UPDATES

‘ഭീകരതയ്ക്കെതിരെ ഫലപ്രദമായ നടപടിക്ക് പാകിസ്താൻ അടിയന്തിരമായി തയ്യാറാകണം’: ഓസ്ട്രേലിയ

പുൽവാമ ഭീകരാക്രമണത്തിനു ശേഷം വിദേശരാജ്യങ്ങളെ തങ്ങളുടെ നിലപാട് ബോധ്യപ്പെടുത്താനുള്ള നയതന്ത്ര ശ്രമങ്ങൾ ഇന്ത്യ നടത്തിവരികയാണ്.

തങ്ങളുടെ രാജ്യത്തെ ഭീകരവാദ സംഘങ്ങള്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടിയെടുക്കാൻ പാകിസ്താൻ തയ്യാറാകണമെന്ന് ഓസ്ട്രേലിയ. ജയ്ഷെ മൊഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നീ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞാണ് ശക്തമായ വാക്കുകളുപയോഗിച്ചുള്ള പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി മാരിസ് പയേൻ ആണ് പ്രസ്താവന പുറത്തിറക്കിയത്. ‘ജയ്ഷെ മൊഹമ്മദിനെതിരെ തങ്ങള്‍ പ്രഖ്യാപിച്ച നിരോധനം നടപ്പാക്കാൻ പാകിസ്താൻ തയ്യാറാകണം. തങ്ങളുടെ രാജ്യത്തിന്റെ നിയമത്തിൻകീഴിലുള്ള പ്രദേശങ്ങളിൽ ഭീകരവാദ സംഘങ്ങൾ പ്രവർത്തിക്കുന്നത് പാകിസ്താൻ ഇനിയും അനുവദിച്ചുകൂടാ.’ ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താന പറഞ്ഞു.

പുൽവാമ ആക്രമണത്തിനു ശേഷം നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണയുമായി എത്തിയിരുന്നു. എങ്കിലും ഫ്രാൻസിനു ശേഷം ഇതാദ്യമായാണ് ഒരു വിദേശരാജ്യം ഇത്രയും തുറന്ന വാക്കുകളുമായി പിന്തുണയറിയിച്ച് രംഗത്തു വരുന്നത്. ഇന്ത്യയുടെ ഇപ്പോഴത്തെ വൈകാരികാവസ്ഥ തനിക്ക് മനസ്സിലാക്കാനാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും പ്രസ്താവിച്ചിരുന്നു. ഇന്ത്യക്ക് തിരിച്ചടിക്കാനുള്ള ധാർമികമായ അവകാശമുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

പുൽവാമ ഭീകരാക്രമണത്തിനു ശേഷം വിദേശരാജ്യങ്ങളെ തങ്ങളുടെ നിലപാട് ബോധ്യപ്പെടുത്താനുള്ള നയതന്ത്ര പരിപാടികൾ ഇന്ത്യ നടത്തിവരികയാണ്. ഇന്നത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് 12 രാജ്യങ്ങളുമായി ആശയവിനിമയം നടത്തുകയുണ്ടായി ഇന്ത്യ. ആസിയാൻ രാജ്യങ്ങളെക്കൂടാതെ യുഎസ്, യുകെ, റഷ്യ, ഓസ്ട്രേലിയ, ഇന്തോനീഷ്യ, തുടർക്കി എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ ആശയവിനിമയം നടത്തിയത്.

പാകിസ്താനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചൈനയും പരസ്യമായി ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടാണ് അന്തർദ്ദേശീയ വേദികളിൽ എടുത്തത്. ഐക്യരാഷ്ട്രസഭാ രക്ഷാ കൗൺസിലിൽ പാകിസ്താനിലെ ജെയ്ഷെ മൊഹമ്മദ് അടക്കമുള്ള സംഘടനയ്ക്കെതിരെ ഫ്രാൻസിന്റെ നേത്വത്തിൽ അവതരിപ്പിക്കപ്പെട്ട പ്രസ്താവനയിൽ ചൈന ഒപ്പു വെച്ചിരുന്നു. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ചൈനയെ ഈ വഴിക്കെത്തിക്കാൻ കഴിഞ്ഞത് ഒരു വലിയ നയതന്ത്ര വിജയമായാണ് കണക്കാക്കേണ്ടത്.

യൂറോപ്യൻ യൂണിയനും പുൽവാമ ആക്രമണത്തെ അപലപിച്ചിരുന്നു.

ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ഓസ്ട്രേലിയ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇരുവരുടെ ഭാഗത്തു നിന്നുമുള്ള ഏതു തരം നടപടിയും മേഖലയിലെ സമാധാനാന്തരീക്ഷം ഒട്ടാകെ തകർക്കുമെന്ന് ഓസ്ട്രേലിയ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ സമാധാനപരമായി തീർക്കാൻ സംഭാഷണങ്ങളിലേർപ്പെടാനും ഓസ്ട്രേലിയ നിർദ്ദേശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍