UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരയ്‌ക്കടുക്കാറായോ ഈ ‘ധോണി’? ഇന്ത്യക്കു വീണ്ടും തോല്‍വി

ആര്‍ ഉണ്ണികൃഷ്ണന്‍

ഇനിയെന്ത് ചെയ്യണം ഇന്ത്യ ഒന്ന് ജയിച്ചു കാണാന്‍. ഇന്നത്തെ ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനു ശേഷം ബഹുഭൂരിപക്ഷം ഇന്ത്യന്‍ ആരാധകരുടെയും മനസ്സില്‍ ഉദിച്ച ഒരേയൊരു ചോദ്യം ഇതുതന്നെ ആയിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുന്നൂറിനു മേല്‍ സ്‌കോര്‍ ചെയ്തിട്ടും ഇന്ത്യയെ പരാജയം വിട്ടൊഴിയുന്നില്ല. ഇന്ത്യക്കു തൊട്ടതെല്ലാം പിഴക്കുന്നതിനാണ് ബ്രിസ്‌ബെനും സാക്ഷ്യം വഹിച്ചത്. രോഹിത് ശര്‍മ്മ സെഞ്ചുറി കുറിച്ചിട്ടും ഏഴ് വിക്കറ്റിന്റെ കനത്ത തോല്‍വിയാണ് ഇവിടെയും ഇന്ത്യക്കായി കാത്തിരുന്നത്. ജയത്തോടെ അഞ്ചു മത്സര ഏകദിന പരമ്പരയില്‍ 2-0 എന്ന വ്യക്തമായ ലീഡ് നേടാന്‍ ആതിഥേയര്‍ക്കായി. നിലവിലെ സാഹചര്യത്തില്‍ അപ്രാപ്യമായ വെല്ലുവിളിയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത് പരമ്പര കൈവിട്ടു പോകാതിരിക്കണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ജയിക്കുക എന്ന ബാലി കേറാ മല.

തനിയാവര്‍ത്തനം ഈ പരാജയം

ഇന്ത്യ ടോസ് നേടുന്നു. ആദ്യം ബാറ്റ് ചെയ്യുന്നു. മുന്നൂറിനുമേലെ സ്‌കോര്‍ ചെയ്യുന്നു. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി. ബെയ്‌ലി-സ്മിത്ത് കൂട്ടുകെട്ട്. ഓസ്ട്രലിയന്‍ വിജയം.

മേല്‍ പറഞ്ഞത് പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തിനെ കുറിച്ചാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ബ്രിസ്‌ബേനിലെ രണ്ടാം ഏകദിനം ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പെര്‍ത്തിന്റെ ‘കാര്‍ബണ്‍ കോപ്പി’ ആയിരുന്നു.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി റണ്‍ ഒഴുകുമെന്ന് വിലയിരുത്തപ്പെട്ട പിച്ചില്‍ നിസ്സംശയം ബാറ്റിംഗ് തിരഞ്ഞെടുത്തു. തുടക്കത്തിലേ ധവാനെ നഷ്ടമായ ഇന്ത്യക്കു പെര്‍ത്തിലേത് പോലെ രോഹിത്-കോഹ്ലി കൂട്ടുകെട്ട് രക്ഷക്കെത്തി. രണ്ടാം വിക്കറ്റില്‍ 125 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ ജോഡി നിലയുറപ്പിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് ഇല്ലാത്ത രണ്ടാം റണ്ണിനായി ഓടി ഇന്ത്യന്‍ ഉപനായകന്‍ പുറത്തായത്. മികച്ച ഫോമില്‍ കളിച്ച കോഹ്ലി 67 പന്തില്‍ നിന്നും 59 റണ്‍സെടുത്തു. പിന്നീടെത്തിയ രഹാനെ, കൂറ്റന്‍ അടികള്‍ക്കു തുനിയാതെ തന്നെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതാണ് കണ്ടത്. ഒരറ്റത്ത് രോഹിത് തന്റെ ‘ക്ലാസ്’ കെട്ടഴിച്ചു വിടുമ്പോഴും സിംഗിളും ഡബിളും കണ്ടെത്തുന്നതിലായിരുന്നു രഹാനയുടെ ശ്രദ്ധ.


ആക്രമണവും പ്രതിരോധവും നിറഞ്ഞതായിരുന്നു രോഹിത് ശര്‍മ്മയുടെ ഇന്നിങ്ങ്‌സ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ റണ്‍ റേറ്റ് താഴെ പോകാതിരിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു. 175 മിനിറ്റ് ക്രീസില്‍ നിന്ന രോഹിത് 127 പന്തില്‍ നിന്നും 11 ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 124 റണ്‍സ് നേടിയത്. കോപ്പി ബുക്ക് ശൈലിയില്‍ കളിച്ച രോഹിതിന്റെ പുറത്താകല്‍ ഏറെ നിര്‍ഭാഗ്യം നിറഞ്ഞതായിരുന്നു. രഹാനെയുടെ സ്‌ട്രെയിറ്റ് ഡ്രൈവ് ഫോക്‌നറുടെ ഫോളോത്രൂവില്‍ സ്റ്റമ്പില്‍ തട്ടി രോഹിത് റണ്ണൗട്ട് ആകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 43-ം ഓവറില്‍ 255 റണ്‍സ്. മൂന്നാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ മുംബൈ താരങ്ങള്‍ പടുത്തുയര്‍ത്തിയത്. ഫിനിഷറുടെ റോളില്‍ എത്തിയ ധോണിയുടെ ആ പഴയ ഹെലികോപ്റ്റര്‍ ഷോട്ടിന്റെ ചിറകൊടിഞ്ഞിരിക്കുന്നു എന്ന് പറയാതെ നിവര്‍ത്തി ഇല്ല. തുടരെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യന്‍ നായകന്‍ നേടിയത് 10 പന്തില്‍ നിന്നും 11 റണ്‍സ് മാത്രം. പിന്നെട് എത്തിയവര്‍ക്കും വേണ്ട പോലെ തിളങ്ങാന്‍ സാധിച്ചതുമില്ല. അജിങ്ക്യ രഹാനയുടെ വീരോചിത പ്രകടനമാണ് ഇന്ത്യന്‍ സ്‌കോറിങ്ങിന് അവസാന സമയത്ത് ജീവന്‍ പകര്‍ന്നത്. 80 പന്തില്‍ നിന്നും 89 റണ്‍സെടുത്ത രഹാനെ, 49-ം ഓവറില്‍ ഫോക്‌നറെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്മിത്ത് പിടിച്ച് പുറത്താവുകയായിരുന്നു.

വാര്‍ണറുടെ അഭാവത്തില്‍ ഷോണ്‍ മാര്‍ഷാണ്, ഫിഞ്ചിനു കൂട്ടായി ഓസ്ട്രലിയയുടെ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്തത്. കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ ഇന്ത്യന്‍ ബോളിംഗ് നിരയിലെത്തി. എങ്കിലും കാര്യങ്ങള്‍ പെര്‍ത്തിലേതു പോലെ തന്നെ തുടര്‍ന്നു. വിക്കറ്റ് വീഴ്ത്തുന്നതില്‍ മടി കാണിച്ച ഇന്ത്യന്‍ ബോളര്‍മാരെ കണക്കിന് പ്രഹരിച്ച ഓസ്ട്രലിയന്‍ ഓപ്പണിംഗ് ജോടികള്‍ ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ 145 റണ്‍സ് എടുത്തു. യഥേഷ്ടം എക്‌സ്ട്രാസും വഴങ്ങുന്നതില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ മുന്നിട്ടു നിന്നു. 19 അധിക റണ്‍സ് ഇക്കൂട്ടത്തില്‍ പെടും. ആദ്യ വിക്കറ്റ് വീണപ്പോള്‍ ക്രീസില്‍ എത്തിയ ഓസീസ് നായകന്‍ സ്മിത്തും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് യാതൊരു പഴുതും നല്‍കാതെ മുന്നേറി. 30-ാം ഓവറില്‍ മാര്‍ഷ് പുറത്തായപ്പോള്‍ എത്തിയ ബെയ്‌ലി സ്മിത്തിന് പറ്റിയ കൂട്ടാളിയായി മാറി. ഈ കൂട്ടുകെട്ട് 11 ഓവറില്‍ 78 റണ്‍സ് അടിച്ചുകൂട്ടി. 76 റണ്‍സെടുത്ത ബെയ്‌ലിയാണ് ഓസ്ട്രലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ ഷോണ്‍ മാര്‍ഷും ആരോണ്‍ ഫിഞ്ചും 71 റണ്‍സ് വീതമെടുത്ത് പുറത്തായി. സ്മിത്ത് 46, ഗ്ലെന്‍ മാക്‌സ്വേല്‍ 26 എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബെയ്‌ലി-മാക്‌സ വെല്‍ സഖ്യം 65 റണ്‍സ് ചേര്‍ത്തു. ഇന്ത്യക്കായി ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ത്യ പരാജയപ്പെട്ടെങ്കിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് കളിയിലെ താരം. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച മെല്‍ബണില്‍ നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍