UPDATES

കായികം

റെയ്‌നയ്ക്ക് സെഞ്ച്വറി; ടീം ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുന്നു

അഴിമുഖം പ്രതിനിധി

ടെയ്‌ലറുടെ സെഞ്ച്വറിക്ക് മറ്റൊരു തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ റെയ്‌ന മറുപടി നല്‍കിയപ്പോള്‍ ഇന്ത്യയുടെ അപരാജിത കുതിപ്പിന് തടയിടാന്‍ സിംബാബ്വെയ്ക്കും കഴിഞ്ഞില്ല. അവസാന ഏകദിനമത്സരം അവിസ്മരണീയമാക്കാമെന്ന സിംബാബ്വെ ക്യാപ്റ്റന്റെ ആഗ്രഹത്തെ തകര്‍ത്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് വാഴ്ത്തപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ ബാറ്റില്‍ നിന്ന് ഒരിക്കല്‍ കൂടി വിജയറണ്‍ ഗാലറിയില്‍ പറന്നിറങ്ങിയത്. ഒരുഘട്ടത്തില്‍ പരാജയം മുന്നില്‍ കണ്ടതിന് ശേഷമാണ് ലോകകപ്പിലെ മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ട് ധോണി-റെയ്‌ന സഖ്യം ഇന്ത്യയ്ക്ക് സമ്പൂര്‍ണ വിജയം സമ്മാനിച്ചത്. റെയ്‌ന 136 ബോളുകളില്‍ നിന്ന് 9 ഫോറും 4 സിക്‌സുമടക്കം 110 റണ്‍സ് നേടിയപ്പോള്‍ 111 പന്തുകളില്‍ നിന്ന് 8 ഫോറും രണ്ടു സിക്‌സുമടക്കം 85 റണ്‍സായിരുന്നു ധോണി നേടിയത്.

288 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 21 റണ്‍സ് എടുക്കുന്നതിനിടയില്‍ രോഹിത് ശര്‍മയെ നഷ്ടമായി. അതേ സ്‌കോറില്‍ തന്നെ മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്റെ കുറ്റിയളകിയതും ഇന്ത്യയെ ഞെട്ടിച്ചു. 20 പന്തില്‍ വെറും നാല് റണ്‍സായിരുന്നു ധവാന്‍ സ്വന്തമാക്കിയത്. അതും ഒരു ഫോറിലൂടെ നേടിയത്. പിന്നാലെ വന്ന രഹാനെയുമായി ചേര്‍ന്ന് കോഹ്ലി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് തോന്നിച്ചപ്പോഴാണ് അനാവശ്യമായി ക്രീസ് വിട്ടിറങ്ങിയ രഹാനെ റണ്‍ ഔട്ടായത്. വൈകാതെ കോഹ്ലിയുടെ വിക്കറ്റും നഷ്ടമായി. 48 പന്തുകളില്‍ നിന്ന് 38 റണ്‍സാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ നേടിയത്. ഇന്ത്യയപ്പോള്‍ 22 ഓവറില്‍ 4 വിക്കറ്റിന് 92 റണ്‍സ് എന്ന നിലയില്‍. ഒരു വിജയം സ്പ്‌നം കണ്ട സിംബാബ്വെ കളിക്കാര്‍ക്ക് അതുവെറും സ്വപ്‌നം മാത്രമാക്കി റെയ്‌ന-ധോണി സഖ്യം ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. ഒരു ബാറ്റ്‌സ്മാന്‍ കാണിക്കേണ്ട ഉത്തരവാദിത്വം എന്താണെന്ന് വീണ്ടുമൊരിക്കല്‍ കൂടി തന്റെ ടീമംഗങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്നതായിരുന്നു ധോണിയുടെ ബാറ്റിംഗ്. ക്യാപ്റ്റന്റെ നിര്‍ദേശം ശിരസാവഹിച്ച പോരാളിയെപോലെ റെയ്‌നയും ബാറ്റ് വീശിയപ്പോള്‍ സിംബാബ്വെ ടീമിന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 94 ബോളുകളിലായിരുന്നു റെയ്‌ന സെഞ്ച്വറി തികച്ചത്. റെയ്‌നയാണ് മാന്‍ ഓഫ് ദി മാച്ച്.

ഗ്രൂപ്പിലെ ആറ് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. 21 ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശ് ആണ് ടീം ഇന്ത്യയുടെ എതിരാളികള്‍.

നേരത്തെ മുന്‍നിരക്കാര്‍ പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബ്രണ്ടന്‍ ടെയ്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സിംബാബ്വെയെ 288 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍