UPDATES

കളി തീര്‍ന്നെങ്കിലും കലിപ്പ് തീരുന്നില്ല

എതിരാളിയുടെ മുന്നിലും കൂളാകാന്‍ ധോണിയല്ല, കോഹ്‌ലി

 

കളത്തില്‍ ഇറങ്ങും മുന്നേ കളിക്കാര്‍ തമ്മില്‍ തുടങ്ങിയ വാക്‌പോരാട്ടങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനു വീറും വശിയും വിതറിയത്. സ്ലെഡ്ജിംഗില്‍ കുപ്രശസ്തരായ ഓസീസ് താരങ്ങള്‍ തങ്ങളുടെ എതിരാളികളെ മാനസികമായി തകര്‍ക്കാന്‍ എന്തും വിളിച്ചു പറയും. ഗ്രൗണ്ടിലും പുറത്തും. ആ തന്ത്രത്തില്‍ അവര്‍ ഒട്ടൊക്കെ വിജയിക്കുകയും ചെയ്യാറുണ്ട്.

എന്നാല്‍ ഇന്ത്യന്‍ പര്യടനത്തിന് എത്തിയ ഓസീസിന് പിഴച്ചു. അടിക്ക് അടി തിരച്ചടിയെന്ന മട്ടില്‍ കോഹ്‌ലിയും കൂട്ടരും. ഒന്നു പറഞ്ഞാല്‍ രണ്ട് എന്ന തരമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റേത്. പൊതുവെ കോപാകുലനായ ചെറുപ്പക്കാരനാണ്, അതിനൊപ്പം എതിരാളിയുടെ പ്രകോപനം കൂടിയായാല്‍ തീര്‍ന്നു. പലകാര്യങ്ങളിലും സമാനതയുണ്ടെങ്കിലും എതിരാളിയുടെ മുന്നില്‍ കൂളാകാന്‍ ധോണിയല്ല, കോഹ്‌ലി. ടെസ്റ്റ് പരമ്പര തുടങ്ങുന്നതിനു മുമ്പു തന്നെ വിരാട് അത് വ്യക്തമക്കിയതുമാണ്. അതു തന്നെ കളത്തിലും കണ്ടു. ഒന്നാം ടെസ്റ്റ് മുതല്‍ നാലാം ടെസ്റ്റിന്റെ മൂന്നാംദിവസം വരെ ഈ പോര്‍വിളി തുടര്‍ന്നുകൊണ്ടേയിരുന്നു; എല്ലാ അതിരുകളും വിട്ട്…

എന്നാല്‍ ഈ പോര്‍വിളി കളിയേയും കളിക്കാരെയും വിട്ടു വളര്‍ന്നു എന്നതാണു ശ്രദ്ധേയമായ മറ്റൊരു വസ്തുത. ഓസട്രേലിയന്‍ മാധ്യമങ്ങള്‍ കോഹ്‌ലിയെ ലക്ഷ്യംവച്ചു തുടരെ വാര്‍ത്തകള്‍ എഴുതി. പലപ്പോഴും അധിക്ഷേപകരമായ രീതിയിലേക്കും അതുമാറി. ഒരുഘട്ടത്തില്‍ വിരാടിനെയും ഡൊണാള്‍ഡ് ട്രംപിനേയും അവര്‍ താരതമ്യം ചെയ്‌തെഴുതി. എന്നാല്‍ ശക്തമായ തിരിച്ചടി അപ്പപ്പോള്‍ തന്നെ ഇന്ത്യയില്‍ നിന്നും ഉണ്ടായി.

നാലു ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ ഉണ്ടായ പ്രധാന ആരോപണങ്ങള്‍ ഇവയായിരുന്നു.

സ്മിത്തിന്റെ ഡിആര്‍എസ്
ബെംഗളൂരു ടെസ്റ്റിനിടയില്‍ ഔട്ട് ആണെന്ന അമ്പയര്‍ തീരുമാനത്തിനെതിരേ ഡിആര്‍എസ് ചോദിക്കാന്‍ സ്വന്തം ഡ്രസിംഗ് റൂമിലേക്ക് നോക്കി സഹായം തേടിയ ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെ ഒരര്‍ത്ഥത്തില്‍ കോഹ്‌ലി ഗ്രൗണ്ടില്‍ നിന്നും ചീത്തവിളിച്ച് ഓടിക്കുകയായിരുന്നു. സ്മിത്തിന്റെതു നാണംകെട്ട പരിപാടിയാണെന്നായിരുന്നു പരക്കെ വിമര്‍ശനം ഉണ്ടായത്. ആ ടെസ്റ്റിലെ തോല്‍വികൂടിയായപ്പോള്‍ ഓസീസിനു ക്ഷീണം കൂടി. അതേസമയം ഒന്നാം ടെസ്റ്റിലെ തോല്‍വിയുടെ ഭാരം ഇന്ത്യ ഇറക്കുകയും ചെയ്തു.

കോഹ്‌ലിയുടെ പരിക്ക്
റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ തോള്‍കുഴയ്ക്കു പരിക്കേറ്റത് കോഹ്‌ലിക്കു തിരിച്ചടിയായി. പരമ്പരയില്‍ ഒട്ടും ഫോമിലല്ലാതെ മങ്ങി നിന്ന കോഹ്‌ലിക്ക് പരിക്ക് നഷ്ടപ്പെടുത്തിയത് നാലാം ടെസ്റ്റ്. എന്നാല്‍ കോഹ്‌ലിയുടെ പരിക്ക് ഓസീസ് താരങ്ങള്‍ ആഘോഷിക്കുകയായിരുന്നു. നാലാം ടെ്‌സ്റ്റിനിടയില്‍ മാക്‌സ്വെല്ലും സ്മിത്തും കോഹ്‌ലിയുടെ പരിക്ക് അഭിനയിച്ചു കാണിക്കുന്നത് ലോകം മുഴുവന്‍ കണ്ടു.പക്ഷേ കോഹ്‌ലി വെറുതെയിരുന്നോ? ഓസട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ പുറത്തായപ്പോള്‍ കോഹ്‌ലി നല്‍കിയ യാത്രയയപ്പ് തനിക്കെതിരേയുള്ള ആക്ഷേപത്തിനുള്ള ചുട്ടമറുപടിയായിരുന്നു.


കോഹ്‌ലിയും ട്രംപും
ഇന്ത്യന്‍ ക്യാപ്റ്റനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ എഴുതി കൊണ്ടിരുന്നത്. ആ വിമര്‍ശനമാണ് വിരാടിനെ കായികരംഗത്തെ ഡൊണാള്‍ഡ് ട്രംപ് ആണെന്നു പരിഹസിക്കുന്നതില്‍ വരെയെത്തിയത്. തന്റെ വീഴ്ചകളെ മറച്ചുവയ്ക്കാന്‍ ട്രംപ് മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതു പോലെയാണു കോഹ്‌ലിയുടെ പെരുമാറ്റമെന്നും അവര്‍ എഴുതി.

എന്നാല്‍ അമിതാബ് ബച്ചന്‍, യുവരാജ് സിംഗ് അടക്കമുള്ളവരുടെ കടുത്ത ട്രോളുകളാണ് ഈ വാര്‍ത്തയുടെ പേരില്‍ ഓസീസ് മാധ്യമം നേരിടേണ്ടി വന്നത്.

കോഹ്‌ലിയുടെ പരിക്ക് ഐപിഎല്‍ കളിക്കാന്‍
മുന്‍ ഓസ്‌ട്രേലിയന്‍ താരവും ഐപിഎല്‍ കോച്ചുമായ ബ്രാഡ് ഹോജ് കടുത്ത ആരോപണവുമായി രംഗത്തു വന്നത് കോഹ്‌ലിക്കു പരിക്കേറ്റതിനു പിന്നാലെയാണ്. വിരാട് പരിക്ക് അഭിനയിക്കുകയാണെന്നും ഐപിഎല്ലില്‍ കളിക്കാന്‍ വേണ്ടിയാണ് ടെസ്റ്റില്‍ നിന്നും ഒഴിവായതെന്നും ഹോജ് ആരോപിച്ചു. വൃത്തികെട്ട നടപടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റേതെന്നും ഈ പരിക്ക് ഗുരുതരമാണെങ്കില്‍ ഏപ്രില്‍ 5 നു നടക്കുന്ന ഐപിഎല്‍ മാച്ചില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരേ നടക്കുന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓപ്പണറായി കോഹ്‌ലിയെ കാണില്ലെന്നും ഹോജ് വെല്ലുവിളിച്ചു.

സ്മിത്തിന്റെ തെറിവിളി
ധര്‍മശാല ടെസ്റ്റിന്റെ മൂന്നാംദിവസം ഡ്രസിംഗ് റൂമില്‍ ഇരുന്ന് ഇന്ത്യന്‍ താരം മുരളി വിജയിനെ പരസ്യമായി തെറിവിളിക്കുന്ന ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെ ലോകം മുഴുവന്‍ കേട്ടു. ഹസല്‍വുഡിന്റെ ക്യാച്ച് എടുത്ത വിജയ് ഓസീസ് ടീം ഓള്‍ ഔട്ടായെന്ന ധാരണയില്‍ തിരിഞ്ഞു നടന്നിരുന്നു. എന്നാല്‍ പന്ത് നിലത്തുമുട്ടിയതായി കണ്ട് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചു. ഇതുകണ്ടാണ് സ്മിത്ത് കോപാകുലനായി വിജയെ തെറിവിളിച്ചത്.

ഒടുവില്‍ കളത്തിലെ പോരാട്ടത്തില്‍ ഓസട്രേലിയയെ മുട്ടുകുത്തിച്ച് ഇന്ത്യ പരമ്പരയും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും സ്വന്തമാക്കി. സ്മിത്തും സംഘവും തലകുനിച്ചു.

പക്ഷേ കാര്യങ്ങള്‍ അവിടെകൊണ്ട് തീര്‍ന്നോ? കളി തീര്‍ന്നിട്ടും കലിപ്പ് തീര്‍ന്നിട്ടില്ല.

സംഭവിച്ചതിനെല്ലാം മപ്പ് ചോദിക്കാന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ തയ്യാറായെങ്കിലും ഒന്നും പൊറുക്കാന്‍ അത്രവേഗം കഴിയില്ലെന്ന നിലപാടിലാണു കോഹ്‌ലി. തന്റെ ഭാഗത്തു നിന്നും ടീമിന്റെ ഭാഗത്തു നിന്നും ഇതുവരെയുണ്ടായ മോശം പെരുമാറ്റങ്ങള്‍ക്കെല്ലാം മാപ്പ് ചോദിച്ച സ്മിത്ത്, ഒരു കാര്യത്തില്‍ ബിസിസിഐയെ കുറ്റപെടുത്താനും മറന്നില്ല. ധര്‍മശാല ടെസ്റ്റിനിടയില്‍ വേഡും ജഡേജയും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ടതു തെറ്റായി പോയെന്നാണു സ്മിത്ത് പറയുന്നത്.

എന്നാല്‍ സ്മിത്തിനെ പോലെ കോഹ് ലിയോട് ക്ഷമിക്കാന്‍ മുന്‍ താരമായ മിച്ചല്‍ ജോണ്‍സണ്‍ തയ്യാറായിട്ടില്ല. കോഹ്‌ലിക്കു പകരം രഹാനെ ഇന്ത്യന്‍ ക്യാപ്റ്റനായി തുടരണമെന്നാണു ജോണ്‍സണ്‍ പറയുന്നത്. കളിക്കളത്തില്‍ താരങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനില്‍ക്കാന്‍ ഇന്ത്യക്ക് അതാണു ഗുണം ചെയ്യുന്നതെന്നു പറയുമ്പോള്‍ ജോണ്‍സണു വിരാടിനോടുള്ള ദേഷ്യം തീര്‍ന്നിട്ടില്ലെന്നു തന്നെയാണു വ്യക്തം.

പക്ഷേ ഓസീസ് നായകനെ പോലെ മയപ്പെടാന്‍ ഇന്ത്യന്‍ നായകന്‍ തയ്യാറായിട്ടില്ല.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇനിയൊരിക്കലും തന്റെ നല്ല സുഹൃത്തുകളല്ലെന്നാണു വിരാട് തുറന്നടിച്ചത്. പരമ്പരയ്ക്കു ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്, കളത്തിന് പുറത്ത് ഓസീസ് താരങ്ങള്‍ മികച്ച സുഹൃത്തുക്കളാണെന്ന് ടെസ്റ്റ് പരമ്പരയുടെ തുടക്കത്തില്‍ പങ്കുവച്ച അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തോടുള്ള മറുപടിയിലാണ് ഇന്ത്യന്‍ നായകന്‍ നിലപാട് വ്യക്തമാക്കിയത്. കളത്തിനുള്ളില്‍ നടക്കേണ്ട പോരാട്ടം പുറത്തേക്കും വ്യാപിപ്പിച്ച ഓസീസിനോട് ഇനി നല്ലവാക്കുകള്‍ പറയാന്‍ താന്‍ ഇല്ലെന്നാണു വിരാട് കോഹ്‌ലി വ്യക്തമാക്കുന്നത്. ഒന്നും ഇവിടംകൊണ്ട് തീരുന്നില്ല…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍