UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആർഎസ്എസ് ഭീഷണി: ചരിത്രകാരി ആൻഡ്രി ട്രൂഷ്കെയുടെ പ്രഭാഷണം റദ്ദാക്കി

ആൻഡ്രി ട്രൂഷ്കെ വിവാദങ്ങളിൽ‌ പെട്ടിട്ടുള്ളതിനാലാണ് പരിപാടി റദ്ദാക്കാൻ തീരുമാനിച്ചതെന്ന ന്യായമാണ് ബിർല സയൻസ് സെന്റർ പറഞ്ഞത്.

ഹൈദരാബാദിൽ സംഘടപ്പിക്കാനിരുന്ന, പ്രശസ്ത ചരിത്രകാരി ആൻഡ്രി ട്രൂഷ്കെയുടെ പ്രഭാഷണം റദ്ദാക്കി. ഓഗസ്റ്റ് 11ന് നടക്കേണ്ടിയിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. കൃഷ്ണകീർത്തി ഫൗണ്ടേഷൻ കലാകീർത്തി ആർട്ട് ഗാലറിയാണ് പരിപാടി റദ്ദാക്കിയത്.

സ്ഥലസൗകര്യമില്ലെന്നും ചില സംഘടനകൾക്ക് പരിപാടി നടത്തുന്നതിനോട് വിയോജിപ്പുണ്ടെന്നുമാണ് കാരണമായി സംഘടന പറഞ്ഞത്. തങ്ങൾക്ക് പരിപാടി നടത്താൻ സാധിക്കില്ലെന്നു വന്നപ്പോൾ ബിർ‌ല സയൻസ് സെന്റർ പരിപാടി ഏറ്റെടുത്തിരുന്നെന്നും എന്നാൽ ഭീഷണിയെത്തുടർന്ന് അവരും പിൻവാങ്ങിയെന്നും കൃഷ്ണകീർത്തി ഫൗണ്ടേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

‘Unpopular Stories: Narrating the Indo-Islamic Past and Navigating Present-day Prejudices’ എന്നതായിരുന്നു പ്രഭാഷണത്തിന്റെ വിഷയം. മധ്യകാല ഇന്ത്യൻ ചരിത്രത്തിൽ പണ്ഡിതയാണ് ഇവർ. ഇവരുടെ വാദങ്ങൾ സംഘപരിവാറിന് രുചിച്ചിരുന്നില്ല. ഇപ്പോഴത്തെ ഭീഷണി വന്നിരിക്കുന്നത് ആർഎസ്എസ്സിൽ നിന്നും, സംഘപരിവാർ അഫിലിയേറ്റഡ് സംഘടനയായ ബജ്റംഗ് ദളിൽ നിന്നുമാണെന്ന് അറിയുന്നു.

ആൻഡ്രി ട്രൂഷ്കെ വിവാദങ്ങളിൽ‌ പെട്ടിട്ടുള്ളതിനാലാണ് പരിപാടി റദ്ദാക്കാൻ തീരുമാനിച്ചതെന്ന ന്യായമാണ് ബിർല സയൻസ് സെന്റർ പറഞ്ഞത്. തങ്ങൾക്ക് ഭീഷണികളൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.

അമേരിക്കയിൽ നിന്നുള്ള ഈ ചരിത്രകാരി ഇൻഡോളജയിൽ അഗാധ പാണ്ഡിത്യമുള്ളയാളാണ്. സംസ്കൃതസാഹിത്യത്തിൽ ഇവർ ഏറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്. മധ്യകാല ഇന്ത്യയിലെ മുഗൾ ഭരണകാലവും അന്നത്തെ സംസ്കൃതസ്വാധീനങ്ങളുമാണ് ആൻഡ്രി ട്രൂഷ്കെയുടെ പ്രധാന പഠനവിഷയങ്ങൾ.

പരിപാടി റദ്ദാക്കിയതിനെക്കുറിച്ച് സംഘാടകർ പറയുന്നതിനു വിരുദ്ധമാണ് ആന്‍ഡ്രി ട്രൂഷ്കെയുടെ വിവരണം. ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ട്രൂഷ്കെ പറയുന്നത് ബിജെപി, ആർഎസ്എസ് സംഘടനകള്‍ തന്റെ പ്രഭാഷണത്തിനെതിരെ കത്തുകളെഴുതിയിരുന്നെന്നും അവയിലൊന്ന് താൻ കാണാനിടയായെന്നും ആൻഡ്രി പറയുന്നു.

അക്കാദമിക സ്വാതന്ത്ര്യത്തിനും അറിവിനു വേണ്ടിയുള്ള അലച്ചിലുകൾക്കും ഇന്നൊരു മോശം ദിവസമാണെന്നും ഹിന്ദുരാഷ്ട്രത്തിന്റെ വക്താക്കൾക്ക് ഇത് ആഹ്ലാദത്തിന്റെ ദിവസമാണെന്നും ആൻഡ്രി കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍