UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവസാന നിമിഷം ട്വിസ്റ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഒരു റണ്‍സിന്റെ വിജയം

അഴിമുഖം പ്രതിനിധി

ശ്വാസം നിലച്ച നിമിഷങ്ങള്‍. ബംഗ്ലാ കടുവകള്‍ പകരം വീട്ടിയെന്ന് ഉറപ്പിച്ചു ഏവരും. തോറ്റാല്‍ കിരീടസ്വപ്‌നം അവിടെ തീരും. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകപ്പില്‍ സെമി കാണാതെ പുറത്തായെന്ന നാണക്കേട് ബാക്കി. പക്ഷേ വിജയത്തിലേക്ക് ഒരു റണ്‍സ് മാത്രം ബാക്കിനില്‍ക്കേ കടുവകളെ വീഴ്ത്തി ടീം ഇന്ത്യ എല്ലാ ഭയങ്ങളും ഇല്ലാതാക്കി. ട്വന്റി-20 ടൂര്‍ണമെന്റിലെ ഏറ്റവും ആവശകരമായ മത്സരത്തിനാണ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഇന്നു സാക്ഷ്യം വഹിച്ചത്. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റിന് 146, ബംഗ്ലാദേശ് 20 ഓവറില്‍ 9 വിക്കറ്റിന് 145.

അവസാന ഓവറിലേക്ക് എത്തുമ്പോള്‍ ഏകദേശം ബംഗ്ലാദേശ് ജയിച്ചിരിക്കുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്ത് ബൗണ്ടറിയിലേക്ക പായുമ്പോള്‍ മുഷ്ഫിക്കര്‍ റഹീം മുഷ്ടി ചുരുട്ടി വിജയാഘോഷം നടത്തുകയും ചെയ്തു. ശേഷിച്ച നാലു പന്തില്‍ നിന്നു രണ്ടു റണ്‍സ് മാത്രം മാതിയായിരുന്നു ബംഗ്ലാദേശിന്. പക്ഷേ മൂന്നാം പന്തില്‍ റഹീമിനെ പാണ്ഡ്യ ധവാന്റെ കൈകളില്‍ എത്തിച്ചു. ഇനി മൂന്നു പന്തില്‍ രണ്ടു റണ്‍സ്. മുഹമദുള്ള ബാറ്റ് ചെയ്യുന്നു. വീണ്ടും ഹര്‍ദിക് മാജിക്. ലോ ഫുള്‍ടോസ് എറിഞ്ഞു മുഹമുദ്ദള്ളയെ ജഡേജയുടെ കൈകളിലെത്തിച്ചു. അവസാന പന്ത് ജയത്തിലേക്ക് ബംഗ്ലാദേശിന് വേണ്ടത് അപ്പോഴും രണ്ടു റണ്‍സ്. ഷുവഗാത ഹോമിന്റെ ബാറ്റിനെ കടന്നു പോയി ഹര്‍ദികിന്റെ പന്ത്. പക്ഷേ റണ്‍സിനുവേണ്ടി ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ ഓടി. പക്ഷേ എതിര്‍ദിശയില്‍ നിന്നും മുസ്തഫിസുര്‍ റഹ്മാന്‍ ഓടിയെത്തുന്നതിനു മുന്നേ ഇന്ത്യയുടെ വിജയയുമായി ധോണി ക്രിസിലേക്ക് ഓടിയെത്തി സ്റ്റമ്പ് തട്ടി മറിച്ചു കഴിഞ്ഞിരുന്നു. തോറ്റെന്നു കരുതിയിടത്ത് ഒരത്ഭുത വിജയം.

മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ മത്സരം ജയിക്കണമെന്നുമിരിക്കെ തപ്പിടയുന്ന കളിയുമായാണ് ബംഗ്ലാദേശിനെ ഇന്ത്യ നേരിട്ടത്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയതെങ്കിലും സ്‌കോര്‍ 45 ല്‍ എത്തിയപ്പോള്‍ 18 റണ്‍സ് എടുത്ത രോഹിത് പുറത്തായി. തൊട്ടുപിന്നാലെ മൂന്നു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ധവാനും മടങ്ങി. ആദ്യമായാണ് ധവാന്‍ ഈ ടൂര്‍ണമെന്റില്‍ ഇരട്ടയക്കം കടന്നത്. 22 പന്തില്‍ രണ്ടുഫോറും ഒരു സിക്‌സുമടക്കം 23 റണ്‍സ് ധവാന്‍ എടുത്തു. തുടര്‍ന്ന് ക്രീസിലെത്തിയ റെയ്‌ന പതിയെ തന്റെ ബാറ്റിംഗ് താളം കണ്ടെത്തിയപ്പോള്‍ കളി ഇന്ത്യയുടെ കൈകളിലേക്ക് തിരിച്ചുവരുമെന്നു തോന്നിച്ചു. കോഹ്ലി-റെയ്‌ന സഖ്യം അതുപോലെയാണ് മുന്നേറിയത്. പക്ഷെ സ്‌കോര്‍ 95 ല്‍ എത്തിയപ്പോള്‍ കോഹ്ലി പുറത്തായി. 24 റണ്‍സ് എടുത്ത കോഹ്ലി ബൗള്‍ഡായി. പിന്നാലെ എത്തിയ ഹര്‍ദിക് പാണ്ഡ്യ വമ്പന്‍ ഷോട്ടുകളൊക്കെ പായിച്ചെങ്കിലും 15 റണ്‍സെടുത്തു പുറത്തായി. കൃത്യതയോടെ പന്തെറിഞ്ഞ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാര്‍ റണ്‍സ് എടുക്കാന്‍ പാടുപെടുന്നതാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്. അവസാന ഓവറുകളില്‍ വമ്പന്‍ അടികള്‍ കൊണ്ട് സ്‌കോര്‍ ഉയര്‍ത്തുമെന്ന് കരുതി ധോണിയെപ്പോലും മെരുക്കിയിട്ടു ബംഗ്ലാ ബൗളര്‍മാര്‍. 30 റണ്‍സ് എടുത്ത റെയ്‌നയാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. 13 റണ്‍സ് എടുത്ത് ധോണി പുറത്താകാതെ നിന്നു.

ശരാശരിയിലും മികച്ച നിലവാരം പുലര്‍ത്തി വന്ന ഇന്ത്യന്‍ ബൗളര്‍മാരുള്ളതുകൊണ്ട് 147 എന്ന വിജയലക്ഷ്യത്തില്‍ നിന്നു ബംഗ്ലാദേശിനെ തടയാമെന്നാണ് ധോണി കണക്കു കൂട്ടിയതെങ്കിലും ബംഗ്ലാദേശ് മനോഹരമായി ബാറ്റുവീശി. ഓപ്പണര്‍ മുഹമ്മദ് മിത്തുനെ അശ്വിന്‍ പെട്ടെന്നു പുറത്താക്കിയെങ്കിലും തമിം ഇക്ബാല്‍ മികച്ച കളിയോടെ ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി കൊടുത്തു. കൂട്ടിനെത്തിയ സബീര്‍ റഹ്മാന്‍ നല്ല പിന്തുണ കൊടുത്തതോടെ ബംഗ്ലാ സ്‌കോര്‍ മുന്നേറി. സ്‌കോര്‍ 55 ല്‍ എത്തിയപ്പോള്‍ തമിം പുറത്തായെങ്കിലും റഹ്മാന് കൂട്ടെത്തിയ ഷക്കിബ് അല്‍ ഹസന്‍ സ്‌കോറിംഗ് വേഗം കുറയ്ക്കാന്‍ തയ്യാറായില്ല. ഇതിനു സഹായകരമായിരുന്നു ഫീല്‍ഡിംഗിലെ ഇന്ത്യന്‍ പ്രകടനവും. രണ്ടു ക്യാച്ചുകളാണ് ഇന്ത്യന്‍ കളിക്കാര്‍ വിട്ടത്. മൂന്നു വിക്കറ്റുകള്‍ അടുപ്പിച്ച് വീഴ്ത്തി കളിയിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും തോല്‍ക്കാന്‍ ഭാവമില്ലാതെയായിരുന്നു ബംഗ്ലാദേശ് കളിച്ചതോടെ വലിയൊരു അത്യാഹിതത്തിനു സാക്ഷിയാകാന്‍ ഇന്ത്യന്‍ ആരാധകര്‍ തയ്യാറെടുത്തിരുന്നു. അവിടെ നിന്നാണ് അത്ഭുതങ്ങള്‍ പിറന്നതും ഇന്ത്യ വിജയം കണ്ടെതും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍