UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യക്കും ധോണിക്കും ജയിച്ചേ തീരൂ

Avatar

ഉണ്ണികൃഷ്ണന്‍ ആര്‍

പരമ്പരയിലെ രണ്ടാം അങ്കത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയയും നാളെ ബ്രിസ്‌ബേനില്‍ കൊമ്പു കോര്‍ക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മഹേന്ദ്ര സിംഗ് ധോണി എന്ന ഇന്ത്യന്‍ നായകന്‍ ആഗ്രഹിക്കുന്നില്ല. ഈ മത്സരവും തോറ്റാല്‍ തിരിച്ചുവരവ്, അതും ഓസ്‌ട്രേലിയയെ പോലെ മികച്ച ഫോമില്‍ നില്‍ക്കുന്ന ടീമിനോട് സംഭവിക്കുക ഏറെക്കുറെ അസാധ്യമാണ്. അങ്ങനെയെങ്കില്‍ പരമ്പരനേട്ടം എന്ന ആഗ്രഹം നാളെ കൊണ്ട് മറന്നേക്കണം. ഈ പരമ്പര കൂടി കൈവിട്ടാല്‍ അത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളുടെ പടിയിറങ്ങളിന്റെ വേഗത കൂട്ടും. ലോകകപ്പ് സെമിഫൈനല്‍ പ്രവേശനം മാറ്റി നിര്‍ത്തിയാല്‍ കഴിഞ്ഞ വര്‍ഷം ഒരു പരമ്പര നേട്ടം പോലും മറയാനില്ല മഹിക്ക്. താന്‍ കൈമാറിയ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ വിരാട് കോഹ്‌ലി വിജയവഴിയിലുമാണ്. കാറ്റ് അനുകൂലമല്ലെങ്കില്‍ ധോണിയുടെ തലയില്‍ നിന്നും ഏകദിന നായകന്റെ തൊപ്പികൂടി കോഹ്‌ലി താമസിയാതെ സ്വന്തമാക്കും. ട്വന്റി-20 ലോകകപ്പ് വരെ കാര്യമായ പരിക്ക് ഏല്‍ക്കില്ലെങ്കിലും മാന്യമായൊരു പടിയിറക്കത്തിന് ധോണി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിന്നു തന്നെ ജയിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ജയിക്കുക എന്നതായിരിക്കും ക്യാപ്റ്റന്റെയും ടീം ഇന്ത്യയുടെയും ശ്രമം. ഇന്ത്യന്‍ സിമയം രാവിലെ 8:50നാണ് മത്സരം ആരംഭിക്കുന്നത്.

പരാജയപ്പെട്ട സ്പിന്നര്‍മാര്‍
ആദ്യ ഏകദിനത്തിനു ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പരാജയകാരണങ്ങളായി ധോണി ചൂണ്ടി കാട്ടിയ പ്രധാന പോരായ്മ സ്പിന്നേഴ്‌സ് അവസരത്തിനൊത്ത് ഉയര്‍ന്നില്ല എന്നതാണ്. തന്റെ സ്പിന്നേഴ്‌സിനു മോശം ദിവസം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഇന്ത്യന്‍ നായകന്‍ പറഞ്ഞത്. അശ്വിന്‍, രവീന്ദ്ര ജഡേജ കൂട്ടുകെട്ട് 18 ഓവറില്‍ 129 റണ്‍സാണ് ഓസ്ട്രലിയന്‍ ഇന്നിങ്ങ്‌സില്‍ വഴങ്ങിയത്. കളിയുടെ അവസാന ഘട്ടത്തില്‍ അശ്വിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി എന്നതൊഴിച്ച് കാര്യമായി ഓസ്േ്രടലിയന്‍ ബാറ്റസ്മാന്മാര്ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ സ്പിന്നേഴ്‌സിന് കഴിഞ്ഞില്ല. കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നു പോകുന്ന അശ്വിനില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നതൊരു അത്ഭുത പ്രകടനം തന്നെയാണ്. ജഡേജയ്ക്കും ഇത് ജീവന്മരണ പോരാട്ടം തന്നെയാണ്, അതും ടീമില്‍ മറ്റൊരു ഇടംകയ്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെ രൂപത്തില്‍ ഉള്ളത് കൊണ്ട്. ഇതിനെല്ലാം പുറമെ നാട്ടിലെ പുലികള്‍ വിദേശമണ്ണില്‍ അനങ്ങാതെ നില്‍ക്കുമെന്ന വിമര്‍ശനങ്ങളെ ശരിവയ്ക്കല്‍ കൂടിയാകും.

ടീം കോമ്പിനേഷന്‍
ഇന്ത്യ– ആദ്യ ഏകദിനത്തിലെ ടീം കോംമ്പിനേഷനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ബാറ്റിങ്ങില്‍ പ്രയാസപ്പെടേണ്ട ആവലാതികള്‍ ഇല്ല. എങ്കിലുംഅജിങ്ക്യ രഹാനെ എന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന താരത്തിന്റെ ബാറ്റിംഗ് പൊസിഷന്‍ ഇപ്പോഴും നിര്‍വചിക്കപെട്ടിട്ടില്ല. ടെസ്റ്റ് വിരമിക്കലിന് ശേഷം നാലാമനായി ബാറ്റുചെയ്യാന്‍ താത്പര്യം കാണിക്കുന്ന ധോണിക്കുവേണ്ടിയും, ഫിനിഷര്‍ എന്ന തലപ്പാവ് ഇല്ലാത്തതുകൊണ്ട് മാത്രം ഫിനിഷര്‍ സ്ഥാനത്തേക്ക് മാറേണ്ടി വരുന്നതിനാല്‍ ഈ മുന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ‘റണ്‍ മെഷിന്’ നഷ്ടമാകുന്നു. ഇതൊഴിച്ചാല്‍ ഇന്ത്യക്ക് ബാറ്റിംഗില്‍ വലിയ തലവേദനയ്ക്ക് ഇടമില്ല.

ചിന്തിക്കേണ്ടത് ബോളിങ്ങിനെ കുറിച്ചാണ്. ജഡേജയ്ക്ക് പകരം ഒരു ഫാസ്റ്റ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ എന്ന ചിന്ത ധോണിയുടെ മനസ്സില്‍ തെളിഞ്ഞാല്‍ റിഷി ധവാന് നറുക്ക് വീഴും. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച സ്രാന്‍ ടീമില്‍ തുടരും. വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപെട്ടെങ്കിലും ഭുവിയും ഉമേഷും ടീമില്‍ തുടരാന്‍ തന്നെയാണ് സാധ്യത. അങ്ങനെയെങ്കില്‍ ഗുര്‍കീറത്തും അക്ഷറും കാത്തിരിക്കേണ്ടി വരും. നിലവിലുള്ള സ്പിന്നറെ മാറ്റി മറ്റൊരു സ്പിന്നറെ ടീമില്‍ കൊണ്ട് വരാന്‍ എന്തായാലും ധോണി തുനിയില്ല.

ഓസ്‌ട്രേലിയ; കാര്യമായ പ്രശ്‌നങ്ങള്‍ ബാറ്റിങ്ങിലും ബോളിങ്ങിലും ഇല്ലായെങ്കിലും ടീമില്‍ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിതമായിരിക്കുകയാണ് കംഗാരുക്കള്‍. താത്കാലിക അവധിയില്‍ പ്രവേശിച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ നാലാം ഏകദിനം മുതലേ ലഭ്യമാവുകയുള്ളൂ എന്നതു അവരെസംബന്ധിച്ചു കനത്ത തിരിച്ചടി തന്നെയാണ്. അതും മികച്ച ഫോമില്‍ അദ്ദേഹം കളിക്കുന്ന ഈ സമയത്ത്. വാര്‍ണര്‍ക്ക് പകരക്കാരനായി ടെസ്റ്റ് താരം ഉസ്മാന്‍ ഖ്വാജയേ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ. തന്റെ രണ്ടാം വരവില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന ഖ്വാജ, ടെസ്റ്റ് ടീമിനു വേണ്ടി നടത്തിയ പ്രകടനങ്ങളും ഓസ്ട്രലിയന്‍ ടി 20 ലീഗായ ബിഗ് ബാഷില്‍ സിഡ്‌നി തണ്ടറിനു വേണ്ടി നടത്തിയ പോരാട്ടങ്ങളുമാണ് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഏകദിന ടീമിലേക്കുള്ള വഴി തുറന്നത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ വാര്‍ണര്‍ക്ക് പകരം, ടീമിനൊപ്പം ഇപ്പോഴുള്ള റിസര്‍വ് ബാറ്റ്‌സ്മാനായ ഷോണ്‍ മാര്‍ഷിനു നറുക്ക് വീഴാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഖ്വജയുടെ കാത്തിരിപ്പ് നീളും.

ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും രണ്ടാം ഏകദിനത്തിനുണ്ടാവില്ല. അദ്ദേഹത്തിന് വിശ്രമം അനുവദിച്ച സിലക്ടര്‍മാര്‍ പകരക്കാരനായി ജോണ്‍ ഹാസ്ടിംഗിനെ രണ്ടാം ഏകദിനത്തിനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ബോലണ്ടിനു പകരമായോ ജോയല്‍ പാരിസിന് പകരമോ കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ കളിക്കാനും സാധ്യതയുണ്ട്.

ശ്രദ്ധാകേന്ദ്രങ്ങള്‍
രോഹിത് ശര്‍മ– ഇന്ത്യയെ സംബന്ധിച്ച് ആദ്യ മത്സരം നല്‍കുന്ന പ്രധാന ശുഭ സൂചന രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും മിന്നുന്ന ഫോമാണ്. രോഹിത്തിന്റെ ഹാര്‍ഡ് ഹിറ്റിംഗ് ബാറ്റിംഗില്‍ തന്നെയാകും ഇക്കുറിയും ഇന്ത്യയുടെ പ്രതീക്ഷ. മികച്ച തുടക്കങ്ങള്‍ വലിയ ഇന്നിംഗ്‌സുകളാക്കാന്‍ രോഹിത് ശ്രമിക്കുന്നത് ഇന്ത്യക്ക്ഒരു പരിധി വരെ സുരക്ഷിതത്വം സമ്മാനിക്കുന്നു.

ബരീന്ദര്‍ സ്രാന്‍-അരങ്ങേറ്റ മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്രാന്‍ ആദ്യ ഓവറുകളില്‍ റണ്‍ നിയന്ത്രിക്കുന്നതില്‍ വിജയം കണ്ടിരുന്നു. വേഗത്തെക്കാളും നിയന്ത്രണത്തില്‍ ശ്രദ്ധ നല്‍കുന്ന സ്രാന്‍ ‘ഭാവിയുടെ സഹീര്‍’ എന്ന വിശേഷണം അന്വര്‍ത്ഥമാക്കാന്‍ പരിശ്രമം തുടരുക തന്നെ വേണം. ഇന്ത്യയുടെ പേസ് ബൗളിങ്ങിനെ നയിക്കാന്‍ പോന്ന പക്വതയാര്‍ന്ന് മനോഭാവം പ്രകടമാക്കിയ സ്രാനെ സംബന്ധിച്ച് ഈ ഓസ്ട്രലിയന്‍ പര്യടനം കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

സ്റ്റീവന്‍ സ്മിത്ത്-ഓരോ മത്സരം കഴിയുംതോറും പ്രകടന മികവു വര്‍ദ്ധിപ്പിക്കുന്ന ഈ യുവ ബാറ്റ്‌സ്മാന്‍, ഇന്ത്യക്കു സൃഷ്ട്ടിക്കുന്ന തലവേദന വളരെ വലുതാണ്. കഴിഞ്ഞ സമ്മറില്‍ ഇന്ത്യയെ ഒറ്റയ്ക്ക് പരാജയത്തിലേക്ക് തള്ളിയിട്ട സ്മിത്ത്, ഇത്തവണയും അതാവര്‍ത്തിക്കുന്നതിനാണ് പെര്‍ത്ത് സാക്ഷ്യം വഹിച്ചത്. ഏകദിനത്തില്‍ ഇന്ത്യക്കെതിരെ തുടര്‍ച്ചയായ രണ്ടാം ശതകം കുറിച്ച സ്മിത്ത്, ഇന്ത്യയെ തന്റെ ഇഷ്ടപ്പെട്ട എതിരാളികളായി മാറ്റിയിരിക്കുന്നു.

ജോര്‍ജ് ബെയ്‌ലി-കഴിഞ്ഞ മത്സരം ബെയ്‌ലിക്കു സമ്മാനിച്ച താര പരിവേഷം വലുതാണ്. പെര്‍ത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച ഓസ്ട്രലിയയ്ക്ക് കരുത്തു പകര്‍ന്നതില്‍ ബെയ്‌ലിയുടെ പങ്കു വളരെ വലുതാണ്. പ്രതീക്ഷിക്കാത്ത സമയത്ത് വമ്പന്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്ന ബെയ്‌ലി, സ്പിന്നിനെതിരെ മികച്ച രീതിയില്‍ കളിക്കുന്ന താരം കൂടിയാണ്.

ടീം ഇവരില്‍നിന്ന്
ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, മഹേന്ദ്ര സിംഗ് ധോണി, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, രവിന്ദ്ര ജഡേജ, റിഷി ധവാന്‍, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ബരീന്ദര്‍ സ്രാന്‍.

ഓസ്‌ട്രേലിയ; ഷോണ്‍ മാര്‍ഷ്, ഉസ്മാന്‍ ഖ്വാജ, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ജോര്‍ജ് ബെയ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോണ്‍ ഹസ്ടിംഗ്‌സ്, ജയിംസ് ഫോക്‌നര്‍, മാത്യു വെയ്ഡ്, സ്‌കോട്ട് ബോളണ്ട്, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ജോയല്‍ പാരിസ്, ജോഷ് ഹസല്‍വുഡ്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍