UPDATES

ബാബറി മസ്ജിദ്: അദ്വാനിയും ജോഷിയും ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണം, ഗൂഡാലോചന കുറ്റം പുന:സ്ഥാപിച്ചു

എല്ലാ ദിവസവും വിചാരണ, ജഡ്ജിയെ മാറ്റരുത്, രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം

ബാബറി മസ്ജീദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി തുടങ്ങിയവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരായ ഗൂഡാലോചന കുറ്റം സുപ്രീം കോടതി പുന:സ്ഥാപിച്ചു. ഇക്കാര്യത്തിലുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോസേ, റോഹിന്‍റ്റന്‍ നരിമാന്‍ എന്നിവരുടെ ബഞ്ച് വിധി പറഞ്ഞത്.  ഇവര്‍ക്കെതിരെയുള്ള ഗൂഡാലോചന കുറ്റം പുന:സ്ഥാപിക്കണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.

കേസ് നേരത്തെ പരിഗണിച്ചിരുന്ന റായ് ബറേലി കോടതിയില്‍ നിന്ന് പ്രധാന കേസില്‍ വാദം നടക്കുന്ന ലക്നൌ കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്. ഇവിടെയായിരിക്കും അദ്വാനി ഉള്‍പ്പെടെ ഉള്ളവര്‍ വിചാരണ നേരിടേണ്ടത്. ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറായതിനാല്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.

രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. എല്ലാ ദിവസവും വിചാരണം നടത്തണം, കേസ് മാറ്റി വയ്ക്കരുത്, ജഡ്ജിയെ മാറ്റരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ ബിജെപി, വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ക്കെതിരെ ഗൂഡാലോചന കുറ്റം നേരത്തെ വിചാരണ കോടതി ഒഴിവാക്കിയിരുന്നു. പിന്നീട് ഇത് അലഹാബാദ് ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെ 2010-ലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.

അദ്വാനിക്കും ജോഷിക്കും ഉമാ ഭാരതിക്കും പുറമേ ബിജെപി നേതാവ് വിനയ് കട്യാര്‍, വിഎച്ച്പി നേതാക്കളായ സാധ്വി ഋതംഭര, ആചാര്യ ഗിരിരാജ് കിഷോര്‍, അശോക്‌ സിംഗാള്‍, വിഷ്ണു ഹരി ഡാല്‍മിയ എന്നിവര്‍ 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കുന്നതിനു തൊട്ടുമുമ്പ് മസ്ജിദിന് 200 മീറ്റര്‍ അകലെയുള്ള രാംകഥ കുഞ്ചില്‍ പ്രസംഗിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഗിരിരാജ് കിഷോറും അശോക്‌ സിംഗാളും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

16-ആം നൂറ്റാണ്ടില്‍ നിര്‍മിച്ച മസ്ജിദ് പൊളിച്ച കേസില്‍ കര്‍സേവകര്‍ക്കെതിരായ കേസില്‍ ലക്നൌ കോടതിയില്‍ വിചാരണ നടക്കുന്നുണ്ട്. ഇതിനോപ്പമായിരിക്കും ഇനി അദ്വാനി അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരിക. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെയുള്ള ഗൂഡാലോചന കുറ്റം വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ലെന്ന് നേരത്തെ ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സതീഷ്‌ പ്രധാന്‍, ചമ്പത് റായ് ബന്‍സാല്‍, മഹന്ത് അവൈദ്യനാഥ്, പരംഹന്‍സ് രാമചന്ദ്ര, റാംവിലാസ് വേദാന്തി, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി മഹാരാജ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, ധരം ദാസ് ചോല, സതീഷ്‌ നാഗര്‍, മോരെശ്വര്‍ സാവേ, ബൈകുന്ദ് ലാല്‍ ശര്‍മ തുടങ്ങിയവരും വിചാരണ നേരിടണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍