UPDATES

എതിര്‍ ശബ്ദങ്ങളോട് ലാത്തി കൊണ്ട് സംസാരിക്കുന്ന ദീദിക്ക് നന്ദിഗ്രാം ഓര്‍മയുണ്ടോ?

തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സിപിഎം ഏറ്റെടുത്ത് നടത്താന്‍ ശ്രമിച്ച വലിയ പ്രക്ഷോഭങ്ങളിലൊന്നാണ് നബന്ന (സെക്രട്ടറിയേറ്റ്) മാര്‍ച്ച്

10 വര്‍ഷം മുമ്പ് നന്ദിഗ്രാമില്‍ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോള്‍, ഇന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തെരുവിലായിരുന്നു. അന്ന് 14 പേര്‍ പൊലീസ് ഭീകരതയില്‍ കൊല്ലപ്പെടുമ്പോഴും ബംഗാളിന്റെ പ്രിയപ്പെട്ട ദീദി സമരമുഖത്തുണ്ട്. ഇടതുപക്ഷ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കൊടി പിടിച്ച മമതയെ, അവര്‍ 2011-ല്‍ ബംഗാളിന്റെ ആദ്യ വനിത മുഖ്യമന്ത്രിയാക്കിയത് പുത്തന്‍ പ്രതീക്ഷകളിലാണ്. ‘മാ മാതി മാനുഷ്’ (അമ്മ, മാതൃഭൂമി, ജനം) എന്ന തിരഞ്ഞെടുപ്പ് കാലത്തെ തൃണമൂല്‍ മുദ്രവാക്യം ദീദി ഇന്നും ഓര്‍ക്കുന്നുണ്ടോ എന്ന് സന്ദേഹപ്പെടാതെ തരമില്ല. ഇന്ന് കമ്യൂണിസ്റ്റ്കാര്‍ക്കും കര്‍ഷകര്‍ക്കും എതിരെ നടക്കുന്ന തൃണമൂല്‍ ഗുണ്ടായിസത്തിന് നേരെ കണ്ണടയ്ക്കുന്ന ദീദിക്ക് ഒരു ഫാസിസ്റ്റ് നേതാവിന്റെ മുഖമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ നിലംപരിശാക്കിയിട്ടും രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികളില്‍ നിന്ന് തൃണമൂലും ബംഗാള്‍ പൊലീസും പിന്നോട്ട് പോയിട്ടില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മമതയുടെ ഓഫീസിലേക്ക് ഇടത് പാര്‍ട്ടികള്‍ നടത്തിയ സമാധാനപരമായ മാര്‍ച്ചിനെ പൊലീസ് നേരിട്ട രീതി.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സിപിഎം ഏറ്റെടുത്ത് നടത്താന്‍ ശ്രമിച്ച വലിയ പ്രക്ഷോഭങ്ങളിലൊന്നാണ് നബന്ന (സെക്രട്ടറിയേറ്റ്) മാര്‍ച്ച്. ”ബംഗാള്‍ അപകടത്തിലാണ് – നബന്നയിലേക്ക് വരൂ” എന്ന മുദ്രവാക്യം ഉപയോഗിച്ച്, ഇടത് സംഘടനകളായ ‘AIKSU’, ‘AIAWU’ തുടങ്ങിയവ ചേര്‍ന്ന് നടത്തിയ പ്രസ്തുത പ്രക്ഷോഭത്തില്‍ മമത കരുതിയതിലും കൂടുതല്‍ ആളുകള്‍ അണിനിരന്നിരുന്നു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോട്ട് പ്രകാരം കാര്‍ഷിക വിളകള്‍ക്ക് വില നിശ്ചയിക്കുക, പര്‍ച്ചേസ് സെന്ററുകള്‍ തുടങ്ങുക, കര്‍ഷക ആത്മഹത്യ തടയുക, ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുക, തൊഴിലുറപ്പ് പദ്ധതി (MNREGA) കൃത്യമായി നടപ്പാക്കുക, നികുതിയില്ലാതെ ധാന്യം ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര തീരുമാനം പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് കൃത്യമായ ഇന്‍ഷുറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുക, പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വില കുറയ്ക്കുക തുടങ്ങി പതിനെട്ട് ആവശ്യങ്ങളായിരുന്നു നബന്ന മാര്‍ച്ച് മുന്നോട്ട് വച്ചത്. എന്നാല്‍ ആ പഴയ വിപ്‌ളവ നേതാവ് ആവട്ടെ, നബന്ന മാര്‍ച്ച് നടന്ന അതേ ദിവസം ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ ഔദ്യോഗിക യോഗം സംഘടിപ്പിച്ച് സ്ഥലം വിടുകയാണ് ചെയ്തത്. നന്ദിഗ്രാം രക്ഷസാക്ഷികളുടെ ഓര്‍മ്മ ദിവസത്തില്‍, കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുമെന്നും മമത പറഞ്ഞ് ഒരു മാസം തികയുമ്പോഴാണ് കര്‍ഷക സംഘടനയ്ക്ക് നേരെയുള്ള പൊലീസ് നടപടി.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരത്തോളം പേര്‍ക്ക് നേരെ ബംഗാള്‍ പൊലീസ് ലാത്തി ചാര്‍ജ്ജ് അഴിച്ച് വിടുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രക്ഷോഭകരുടെ മെമ്മോറാണ്ടം സ്വീകരിക്കാന്‍ പോലും അധികാരികള്‍ തയ്യാറായില്ല. സ്ത്രീകളോട് നേരെ ബംഗാള്‍ പൊലീസ് അപമര്യദയായി പെരുമാറിയെന്നും സമരക്കാര്‍ പ്രക്ഷോഭ മേഖലയില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ബാരിക്കേഡുകള്‍ സൃഷ്ടിച്ചെന്നും ഇടത് സംഘടനകള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിക്കുന്നു. ഇടതുമുന്നണി നേതാക്കളായ ബിമന്‍ ബസു, കാന്തി ഗാംഗുലി, സുജന്‍ ചക്രബര്‍ത്തി, ഹനന്‍ മൊള്ള എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അശോക് ഭട്ടാചാര്യ, തന്മയ് ഭട്ടചാര്യ, മാനസ് മുഖര്‍ജി തുടങ്ങിയ 11 ഇടത് എംഎല്‍എമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ വിടുതലും ആക്രമണം അഴിച്ചു വിട്ട പൊലീസുകാര്‍ക്കെതിരെ നടപടിയും അഖിലേന്ത്യാ കിസാന്‍ സഭ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയേക്കാള്‍ ഭയാനകം എന്നാണ് ബംഗാളിലെ പൊലീസ് നടപടിയെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചത്. പ്രതിഷേധിക്കാന്‍ പോലും ബംഗാളില്‍ അവകാശമില്ല, നബന്നയുടെ 8 കിലോമീറ്ററുകള്‍ ഇപ്പുറത്ത് വെച്ച് പൊലീസ് സമരക്കാരെ നേരിട്ടതിന് ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് നേരെ നടന്ന അക്രമത്തെ കുറിച്ച് പ്രതികരിക്കാന്‍ വിശ്വഭാരതി സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടപ്പോള്‍, സംഭവത്തെ നിസാരവത്ക്കരിച്ചു കൊണ്ടാണ് മമത സംസാരിച്ചത്. തൃണമൂല്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ പാര്‍ത്ഥ ചാറ്റര്‍ജി സമരത്തെ വിലയിരുത്തിയത് തിരഞ്ഞെടുപ്പ് തോല്‍വി മറികടക്കാനുള്ള ഇടതു സംഘടനകളുടെ തന്ത്രമായിട്ടാണ്. കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങളോ അവയുടെ പ്രാധാന്യമോ അദ്ദേഹത്തിന്റെ പ്രതികരണ പ്രസ്താവനയില്‍ ഇടം കണ്ടെത്തിയില്ല. എതിര്‍ ശബ്ദങ്ങളോട് ലാത്തി കൊണ്ട് സംസാരിക്കുന്ന മുഖ്യമന്ത്രിക്ക് ജനകീയ മുഖമല്ല ഉള്ളതെന്ന് വ്യക്തം. കിസാന്‍ സഭ സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബംഗാളില്‍ പെരുകി വരുന്ന കര്‍ഷക ആത്മഹത്യയും കാര്‍ഷിക വിളകളുടെ വിലയിടിവും നേരിടാന്‍ ലാത്തിക്കും കണ്ണീര്‍ വാതകത്തിനും സാധിക്കില്ല. കര്‍ഷകരോട് സമാന നിലപാടാണ് തൃണമൂല്‍ ഗവണ്മെന്റ് തുടര്‍ന്നും കാണിക്കുന്നതെങ്കില്‍ വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങളാവും ഇനി ബംഗാള്‍ കാണാനിരിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍