവായി പറയുന്നത്. മധ്യപ്രദേശ് ആര് ഭരിക്കുമെന്ന കാര്യത്തില്‍ കൃത്യമായൊരു പ്രവചനം ആരും നടത്തുന്നില്ല. ബിജെപിയും കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് വ്യത്യാസം മാത്രം. 230 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനുള്ള അവകാശം ഒരു പാര്‍ട്ടിക്കും എക്‌സിറ്റ് പോളുകള്‍ നല്‍കുന്നില്ല. പുറത്തു വന്ന ഒമ്പത് എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപി-കോണ്‍ഗ്രസ് അന്തരത്തില്‍ നനേരിയ ഏറ്റക്കുറച്ചിലുകളെ പറയുന്നുള്ളൂ. റിപ്പബ്ലിക് ടിവി-ജന്‍ കി ബാത്ത് സര്‍വേയില്‍ ബിജെപിക്ക് 108 മുതല്‍ 128 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിന് സാധ്യത പറയുന്നത് 85 മുതല്‍ 115 വരെയാണ്. ടൈംസ് നൗ-സിഎന്‍എക്‌സ് ബിജെപിക്ക് 126 ഉം കോണ്‍ഗ്രസിന് 89 ഉം ആണ് സീറ്റ് നില പറഞ്ഞിരിക്കുന്നത്. അതേസമയം റിപ്പബ്ലിക് ടിവി-സി വോട്ടര്‍ പറയുന്ന് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 110 മുതല്‍ 126 സീറ്റുകള്‍ വരെ നേടുമെന്നും ബിജെപിയുടെ സീറ്റ് നില 90 നും 106 നും ഇടയില്‍ നില്‍ക്കുമെന്നുമാണ്. എബിപി ന്യൂസ്-സിഎസ്ഡിഎസ് പ്രവചിക്കുന്നതും കോണ്‍ഗ്രസ് 126 സീറ്റുകള്‍ നേടുമെന്നാണ്. ബിജെപി 94 ഉം. ന്യൂസ് നേഷന്റെ എക്‌സിറ്റ് പോള്‍ പ്രവചനത്തിലും ചെറിയ വ്യത്യാസം മാത്രമാണ് ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ പറയുന്നത്. ബിജെപി 108 മുതല്‍ 112 വരെ നേടുമ്പോള്‍ കോണ്‍ഗ്രസ് 105 മുതല്‍ 109 വരെ നേടുമെന്നവര്‍ പറയുന്നു. ന്യൂസ് എക്‌സ്- നേറ്റ സര്‍വേയിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പറയുന്നത്. കോണ്‍ഗ്രസിന് 112 സീറ്റുകള്‍ പറയുന്നു, ബിജെപിക്ക് 106 ഉം. ഇന്ത്യ ടിവി-സിഎന്‍എക്‌സ് പ്രവചനത്തില്‍ ബിജെപിക്ക് 112-130 എന്ന നിലയില്‍ പറയുമ്പോള്‍ കോണ്‍ഗ്രസിന് 86 നും 92 നും ഇടയില്‍ സീറ്റുകളാണ്. ന്യൂസ് 24-പീസ് മീഡിയ കോണ്‍ഗ്രസിന് മുന്‍തൂക്കം പറയുന്നു. ബിജെപിയുടെ സീറ്റ് നില 103 ല്‍ ഒതുങ്ങുമ്പോള്‍ കോണ്‍ഗ്രസ് 125 സീറ്റുകള്‍ സ്വന്തമാക്കുമെന്നാണവരുടെ കണക്ക്, ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രകാരം കോണ്‍ഗ്രസ് മധ്യപ്രദേശില്‍ 104 മുതല്‍ 122 സീറ്റുകള്‍ വരെ നേടുമ്പോള്‍ ബിജെപി തൊട്ടു പിന്നിലായി 102 മുതല്‍ 120 വരെ സീറ്റുകളായിരിക്കും സ്വന്തമാക്കുക എന്നാണ് പറയുന്നത്.

മധ്യപ്രദേശില്‍ തൂക്ക് സഭയ്ക്ക് സാധ്യത കല്‍പ്പിക്കുന്ന സര്‍വേകള്‍ കോണ്‍ഗ്രസിന് ആത്മിവിശ്വാസം നല്‍കുന്നതാണ്. തുടര്‍ഭരണം കൈയാളി വരുന്ന ബിജെപിക്ക് മധ്യപ്രദേശില്‍ ഇത്തവണ കാലിടറുന്നുണ്ടെങ്കില്‍ അതിന്റെ പ്രതിഫലനം 2019 ലെ പൊതുതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഒരുപക്ഷേ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞേക്കാമെങ്കിലും പാര്‍ട്ടിയുടെ സ്വാധീനം മധ്യപ്രദേശില്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് ബിജെപിയെ ഏറെ അലട്ടും. കോണ്‍ഗ്രസുമായി നേരിയ വ്യത്യാസം മാത്രമാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ബിജെപി എതിര്‍ക്കുന്നവരും പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്താല്‍ ഇനിയൊരു ഊഴം ഇല്ലാതെ ശിവരാജ് ചൗഹാനു പടിയിറങ്ങേണ്ടി വരികയും കാലങ്ങള്‍ക്കുശേഷം ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി മധ്യപ്രദേശില്‍ ഉണ്ടാവുകയും ചെയ്യും. സംസ്ഥാന ഭരണം പോകുന്നതിനെക്കാള്‍ തിരിച്ചടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടാവുകയും ചെയ്യും.

മധ്യപ്രദേശിലെ അതേ അവസ്ഥയാണ് ഛത്തീസ്ഗഢിലും. ഇവിടെയും ബിജെപി നിരാശയിലാണ്. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പറയുന്ന സീറ്റ് നിലകളില്‍ അധിക വ്യത്യാസങ്ങളില്ല. പുറത്തുവന്ന ഒമ്പത് എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും നേരിയ മുന്‍തൂക്കം ബിജെപികക് നല്‍കുന്നുണ്ടെങ്കില്‍ പോലും പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്ന നിലയിലല്ലത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 46 സീറ്റുകള്‍ ബിജെപിക്ക് അത്ര ഉറപ്പോടെ ആരും പറയുന്നില്ല. അതേസമയം ഛത്തീസ്ഗഢില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സൂചനയ്ക്ക് ബലവും ഉണ്ട്. ബിഎസ്പിയുടെ സാന്നിധ്യവും ഇവിടെ നിര്‍ണായകമാകും. ഒപ്പം മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗിയും. പ്രതിപക്ഷ ഐക്യം ഛത്തീസ്ഗഢിലും സംഭവിച്ചാല്‍ രമണ്‍ സിംഗ് സര്‍ക്കാരിന് അടുത്ത ടേം കിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍