UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആയുര്‍വേദ, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ചികിത്സ നടത്തുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്ര നീക്കം

മെഡിക്കല്‍ എക്‌സിറ്റ് പരീക്ഷ നടത്താനും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഒരു നിര്‍ദ്ദിഷ്ട പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്ന ആയൂര്‍വേദ, യോഗ, നാച്യുറോപ്പതി, യുനാനി, സിദ്ദ, ഹോമിയോപ്പതി ഡോക്ടര്‍മാരെ അലോപ്പതി ചികിത്സ നടത്താന്‍ അനുവദിക്കുന്ന വിവാദ വകുപ്പ് 2017ലെ ദേശിയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആയുഷ് വിഭാഗങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഈ ചികിത്സ ശാഖകളും ആധുനിക വൈദ്യശാസ്ത്രവും തമ്മിലുള്ള വിടവ് നികത്താന്‍ ഉതകുന്ന പരിശീലന പരിപാടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ സംവിധാനത്തെ ഉടച്ചുവാര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള ബില്ല് വെള്ളിയാഴ്ച ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

മെഡിക്കല്‍ എക്‌സിറ്റ് പരീക്ഷ നടത്താനും ഇന്ത്യന്‍ മെഡിക്കല്‍ കൗസിലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഹോമിയോപ്പതി, ഇന്ത്യന്‍ ചികിത്സ സമ്പ്രദായങ്ങള്‍, ആധുനിക വൈദ്യശാസ്ത്രം എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുതിനായി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ദേശിയ മെഡിക്കല്‍ കമ്മീഷനും ഹോമിയോപ്പതി കേന്ദ്ര കൗണ്‍സിലും ഇന്ത്യന്‍ വൈദ്യശാസ്ത്ര ദേശീയ കൗണ്‍സിലും യോഗം ചേരണമെന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. ഈ യോഗത്തിലാവും ഹോമിയോപ്പതി, ഇന്ത്യന്‍ ചികിത്സ സമ്പ്രദായങ്ങള്‍ എന്നിവയില്‍ ബിരുദം നേടുന്നവര്‍ക്ക് അലോപ്പതി ചികിത്സ നടത്താനുള്ള യോഗ്യത നിശ്ചയിക്കുന്ന പരീക്ഷയുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുക.

ചികിത്സ വൈവിദ്ധ്യം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടിരുന്ന വിവിധ ചികിത്സ സംവിധാനങ്ങള്‍ തമ്മിലുള്ള വിടവ് പരിഹരിക്കുന്നതിനായി നിശ്ചിത വിദ്യാഭ്യാസ മാനദണ്ഡങ്ങളോ പരിപാടികളോ ആവിഷ്‌കരിക്കുന്നതിന് ഈ യോഗത്തിന് അധികാരമുണ്ടായിരിക്കും. പങ്കെടുക്കുന്ന അംഗങ്ങളുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം ഉണ്ടാവുക. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി തലവനായുള്ള കമ്മിറ്റി തിരഞ്ഞെടുക്കുന്ന 25 അംഗങ്ങളുള്ള കമ്മീഷന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം പ്രവര്‍ത്തിക്കുമെന്നും ബില്ലില്‍ വിഭാവന ചെയ്യുന്നു. ബില്ല് പാര്‍ലമെന്റ് പാസാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ എക്‌സിറ്റ് പരീക്ഷ നിലവില്‍ വരും. ആരോഗ്യ ഉപദേശക കൗണ്‍സിലില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിന്നുള്ള ഓരോ അംഗങ്ങള്‍ പ്രതിനിധികളായി ഉണ്ടാവും. യുജിസി ചെയര്‍മാന്‍, നാഷണല്‍ അക്രഡിറ്റേഷന്‍ ആന്റ് അസസ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ എന്നിവര്‍ കൗണ്‍സിലിന്റെ ഉപദേശകരായി പ്രവര്‍ത്തിക്കും.

ബിരുദപൂര്‍വ്വ, ബിരുദാനന്തര മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ അവലോകനം, ധാര്‍മ്മിക, രജിസ്‌ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നാല് ബോര്‍ഡുകളാവും മേഖലയെ നിയന്ത്രിക്കുക. 2010 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ തലവന്‍ കേതന്‍ ദേശായിയെ അറസ്റ്റ് ചെയ്തതിന് ശേഷം സ്ഥാപനത്തിനെതിരെ ഉയര്‍ന്നുവന്ന വ്യാപകമായ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത മെഡിക്കല്‍ കൗണ്‍സില്‍, അതിനേക്കാള്‍ നൂറിരട്ടി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സര്‍ക്കാര്‍ മെഡിക്കള്‍ കോളേജുകള്‍ക്കെതിരെ നിസാര കാര്യങ്ങള്‍ക്ക് കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുന്നതായി പാര്‍ലമെന്റിന്റെ ആരോഗ്യ, കുടുംബക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു..

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍