UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വികസന സൂചികയില്‍ ഇന്ത്യ ചൈനയ്ക്കും പാകിസ്ഥാനും താഴെ; ലിത്തുവാനിയ ഒന്നാമത്

ഇന്ത്യ അറുപതാം സ്ഥാനത്താണെങ്കിലും പല അയല്‍രാജ്യങ്ങളും ലിസ്റ്റിന്റെ മുന്‍നിരയില്‍ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്

വേള്‍ഡ് എക്കണോമിക് ഫോറം തയ്യാറാക്കിയ വികസ്വര രാജ്യങ്ങളുടെ വികസന സൂചികയില്‍(ഇന്‍ക്ലൂസീവ് ഗ്രോത്ത് ഇന്‍ഡക്‌സ്) ഇന്ത്യ 60-ാം സ്ഥാനത്ത്. 79 വികസ്വര രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ അറുപതാം സ്ഥാനത്തെത്തിയത്. പല രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള സുപ്രധാനമായ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതായി ഫോറം ഇന്നലെ പുറത്തിറക്കിയ ഇന്‍ക്ലൂസീവ് ഗ്രോത്ത് ആന്‍ഡ് ഡെവലപപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പന്ത്രണ്ട് പ്രവര്‍ത്തന സൂചികകളുടെ അടിസ്ഥാനത്തിലാണ് വികസന സൂചിക കണക്കാക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം, വളര്‍ച്ച, വികസനം, ലാഭം, സുസ്ഥിരത തുടങ്ങിയവയാണ് അവ. ലിതുവാനിയയാണ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അസര്‍ബൈജാന്‍, ഹംഗറി എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ഇന്ത്യ അറുപതാം സ്ഥാനത്താണെങ്കിലും പല അയല്‍രാജ്യങ്ങളും ലിസ്റ്റിന്റെ മുന്‍നിരയില്‍ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. ചൈന പതിനഞ്ചാം സ്ഥാനത്തും നേപ്പാള്‍ 27-ാം സ്ഥാനത്തും ബംഗ്ലാദേശ് 36-ാം സ്ഥാനത്തും പാകിസ്ഥാന്‍ 52-ാം സ്ഥാനത്തുമാണ്. ബ്രിക്‌സില്‍ ഇന്ത്യയുടെ സഖ്യകക്ഷികളായ റഷ്യ 13-ാം സ്ഥാനത്തും ബ്രസീല്‍ 30-ാം സ്ഥാനത്തുമാണ്.

പോളണ്ട്(നാല്), റൊമാനിയ(അഞ്ച്), ഉറൂഗ്വായ്(ആറ്), ലത്‌വിയ(ഏഴ്), പനാമ(എട്ട്), കോസ്റ്ററിക്ക(ഒമ്പത്), ചിലി(പത്ത്) എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിയ രാജ്യങ്ങള്‍. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയും ആളോഹരി വരുമാനത്തിന്റെയും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടും ഇന്ത്യയ്ക്ക് 3.38 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. ദാരിദ്ര്യം ഉയര്‍ന്ന തോതിലാകുന്നതാണ് ഇവിടെ തിരിച്ചടിയായത്.

അതേസമയം കടവും മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും തമ്മലുള്ള അനുപാതം വളരെ ഉയര്‍ന്ന തോതിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സര്‍ക്കാരിന്റെ ചെലവാക്കലിനെ കുറിച്ച് ഏതാനും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വികസിത രാജ്യങ്ങളില്‍ നോര്‍വേയാണ് ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലക്‌സംബര്‍ഗ്, സ്വിറ്റസര്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നാലെയുണ്ട്. സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍