UPDATES

മുസ്ലീങ്ങള്‍ മാത്രമല്ല ഇന്ത്യയില്‍ പള്ളി നിര്‍മ്മിച്ചതെന്ന് സുപ്രീം കോടതിയില്‍ രാജീവ് ധവാന്‍ – അയോധ്യ കേസില്‍ വാദം പൂര്‍ത്തിയാകുന്നു

കേരളത്തില്‍ ക്ഷേത്രത്തിനടുത്ത് കുരിശുകള്‍ കാണാം. എന്ന് വച്ച് ക്ഷേത്രം ക്ഷേത്രമല്ലാതാകുമോ? – ധവാന്‍ ചോദിച്ചു. ഹിന്ദു വിഭാഗങ്ങളുടെ വാദങ്ങള്‍ നിയമപരമല്ല, അത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളത്.

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ കേസില്‍ ഒക്ടോബര്‍ 18ന് വാദം പൂര്‍ത്തിയാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് പറഞ്ഞത്. സുപ്രീം കോടതി നിയമിച്ച സമിതിയിലൂടെ മധ്യസ്ഥതയ്ക്കുള്ള ശ്രമങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ആവശ്യമെങ്കില്‍ ശനിയാഴ്ചകളില്‍ ഒരു മണിക്കൂര്‍ വീതം വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാരയും മധ്യസ്ഥ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്റേയും നിര്‍മോഹി അഘാരയുടേയും കത്തുകളില്‍ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ട് മീഡിയേഷന്‍ പാനല്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അയോധ്യയിലെ തര്‍ക്ക ഭൂമി സുന്നി വഖബ് ബോര്‍ഡിനും നിര്‍മോഹി അഘാരയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോതി വിധി ചോദ്യം ചെയ്താണ് ഹിന്ദു, മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 14 ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. ഓഗസ്റ്റ് ആറ് മുതലാണ് സുപ്രീം കോടതി വാദം കേട്ടുതുടങ്ങിയത്. രാമക്ഷേത്രത്തെ അനുകൂലിക്കുന്നവരുടെ വാദം 16 ദിവസം കൊണ്ട് പൂര്‍ത്തിയായി പള്ളിയെ അനുകൂലിക്കുന്നവരുടെ വാദമാണ് തുടരുന്നത്.

പ്രദേശത്ത് നിന്ന് കണ്ടെടുത്തായി പറയപ്പെടുന്ന തൂണുകളിലെ താമര ചിഹ്നങ്ങളും ഗരുഡ, സിംഹ ചിഹ്നങ്ങളും മറ്റും പള്ളിയുടേതാകുന്നത് എങ്ങനെ എന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. അതേസമയം പ്രദേശത്ത് നിന്ന് പുരാവസ്തു ഖനനത്തിലൂടെ കണ്ടെടുത്തെന്ന് പറയുന്ന ശേഷിപ്പുകള്‍ ഇവിടെ ക്ഷേത്രമുണ്ടായിരുന്നതായി യാതൊരു തെളിവും നല്‍കുന്നില്ല എന്ന് വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു.

ഭാഗങ്ങള്‍ എവിടെ നിന്ന് വേണമെങ്കിലും ലഭ്യമാക്കാം. ഇതിന്റെ ഫോട്ടോകള്‍ അയോധ്യയില്‍ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രമുണ്ടായിരുന്നു എന്നതിന്റെ തെളിവല്ല. ഹിന്ദു വിഭാഗത്തിന്റെ വാദങ്ങള്‍ അവരുടെ വിശ്വാസങ്ങളും പുരാണങ്ങളിലും ഐതിഹ്യങ്ങളിലും മറ്റും അധിഷ്ഠിതമാണ്. അതിന് നിയമപരമായ സാധുതയില്ല. പള്ളി പള്ളിയല്ലെന്നും അവിടെ നടന്നിരുന്നത് ഇസ്ലാമിക പ്രാര്‍ത്ഥനയല്ലെന്നും പറയാന്‍ കഴിയുമോ എന്ന് ധവാന്‍ ചോദിച്ചു.

അതേസയം വിവിധ സമുദായങ്ങളുടെ വിശ്വാസ സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകളുടെ ഭാഗമായിക്കൂടേ അവിടെയുള്ള താമരകളും മറ്റുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ബാബറി മസ്ജിദിന്റെ നിര്‍മ്മിതിയില്‍ ഇത് സ്വാധീനിച്ചിട്ടുണ്ടാകാമെന്നും ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. കേരളത്തില്‍ ക്ഷേത്രത്തിനടുത്ത് കുരിശുകള്‍ കാണാം എന്ന് വച്ച് ക്ഷേത്രം ക്ഷേത്രമല്ലാതാകുമോ? – ധവാന്‍ ചോദിച്ചു. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ മാത്രമല്ല, പള്ളി നിര്‍മ്മിച്ചിട്ടുള്ളത് എന്ന് രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. താജ് മഹല്‍ നിര്‍മ്മിച്ചത് ഹിന്ദു, മുസ്ലീം തൊഴിലാളികള്‍ ചേര്‍ന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍