UPDATES

ട്രെന്‍ഡിങ്ങ്

ബലാകോട്ടില്‍ എത്ര ഭീകരരെ കൊന്നു? അറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ടെന്ന് ശിവസേന

മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല ഈ ചോദ്യം ചോദിക്കുന്നത് എന്ന് ശിവസേന മുഖപത്രമായ സാംനയുടെ മുഖപ്രസംഗം പറയുന്നു.

പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്ന് അറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്ന് ശിവസേന. ജയ്ഷ് ഇ മുഹമ്മദ് ക്യാമ്പ് ലക്ഷ്യം വച്ച് ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പുറത്തുവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല ഈ ചോദ്യം ചോദിക്കുന്നത് എന്ന് ശിവസേന മുഖപത്രമായ സാംനയുടെ മുഖപ്രസംഗം പറയുന്നു.

ഇംഗ്ലണ്ടിലേയും യുഎസിലേയും മാധ്യമങ്ങള്‍ ഇത് ചോദിക്കുന്നുണ്ട്. ഈ രാജ്യത്തെ പൗരന്മാര്‍ക്ക് ഇത് സംബന്ധിച്ച് അറിയാനുള്ള അവകാശമുണ്ട്. നമ്മുടെ സായുധസേന ശത്രുവിന് എത്രമാത്രം നാശം വിതച്ചു എന്നറിയാനുള്ള അവകാശം. അത് ചോദിക്കുന്നത് സൈന്യത്തിനെ സംശയിക്കുകയോ വിലകുറച്ചു കാട്ടുകയോ അല്ല. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സൈന്യത്തെ അപമാനിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

വ്യോമാക്രണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച് യാതൊരു കണക്കും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ജയ്ഷ് ഇ മുഹമ്മദിന്റെ സീനിയര്‍ കമാന്‍ഡര്‍മാര്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു എന്ന് മാത്രമാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇത് സംബന്ധിച്ച് പറഞ്ഞത്. വ്യോമാക്രണങ്ങളില്‍ എത്ര പേര്‍ മരിച്ചു എന്ന് എയര്‍ഫോഴ്‌സ് കണക്കാക്കാറില്ല എന്നും ആക്രമണ ലക്ഷ്യങ്ങളുടെ എണ്ണം മാത്രമാണ് നോക്കുന്നത് എന്നും വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ പറഞ്ഞിരുന്നു. സര്‍ക്കാരാണ് മരിച്ചവരുടെ എണ്ണം പുറത്തുവിടുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇന്ത്യന്‍ വ്യോമസേന ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ച് 1000 കിലോ ബോംബ് വര്‍ഷിച്ചതായും മുന്നൂറിനടുത്ത് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടെ ചെയ്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണെങ്കില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് പറഞ്ഞത്. അമിത് ഷായ്ക്ക് ഈ വിവരം എവിടെ നിന്ന് കിട്ടി എന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം ചോദിച്ചിരുന്നു. വ്യോമാക്രമണം നടത്തിയത് ആരെയും കൊല്ലാനല്ല എന്നും ശത്രുവിനെ പേടിപ്പിക്കാനും കരുത്ത് കാട്ടാനും മാത്രമാണ് എന്നും കേന്ദ്ര മന്ത്രി എസ് എസ് അലുവാലിയ പറഞ്ഞിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ തെളിവ് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രിക്ക് ദേഷ്യം വന്നുവെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ ഉപയോഗിച്ച 300 കിലോഗ്രാം ആര്‍ഡിഎക്‌സ് എവിടെ നിന്ന് വന്നു. വ്യോമാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നെല്ലാമുള്ള ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് വരെ തുടരുമെന്നും സാംന എഡിറ്റോറിയല്‍ പറയുന്നു. അതേസമയം തൊഴിലില്ലായ്മ, റാഫേല്‍ കരാര്‍, പണപ്പെരുപ്പം തുടങ്ങിയ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രശ്‌നങ്ങളൈല്ലാം മോദി ബോംബിട്ട് തല്‍ക്കാലം അകറ്റി നിര്‍ത്തിയിരിക്കുകയാണ്. പ്രതിപക്ഷത്തിന് നിരാശയുണ്ട്. അയോധ്യ രാമക്ഷേത്രവും ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ഉം എല്ലാം അപ്രസക്തമായി. ലോക്‌സഭ തിരഞ്ഞെടുപ്പിന് ബിജെപിയുമായി സഖ്യമുറപ്പിച്ച് സീറ്റ് വിഭജനവും പൂര്‍ത്തിയാക്കിയ ശേഷമാണ് ശിവസേനയുടെ വിമര്‍ശനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍