UPDATES

ട്രെന്‍ഡിങ്ങ്

അയോധ്യ മുള്‍മുനയില്‍; നഗരത്തിലെത്തിയത് 2 ലക്ഷം വിഎച്ച്പിക്കാര്‍; ശിവസേനയും രംഗത്ത്

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് എൻഡിഎ യിലും ഭിന്നത രൂക്ഷമാണ്

രാമാക്ഷേത്ര നിര്‍മാണം എന്ന അജണ്ടയുമായി വിഎച്ച്പിയും ശിവസേനയും ഇന്ന് സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെ അയോധ്യ മുള്‍മുനയില്‍. ‘ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ’ എന്ന മുദ്രാവാക്യവുമായി വിശ്വഹിന്ദുപരിഷത്തും (വിഎച്ച്പി) ക്ഷേത്രനിർമാണത്തീയതി നിശ്ചയിക്കുക എന്ന ആവശ്യവുമായി ശിവസേനയും ഇന്ന് രണ്ടു ശക്തിപ്രകടനങ്ങളാണ് അയോധ്യയില്‍ നടത്തുന്നത്. അയോധ്യയിലെ 45 ശതമാനത്തോളം വരുന്ന മുസ്ലീം സമുദായം കടുത്ത ഭീതിയിലുമാണ്. ക്ഷേത്രനിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നതിനെ ചൊല്ലി ബിജെപി-ശിവസേന തര്‍ക്കവും ആരംഭിച്ചിട്ടുണ്ട്.

രണ്ടു ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന റാലിക്കു പുറമേ വിഎച്ച്പി ഇന്ന് സന്യാസികളുടെ ധർമസഭയും നടത്തും. കഴിഞ്ഞ ഒരാഴ്ചയായി ബൈക്ക് റാലികളും മറ്റും മുഖേനെ വിഎച്ച്പി അയോധ്യ പ്രചരണം ആരംഭിച്ചിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത‌് അയോധ്യ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇപ്പോള്‍ നടക്കുന്നത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള വഴികള്‍ ആലോചിക്കുന്ന ഒന്നാം ഘട്ടമാണെന്നാണ് വിഎച്ച്പി അവകാശപ്പെടുന്നത്. പാര്‍ലമെന്റില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ബില്‍ കൊണ്ടുവരാന്‍ എംപി മാരെ സ്വാധീനിക്കുകയാണ് രണ്ടാം ഘട്ടം. എല്ലാ എംപിമാര്‍ക്കും നേരിട്ട് നിവേദനം നല്‍കും. ഡിസംബറില്‍ ഡല്‍ഹി രാംലീല മൈതാനിയില്‍ സന്യാസിമാരെയും സംഘ്പരിവാര്‍ പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള മഹാറാലിയാണ് മൂന്നാം ഘട്ടം.

പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭകര്‍ണ സേവയില്‍ നിന്നുണര്‍ന്ന് രാമക്ഷേത്ര നിര്‍മാണം എന്നാരംഭിക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഇന്നലെ അയോധ്യയില്‍ എത്തിയിട്ടുണ്ട്. രാമജന്മഭൂമി ന്യാസ് തലവന്‍ മഹന്ത് നിത്യഗോപാല്‍ ദാസ്‌ താക്കറെയേയും ഭാര്യ രശ്മി, മകന്‍ ആദിത്യ താക്കറെ എന്നിവരെയും സ്വീകരിച്ചു. ഉദ്ധവ് താക്കറെ ഇന്ന് രാവിലെ രാമജന്മഭൂമിയില്‍ സന്ദര്‍ശനവും നടത്തുന്നുണ്ട്. അതിനിടെ 3,000-ത്തോളം ശിവസേന പ്രവര്‍ത്തകര്‍ അയോധ്യയില്‍ എത്തിയിട്ടുണ്ട് എന്നാണ് കണക്ക്.

അതിനിടെ, താക്കറെയ്ക്കെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ്‌ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ രംഗത്തെത്തി. അയോധ്യ ക്ഷേത്ര നിര്‍മാണ കാര്യത്തില്‍ ശിവസേനയ്ക്ക് യാതൊരു പങ്കുമില്ലെന്നും ബാല്‍ താക്കറെ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഉദ്ധവ് താക്കറെ ഇപ്പോള്‍ ചെയ്തത് പോലെ ഇവിടെ എത്തില്ലായിരുന്നുവെന്നും മൌര്യ പറഞ്ഞു.

അതെ സമയം സംഘർഷ സാധ്യത കണക്കിലെടുത്ത് അക്ഷരാർത്ഥത്തിൽ മുൾമുനയിലാണ് അയോധ്യ. താത്ക്കാലിക രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ബാബ‌്റി ഭൂമിയിലേക്കുള്ള പ്രവേശനകവാടങ്ങളെല്ലാം അടച്ചു. കനത്ത സുരക്ഷാപരിശോധനയ‌്ക്കുശേഷം മാത്രമാണ‌് ക്ഷേത്ര ദർശനം അനുവദിക്കുന്നത‌്. ക്ഷേത്രത്തിന‌് ചുറ്റും അർധസേന പ്രത്യേക സുരക്ഷാവലയമൊരുക്കി. അയോധ്യയിലേക്കുള്ള പ്രവേശനകവാടവും അടച്ചു. പുറത്തുനിന്നുള്ള വാഹനങ്ങൾക്ക‌് പ്രവേശനമില്ല.

35 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, 160 ഇന്‍സ്‌പെക്ടര്‍മാര്‍, 700 കോണ്‍സ്റ്റബിളുമാര്‍ എന്നിവരെ അയോധ്യയില്‍ വിന്യസിച്ചിട്ടുണ്ട്. 42 കമ്പനി പോലീസ്, അഞ്ച് കമ്പനി ദ്രുതകര്‍മ സേന, തീവ്രവാദ വിരുദ്ധ സേന എന്നിവരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് എൻഡിഎ യിലും ഭിന്നത രൂക്ഷമാണ്. രാ​മ​ക്ഷേ​​​ത്ര നിര്‍മാണത്തിന് മോ​ദി സ​ർ​ക്കാ​ർ ഇ​തു​വ​രെ ന​ട​ത്തി​യ നീക്ക​ങ്ങ​ൾ മ​തി​യാ​വി​ല്ലെ​ന്നാണ് ആര്‍എസ്എസ് കുറ്റപ്പെടുത്തുന്നത്. കോ​ട​തി​യി​ൽ​നി​ന്നും വി​ഷ​യം പാ​ർ​ലമെന്റില്‍ എ​ത്തി​ച്ച്​ നിയ​മ​നി​ർ​മാ​ണം നടത്തിയില്ലെങ്കിൽ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ തിരിച്ചടിയാകുമെന്നാ​ണ്​ ആ​ർഎ​സ്എ​സ്​ വൃ​ത്ത​ങ്ങ​ളു​ടെ നിലപാട്.

എന്നാൽ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ കാര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ നിർമ്മാണം ബിജെപിയുടെ പ്രധാന അജണ്ട തന്നെയാണെങ്കിലും തിടുക്കപ്പെട്ട് ഒന്നും ചെയ്യാനില്ലെന്നും ഭരണഘടനാപരമായി ആണ് പരിഹാരം കാണുകയെന്നും അമിത് ഷാ പറയുന്നു.

ഇന്നത്തെ പ്രക്ഷോഭ റാലിക്ക് മുന്നോടിയായി വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുമായി സംഘപരിവാർ നേതാക്കള്‍ രംഗത്തെത്തിയത് ഒരു ദുസ്സൂചനയാണ്. അയോധ്യയില്‍ 1992 ആവര്‍ത്തിക്കുമെന്നും നിയമം കൈയിലെടുത്താണെങ്കിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും ബിജെപി നേതാവും എംഎല്‍എയുമായ സുരേന്ദ്ര സിങ് പറഞ്ഞിരുന്നു. 17 മിനിട്ട്‌കൊണ്ടാണ് ബാബറി മസ്ജിദ് തകര്‍ത്തതെന്നും രാമക്ഷേത്രനിര്‍മാണത്തിനുള്ള ഓര്‍ഡിനന്‍സിന് അത്ര സമയം പോലും ആവശ്യമില്ലെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. അയോധ്യയില്‍ യുദ്ധത്തിനാണ് പോകുന്നതെന്ന് വിഎച്ച്പി നേതാവ് ബോലേന്ദ്ര സിങ് പറഞ്ഞു.

ഒരു ലക്ഷം ആർഎസ‌്എസുകാരും ഒരു ലക്ഷം വിഎച്ച‌്പിക്കാരും ഇന്ന് അയോധ്യയിൽ സമ്മേളിക്കുമെന്നാണ‌് സംഘപരിവാർ സംഘടനകളുടെ അവകാശവാദം. ഇന്ന് ഒരുക്കിയ എല്ലാ സുരക്ഷാ ക്രമീകരണങ്ങൾക്കും സമാനമായ സംവിധാനങ്ങൾ 26 വർഷങ്ങൾക്ക് മുൻപ് 1992 ഡിസംബർ ആറിനും ഒരുക്കിയിരുന്നു. കർസേവകർ അഴിഞ്ഞാടിയപ്പോൾ പക്ഷെ സംസ്ഥാന പോലീസും കേന്ദ്രസേനയും കാഴ‌്ചക്കാരായി. ചരിത്ര യാഥാർഥ്യം ഇങ്ങനെയാണെന്നിരിയ്ക്കേ അരക്ഷിതാവസ്ഥയുടെയും ഭീതിയുടെയും മുൾമുനയിൽ ആടിയുലയുന്നത് കേവലം അയോധ്യ മാത്രമല്ല സമാധാനം കാംക്ഷിക്കുന്ന ഒരു ബഹുപൂരിപക്ഷം ജനത കൂടിയാണ്.

രണ്ടു ലക്ഷത്തോളം പേര്‍ എത്തുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അയോധ്യയിലെ മുസ്ലീം കുടുംബാംഗങ്ങള്‍ കുട്ടികളെയും പ്രായമായവരെയും നഗരത്തിന് പുറത്തേക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂനപക്ഷ സമുദായം അരക്ഷിതാവസ്ഥയിലാണെന്നും കഴിഞ്ഞ ഒരാഴ്ചയായി ഭയന്നാണ് ഇവിടെ കഴിയുന്നതെന്നും ഓള്‍ ഇന്ത്യ മുസ്ലീം പെഴ്സണല്‍ ലോ ബോര്‍ഡ് തലവന്‍ സഫര്യാബ് ജിലാനി പറഞ്ഞു.

രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക പ്രശ്നത്തിലുള്ള ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിരുന്നു. ജനുവരിയില്‍ കേസ് പരിഗണിച്ച് എപ്പോള്‍ വാദം കേള്‍ക്കാം എന്നു തീരുമാനിക്കാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച് നവംബര്‍ 12-ന് വ്യക്തമാക്കിയത്.

അതിനിടെ ബിജെപി-ആര്‍എസ്എസ് നീക്കത്തിനെതിരെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്തെത്തി.

അദ്വാനിയുടെ ഏകാന്തത: ആ രാഷ്ട്രീയജീവിതത്തിന്റെ വളര്‍ച്ചയും ഖബറടക്കവും ഒരേ പള്ളിയില്‍ തന്നെയാകുമ്പോള്‍

ഡിസംബര്‍ ആറ്: ബാബറി മസ്ജിദില്‍ രാമന്‍ പ്രത്യക്ഷപ്പെട്ട ആ രാത്രിയും മലയാളി വില്ലനും

ബാബറി: പ്രതിക്കൂട്ടില്‍ കയറുക അദ്വാനിയും കൂട്ടരും; ബിജെപിക്ക് നേട്ടം മാത്രം

മൂന്നു ഖണ്ഡികയില്‍ തീരുമോ അദ്വാനി?

നീതിയെന്ന മായാമൃഗം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാടുകളില്‍ നിന്നിറങ്ങി ഹിന്ദുരാഷ്ട്രത്തിന്റെ ആശ്രമവാടത്തില്‍ നിലവിളിക്കുമ്പോള്‍

ഡിസംബര്‍ ആറിലെ ഏകാന്തനായ അദ്വാനി

ചരിത്രത്തില്‍ ഇന്ന്: ബാബറി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തു

ദശകങ്ങള്‍ നീണ്ട രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കം: നാള്‍വഴികളിലൂടെ

രാമക്ഷേത്രത്തിന് ഓര്‍ഡിനന്‍സ് ഇല്ലെങ്കില്‍ ‘1992’ ആവര്‍ത്തിക്കും: ആര്‍എസ്എസ് ഭീഷണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍