UPDATES

ബീഫ് രാഷ്ട്രീയം

കന്നുകാലി വില്‍പ്പന നിയന്ത്രണം മഹാരാഷ്ട്രയിലെ ക്ഷീരകര്‍ഷകരോട് ചെയ്യുന്നത്

കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അവയെ വളര്‍ത്താനും സാധിക്കില്ലെന്ന് നിസ്സഹായരായ കര്‍ഷകര്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ കന്നുകാലി കച്ചവടത്തിന് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ മഹാരാഷ്ട്രയിലെ ക്ഷീരകര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അവയെ വളര്‍ത്താനും സാധിക്കില്ലെന്ന് നിസ്സഹായരായ കര്‍ഷകര്‍ പറയുന്നു. 2015ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മഹാരാഷ്ട്രയില്‍ പശുക്കളുടെയും കാളകളുടെയും എരുമകളുടെയും അറവ് നിരോധിച്ചിരുന്നു. ഇത് സംസ്ഥാനത്തെ കാലിവളര്‍ത്തല്‍ വ്യവസ്ഥിതിയെ പ്രതികൂലമായി ബാധിച്ചതിന്റെ പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ഇരുട്ടടിയായി മാറുന്നത്.

കാലിച്ചന്തകളുടെ ഭാവിയെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ വിജ്ഞാപനം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പശുക്കളേയും കാളകളേയും മാത്രമല്ല എരുമകളെയും ഒട്ടകങ്ങളെയും ബാധിക്കുന്നതാണ് പുതിയ നിയമം എന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകരല്ലാത്തവര്‍ക്ക് കന്നുകാലികളെ കച്ചവടം ചെയ്യാന്‍ സാധിക്കില്ല എന്നതാണ് പുതിയ വിജ്ഞാപനത്തിന്റെ പ്രത്യേകത. കശാപ്പിനായി കാലികളെ വാങ്ങാനും വില്‍ക്കാനും സാധിക്കില്ല. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തേക്ക് മറിച്ചു വില്‍ക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

വന്‍കിട അറവുശാലകള്‍ നടത്തുന്നവര്‍ക്ക് മാത്രമാണ് പുതിയ വിജ്ഞാപനം കൊണ്ട് പ്രയോജനമെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. പുതിയ വിജ്ഞാപനത്തിലൂടെ ഇറച്ചി വ്യാപാരത്തെ മാത്രമല്ല മഹാരാഷ്ട്രയിലെ പാല്‍ വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്തെ ഏഴാമത്തെ വലിയ ക്ഷീരോല്‍പ്പാദന സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിരവധി ക്ഷീര സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായി വിപണി ലഭിക്കാതെ വരുമ്പോള്‍ ഇവിടുത്തെ കര്‍ഷകര്‍ തങ്ങളുടെ കന്നുകാലികളെ വിറ്റാണ് ഉപജീവനം കഴിക്കുന്നത്. 2015ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്ഷീരോല്‍പാദനം നടക്കുന്ന ജില്ല അഹമ്മദ്‌നഗറാണ്. അഹമ്മദ്‌നഗറില്‍ മാത്രം 5.9 ലക്ഷം കന്നുകാലികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് നാടന്‍ ഇനങ്ങള്‍ ഉള്ളത്. സങ്കരയിനത്തില്‍പ്പെട്ട നാല് ലക്ഷത്തോളം കന്നുകാലികളാണ് ഇവിടെയുള്ളത്.

ഗുജറാത്തിലെ ആനന്ദിന്റെ മാതൃകയിലുള്ള സഹകരണസംഘങ്ങളാണ് ഈ മേഖലയില്‍ ഏറെയും പ്രവര്‍ത്തിക്കുന്നത്. ജില്ലയിലുള്ള കൊപാര്‍ഗാവിലെ ഗോദാവരി സഹകാരി ദൂത്ത് ഉത്പാദക് സംഗ് ലിമിറ്റഡില്‍ തന്റെ മൂന്ന് കന്നുകാലികളുടെ പാല് വിറ്റാണ് നന്ദ ഷെല്‍ക്കെ ഉപജീവനം കഴിക്കുന്നത്. പ്രതിദിനം പത്ത് ലിറ്റര്‍ പാലാണ് ഇവര്‍ വില്‍ക്കുന്നത്. പാലിന്റെ ഗുണമേന്മ അനുസരിച്ച് ലിറ്ററിന് 20, 21 രൂപ വരെ ഇവര്‍ക്ക് ലഭിക്കുന്നു. പ്രായമായ കന്നുകാലികളെ ചന്തയില്‍ വില്‍ക്കുകയാണ് പതിവെന്ന് അവര്‍ സ്‌ക്രോളിനോട് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ തവണത്തെ വലിയ വരള്‍ച്ചയെ തുടര്‍ന്ന് കന്നുകാലികളുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. 80,000 രൂപ ലഭിക്കേണ്ടിയിരുന്നിടത്ത് തനിക്ക് 25,000 മുതല്‍ 30,000 രൂപ വരെയാണ് ലഭിച്ചതെന്ന് അവര്‍ പറയുന്നു. മക്കളുടെ വിവാഹം പോലെയുള്ള ചിലവുകള്‍ക്ക് കന്നുകാലികളെ വില്‍ക്കേണ്ടി വരുമെന്നാണ് നന്ദ ഷെല്‍ക്കെ പറയുന്നു.

എന്നാല്‍ അത്യാവശ്യം മൂലധനം കൈവശമുള്ള സമീര്‍ നിക്കോളയെ പോലുള്ളവര്‍ കന്നുകാലികളെ ഒരുപാട് നാള്‍ വളര്‍ത്താറില്ല എന്നാണ് പറയുന്നത്. 20 ജേഴ്‌സി പശുക്കളാണ് നിക്കോളെയ്ക്കുള്ളത്. കച്ചവടക്കാരല്ലാതെ ആരും തങ്ങളുടെ പ്രായമായ കന്നുകാലികളെ വാങ്ങാറില്ലെന്ന് നിക്കോളെ ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയില്‍ കാലിക്കച്ചവടക്കാര്‍ വീട്ടിലെത്തിയാണ് കന്നുകാലികളെ വാങ്ങുക. എന്നാല്‍ ഇവര്‍ കന്നുകാലികളെ വലിയ ചന്തകളില്‍ കൊണ്ടുപോയാണ് വില്‍ക്കുന്നത്. 2015ല്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അറവ് നിരോധിച്ചതോടെ രഹസ്യമായാണ് കച്ചവടം നടന്നിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് കൂടി വന്നതോടെ പ്രായമായ മൃഗങ്ങളെ വീട്ടില്‍ തന്നെ പോറ്റുകയോ അല്ലെങ്കില്‍ തെരുവില്‍ ഉപേക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ ക്ഷീരകര്‍ഷകര്‍ക്ക് സാധിക്കുകയുള്ളു.

2015ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ എരുമകളെ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അവയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എരുമകളെ വളര്‍ത്തുന്നത് പശുവിനെ അപേക്ഷിച്ച് ചിലവേറിയതായതിനാല്‍ ഇത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എരുമകളുടെ ജീവിതാവസാനം അവയെ വിറ്റാല്‍ മാത്രമേ ചിലവുകള്‍ മുതലാവൂ എന്നാണ് മൂന്ന് എരുമകളെ വളര്‍ത്തുന്ന സൊഹാബ് സയ്യിദ് പറയുന്നത്. കറക്കുന്ന എരുമയ്ക്ക് 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് വില. എന്നാല്‍ പ്രായമായ എരുമയ്ക്ക് 15,000 രൂപയാണ് കമ്പോളത്തില്‍ സാധാരണ ലഭിക്കുക. പക്ഷെ പുതിയ എരുമയെ വാങ്ങുമ്പോള്‍ ആ തുക വലിയ അനുഗ്രഹമാണെന്ന് സയ്യിദ് പറയുന്നു.

പുതിയ നിയമം വന്‍കിട അറവുശാലകളെ മാത്രമേ സഹായിക്കൂവെന്നാണ് സയ്യിദിനെ പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ 15,000 രൂപ വിലയുണ്ടായിരുന്ന പ്രായമായ എരുമയ്ക്ക് പുതിയ നിയമം വന്നതിന് ശേഷം വെറും 5,000 രൂപയായ ഇടിഞ്ഞിട്ടുണ്ട്. പുതിയ നിയമം മൂലം പാലിന്റെ ഉല്‍പാദനം കുറയുമെന്നും പാല്‍ വില ഉയരുമെന്നുമാണ് ക്ഷീരവ്യവസായവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. പശുവിനെ വില്‍ക്കാനും അതിനെ പോറ്റാനും സാധിച്ചില്ലെങ്കില്‍ കര്‍ഷകര്‍ ക്ഷീരവ്യവസായം തന്നെ ഉപേക്ഷിക്കുമെന്ന് ഗോദാവരി സഹകരണസംഘത്തിലെ സിഎസ് ഗദാവെ പറയുന്നു. അല്ലെങ്കില്‍ വില കുറഞ്ഞ നാടന്‍ ഇനങ്ങളെ മാത്രം പോറ്റാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും. ഇത് പാല്‍ ഉല്‍പാദനം കുറയ്ക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുറഞ്ഞപക്ഷം പത്ത് ലിറ്റര്‍ പാലെങ്കിലും ലഭിക്കുന്ന സങ്കരയിനം പശുക്കളെ വളര്‍ത്തിയാല്‍ മാത്രമേ ലാഭം ലഭിക്കുവെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജേഴ്‌സി തുടങ്ങിയ ഇനങ്ങള്‍ പ്രതിദിനം 30 മുതല്‍ 45 ലിറ്റര്‍ വരെ പാല്‍ ഉല്‍പാദിപ്പിക്കുന്നവയാണ്.

പുതിയ നിയമങ്ങള്‍ തദ്ദേശീയ ഇനങ്ങള്‍ക്ക് മാത്രമായി നടപ്പിലാക്കുന്നതാണ് ക്ഷീരോല്‍പാദന മേഖലയ്ക്ക് ആശാസ്യമെന്നും ഗദാവെ പറയുന്നു. മറ്റുള്ള ഇനങ്ങളെ കമ്പോളത്തില്‍ സ്വതന്ത്രമായി വില്‍ക്കാന്‍ അനുവദിക്കുകയാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. പാലിന്റെ ഇപ്പോഴുള്ള മിച്ചം കുറയ്ക്കാന്‍ തീരുമാനം സഹായിച്ചേക്കുമെങ്കിലും ഭാവിയില്‍ ഇത് ക്ഷീരോല്‍പാദന മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ത്‌ന്നെയാണഅ ഗദാവെയുടെ അഭിപ്രായം. കാര്‍ഷീക വിളകളൊന്നും വിറ്റഴിക്കപ്പെടുന്നില്ല. സവാളയുടെ വില ക്രമാതീതമായി കുറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ കര്‍ഷകര്‍ക്ക് ഏക ആശ്വാസമാണ് കന്നുകാലികള്‍. അവര്‍ക്ക് ലാഭം ലഭിക്കുന്ന ഒരേയൊരു മേഖലയാണ് ക്ഷീരോല്‍പാദനമെന്നും ഗദാവേ ചൂണ്ടിക്കാട്ടുന്നു.

1976ലെ നിയമപ്രകാരം മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചതാണെങ്കിലും സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും അത് രഹസ്യമായി തുടരുന്നുണ്ടായിരുന്നു. എന്നാല്‍ പുതിയ നിയമം വന്നതോടെ കറവ വറ്റിയ കന്നുകാലികളെ എങ്ങനെയാണ് ഒഴിവാക്കുന്നതെന്ന് വെളിപ്പെടുത്താന്‍ കര്‍ഷകരോ കാലിക്കച്ചവടക്കാരോ തയ്യാറാവുന്നില്ല. തങ്ങള്‍ കച്ചവടക്കാര്‍ക്ക് വില്‍ക്കുകയാണെന്നും അവരെന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് കന്നുകാലികളെ വ്യാപാരികള്‍ക്ക് വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ചാക്രികത മുന്നോട്ട് പോവില്ലെന്ന് നാസിക് ജില്ലയിലെ കാളക്കച്ചവടക്കാരനായ ഇംതിയാസ് കപാട്ട ചൂണ്ടിക്കാണിക്കുന്നു. പ്രായമായ കന്നുകാലികളെ ഒഴിവാക്കാനും പുതിയവയെ വാങ്ങാനും കര്‍ഷകര്‍ക്ക് സാധിക്കാതെ വരും. സര്‍ക്കാരിന്റെയും പ്രദേശത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വ്യാപാരം അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് മിക്കവരും ആലോചിക്കുന്നത്. പക്ഷെ മറ്റ് തൊഴിലൊന്നും അറിയില്ല എന്നതാണ് മിക്ക ചെറുകിട കച്ചവടക്കാരേയും അലട്ടുന്നത്. പെട്ടെന്ന് ഉടലെടുത്ത പ്രതിസന്ധിയില്‍ അന്തംവിട്ടിരിക്കുകയാണ് മിക്കവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍