UPDATES

കായികം

ഇന്ത്യക്ക് അനായാസ വിജയം

Avatar

അഴിമുഖം പ്രതിനിധി

ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ഇന്ത്യ യുഎഇയെ പരാജയപ്പെടുത്തി. ശ്രീലങ്കയ്ക്കും പാകിസ്താനും ബംഗ്ലാദേശിനും മാനസിക സമ്മര്‍ദ്ദമേറ്റിയ പ്രകടനങ്ങള്‍ കാഴ്ച്ചവച്ച ടീമായിരുന്നെങ്കിലും ഇന്ത്യയുടെ മുന്നില്‍ ഒന്നിനുമാവാതെ കീഴടങ്ങേണ്ടി വന്നു യുഎഇക്ക്. ആകെയുള്ള 120 പന്തില്‍ 72 പന്തിലും ഒരു റണ്‍സുപോലും എടുക്കാന്‍ അവര്‍ക്കായില്ല. സ്‌കോര്‍ യുഎഇ 20 ഓവറില്‍ 9 വിക്കറ്റിന് 81, ഇന്ത്യ 10.1 ഓവറില്‍ ഒരു വിക്കറ്റിന് 82. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദിമാച്ച്.

ടോസ് നേടിയ യുഎഇ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഹര്‍ഭജന്‍, ഭുവനേശ്വര്‍, പവന്‍ നേഗി എന്നിവരെ ധോണി ഇന്നു കളിക്കാന്‍ ഇറക്കിയിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം ഉള്ളപ്പോള്‍ യുഎഇയുടെ ആദ്യവിക്കറ്റ് വീണു. 48 പന്തില്‍ 43 റണ്‍സ് എടുത്ത ഷയിമാന്‍ അനവര്‍ ആണ് യുഎഇയുടെ ടോപ്‌സ്‌കോറര്‍. ഷയിമാനെ കൂടാതെ 11 റണ്‍സ് എടുത്ത റോഹന്‍ മുസ്തഫ മാത്രമാണ് രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ വെറും എട്ടു റണ്‍സ്മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. 

ഇന്ത്യ മറുപടി ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ എത്രയും വേഗം കളിതീര്‍ത്തു തിരിച്ചുപോകാനുള്ള തിടുക്കത്തിലായിരുന്നു രോഹിത് ശര്‍മ. അതിനനുസരിച്ചാണ് രോഹിത് ബാറ്റ് വീശിയത്. പത്തുവിക്കറ്റിന്റെ വിജയം ടീം ആഘോഷിക്കുമെന്ന് തോന്നിയിടത്താണ് രോഹിത് പുറത്തായത്. 28 പന്തില്‍ 39 റണ്‍സ് രോഹിത് നേടി. പിന്നാലെ യുവരാജിനെയാണ് ധോണിയയച്ചത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ ബാറ്റിംഗ് താളം വീണ്ടെടുത്ത യുവിക്ക് ഫൈനലിനു മുമ്പ് ആത്മവിശ്വാസം കൂട്ടാനുള്ള ക്യാപ്റ്റന്റെ തന്ത്രം. 14 പന്തില്‍ 25 റണ്‍സെടുത്ത് താന്‍ ഫോമിലേക്ക് തിരികെയെത്തിയെന്ന് യുവി വ്യക്തമാക്കുകയും ചെയ്തു. ഒടുവില്‍ വെറും 10.1 ഓവറില്‍ ഒമ്പത് വിക്കറ്റിനു കളി ജയിച്ച് ഇന്ത്യ പവലിയനിലേക്ക് മടങ്ങുകയും ചെയ്തു. ധവാന്‍ 20 പന്തില്‍ 16 റണ്‍സ് എടുത്തു.

ഏഷ്യ കപ്പിന്റെ ഫൈനലില്‍ ആതിഥേയരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍