UPDATES

ബീഫ് രാഷ്ട്രീയം

ബജ്രംഗ് ദള്ളുകാര്‍ മാധ്യമപ്രവര്‍ത്തകനേയും കുടുംബത്തെയും ആക്രമിച്ചു, ‘ജയ്‌ ശ്രീരാം’ വിളിപ്പിച്ചു

എന്‍ഡിടിവി റിപ്പോര്‍ട്ടറായ മുന്നെ ഭാര്‍തിയും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്.

കാവിധാരികളായ ബജ്രംഗ്ദള്‍ അക്രമികള്‍ മുസ്ലീം മാധ്യമ പ്രവര്‍ത്തകനേയും കുടുംബത്തേയും റോഡില്‍ തടഞ്ഞുനിര്‍ത്തി ബലാല്‍കാരമായി ‘ജയ് ശ്രീറാം’ എന്ന് വിളിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ‘ജയ് ശ്രീറാം’ എന്ന് വിളിച്ചില്ലെങ്കില്‍ കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന അദ്ദേഹത്തിന്റെ കാറ് കത്തിക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 28ന് ബിഹാറില്‍ വച്ചാണ് ആക്രമണം നടന്നത്.

എന്‍ഡിടിവി റിപ്പോര്‍ട്ടറായ മുന്നെ ഭാര്‍തിയും കുടുംബവും ബിഹാറിലെ വൈശാലി ജില്ലയിലെ ക്രാനേജി ഗ്രാമത്തില്‍ നിന്നും സമസ്തിപ്പൂരിലെ റഹീമാബാദ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. മുസഫര്‍നഗര്‍ ദേശീയ പാത-28ല്‍ വണ്ടി പ്രവേശിച്ചപ്പോള്‍ ഒരു ടോള്‍ ബൂത്തിന് സമീപം വലിയ ആള്‍ക്കൂട്ടവും ഗതാഗത തടസവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. വഴിയിലുള്ള ഒരാളോട് കാരണം തിരക്കിയപ്പോള്‍ അവര്‍ കാര്‍ കത്തിക്കുമെന്നും അതുകൊണ്ട് മടങ്ങിപ്പോകാനുമുള്ള ഉപദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്.

കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്കാകുലനായ അദ്ദേഹം കാറ് തിരിക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ കാവി ധരിച്ച്, മുളവടിയേന്തിയ നാലഞ്ച് പേര്‍ കാറിനെ സമീപിക്കുകയായിരുന്നു. താടിവെച്ച പിതാവിനെയും പര്‍ദ്ദ ധരിച്ച സ്ത്രീകളെയും കാറിനുള്ള കണ്ട അവര്‍, ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആക്രോശിച്ചു. അല്ലാത്തപക്ഷം കാറ് കത്തിച്ചുകളയുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ഭയചകിതരായ കുടുംബം ജയ് ശ്രീറാം എന്ന് വിളിച്ചതിനെ തുടര്‍ന്ന് അവരെ മടങ്ങിപ്പോകാന്‍ അനുവദിക്കുകയായിരുന്നു. വിവരങ്ങള്‍ കാണിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മാധ്യമ പ്രവര്‍ത്തകന്‍ ട്വിറ്റര്‍ സന്ദേശം അയച്ചിട്ടുണ്ട്.

രാജ്യത്ത് നിലനില്‍ക്കുന്ന കലാപകലുഷിതമായ അന്തരീക്ഷത്തിന്റെ ഭാഗമാണ് ഈ സംഭവം എന്നും ബിബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകള്‍ക്ക് പിന്നാലെയാണ് ഇത്തരം സംഭവങ്ങളും നടക്കുന്നത്. ജനക്കൂട്ടം നിയമം കൈയിലെടുക്കുന്ന സംഭവങ്ങള്‍ സാധാരണമായിരിക്കുന്നു. എന്നാല്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ അധ്യക്ഷന്‍ അമിത് ഷാ ശ്രമിക്കുന്നത്.

മുസ്ലീങ്ങളെ കേന്ദ്രീകരിച്ചുള്ള ആള്‍ക്കൂട്ടകൊലകള്‍ക്കെതിരെ കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ നേതൃത്വത്തിലുള്ള വിവിധ സര്‍ക്കാരുകളും മൗനം പാലിക്കുകയാണെന്ന ആക്ഷേപം വ്യാപകമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സംഭവങ്ങളെ അപലപിച്ചു രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ഒരു മുസ്ലീം വ്യാപാരിയെ ഹിന്ദുഭീകരവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ബിജെപിയുടെ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കും ദളിതുകള്‍ക്കും എതിരായ ആക്രമണങ്ങള്‍ വ്യാപകമാകുന്നതിനെതിരെ ജൂണ്‍ 28ന് രാജ്യവ്യാപക പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ സംഭവങ്ങളെ ലഘൂകരിച്ച് കാണാനും ആക്രമണങ്ങളെ മൗനമായി പ്രോത്സാഹിപ്പിക്കാനുമാണ് ബിജെപിയുടെ ശ്രമമെന്നാണ് ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍