UPDATES

ട്രെന്‍ഡിങ്ങ്

‘ജനനം മുതൽ മരണം വരെ’ എന്തിനും വേണ്ടിവരുന്ന വിഹിതപ്പണം; രാഷ്ടീയ ഗുണ്ടകളുടെ ബംഗാള്‍

പൗരന്മാരിൽ നിന്നും ഭീഷണിപ്പെടുത്തി പിരിച്ചെടുത്ത പണം തിരിച്ചുനൽകാൻ മമത ബാനർജി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടതു മുതൽ വിഹിതപ്പണം ബംഗാളില്‍ ചര്‍ച്ചയായിരിക്കുകയാണ്

പാർട്ടി പ്രവർത്തകർക്കുള്ള വിഹിതമായി പൗരന്മാരിൽ നിന്നും ഭീഷണിപ്പെടുത്തി പിരിച്ചെടുത്ത പണം തിരിച്ചുനൽകാൻ മുഖ്യമന്ത്രി മമത ബാനർജി തന്റെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടതു മുതൽ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരുടെ ‘വിഹിതപ്പണം’ പശ്ചിമ ബംഗാളിൽ കോലാഹലമുയർത്തുന്ന വിഷയമായി മാറിയിരിക്കുന്നു.

ഭരണകൂടത്തിന്റെ സഹകരണം ആവശ്യമുള്ള ഏതൊരു കാര്യത്തിനും പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ ജനങ്ങളിൽ നിന്നും നിർബന്ധിതമായി ഈടാക്കിയിരുന്ന വിഹിതത്തിനാണ് ‘വിഹിതപ്പണം’ എന്ന് പറയുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള പാർലമെന്റംഗം ലോക്കറ്റ് ചാറ്റർജി വിശേഷിപ്പിച്ച പോലെ ‘ജനനം മുതൽ മരണം വരെ’ എന്തിനും വേണ്ടിവരുന്ന ഒന്ന്.

സർക്കാർ സബ്സിഡിയോ സർക്കാർ പദ്ധതികളോ ആണെങ്കിൽ ഗുണഭോക്താവിന്‌ ലഭിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം വിഹിതമായി നൽകണം. വിഹിതം എത്രയാണെന്ന് പ്രാദേശിക രാഷ്ട്രീയ പ്രവർത്തകൻ ഏകപക്ഷീയമായി തീരുമാനിക്കും. ഇങ്ങനെ പിരിക്കുന്ന പണം പല തലങ്ങളിലുള്ള രാഷ്ട്രീയ നേതാക്കൾ പങ്കിടുന്നു.

പുതിയ ഗ്യാസ് കുറ്റി ലഭിക്കാൻ, കേന്ദ്ര പദ്ധതിയിൽ വീട് പണിയാൻ, പൊതുവിതരണ സംവിധാനത്തിൽ ആനുകൂല്യങ്ങളോടെയുള്ള റേഷൻ കാർഡ് ലഭിക്കാൻ, വരുമാന സാക്ഷ്യപത്രത്തിന്, കേന്ദ്ര, സംസ്ഥാന സ്‌കോളർഷിപ്പുകൾ-ഇതിനെല്ലാം പ്രാദേശിക രാഷ്ട്രീയ പ്രവർത്തകന് വിഹിതം കൊടുക്കണമെന്ന് പുറത്തുവരുന്ന നിരവധി വാർത്തകൾ സൂചിപ്പിക്കുന്നു. പണം കൈപ്പറ്റിയ അയാൾ പ്രാദേശിക ഭരണസംവിധാനമോ സർക്കാർ കാര്യാലയങ്ങളോ ആയി ബന്ധപ്പെട്ട കാര്യം നടത്തിച്ചുകൊടുക്കുന്നു.

നഗരസഭയിൽ ജനന, മരണ സാക്ഷ്യപത്രങ്ങൾ രേഖപ്പെടുത്തൽ, വിവാഹം രേഖപ്പെടുത്തൽ, കച്ചവടത്തിന് അനുമതിപത്രം ലഭിക്കൽ ഇതെല്ലാം ഭരണകക്ഷിയുടെ പ്രാദേശിക പ്രവർത്തകരുടെ നിയന്ത്രണത്തിലാണ്. വിഹിതപ്പണത്തിന്റെ സംസ്കാരം ജീവിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും നിലനിൽക്കുന്നു.

കാര്യങ്ങൾ പലതും ഡിജിറ്റൽ മാർഗത്തിലാക്കിയെങ്കിലും ഒരു ഗുണഭോക്താവിന്‌ ഇത്തരം പദ്ധതികൾ നേരിട്ട് ലഭിക്കാതിരിക്കാൻ പല കാരണങ്ങളുമുണ്ട്. ഇവയൊക്കെ ലഭിക്കാൻ രജിസ്റ്റർ ചെയ്യുകയും പല തരത്തിലുള്ള പരിശോധനകളുടെ കടമ്പ കടക്കുകയും വേണം. ഭരണകക്ഷിയുടെ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ രജിസ്‌ട്രേഷനും പരിശോധന പ്രക്രിയയും നിയന്ത്രിക്കുകയും ഗുണഭോക്താക്കളെ സഹായത്തിനായി വിഹിതപ്പണം നൽകി തങ്ങളെ സമീപിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യും.

നിരക്ഷരതയും വിദ്യാഭ്യാസമില്ലായ്മയും എല്ലാം ഡിജിറ്റൽ സാക്ഷരത നേടുന്നതിന് തടസമായി. അതുകൊണ്ട് നിരവധി കോടി ഇന്ത്യക്കാർക്ക് സ്മാർട് ഫോൺ ഉണ്ടെങ്കിലും മിക്കവയും ഓൺലൈൻ വഴിയായ ഇത്തരം പദ്ധതികൾ ലഭിക്കുന്നതിനായി അവ ഉപയോഗിക്കാൻ അവർക്കറിയില്ല.

കച്ചവടം സുഗമമായി നടത്താനും ബംഗാളിൽ ഇങ്ങനെ വിഹിതം കൊടുക്കേണ്ടിവരുന്നുണ്ട്. ഇതുവരെയും അത് അനൗപചാരികമായും ചിലപ്പോൾ മാത്രം വാർത്താമാധ്യമങ്ങളിലും ചർച്ച ചെയ്യുകയായിരുന്നു. എന്നാൽ കൊൽക്കത്ത ഹൈക്കോടതിയിൽ വന്ന ഒരു ഹർജിയോടെയാണ് ഇവ പൊതുചർച്ചയിൽ വന്നത്. കൊൽക്കത്തയിൽ ഒരു പുതിയ ആശുപ്രത്രി പണിയുന്നതിന് തങ്ങളിൽ നിന്നും 30 ലക്ഷം രൂപം വിഹിതം ചോദിച്ചതായി രണ്ട് കച്ചവടക്കാർ അവകാശപ്പെട്ടു.

വിഹിതം നല്കിയുണ്ടാക്കുന്ന ഇത്തരം കച്ചവടങ്ങൾ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് സകല നിയമങ്ങളും കാറ്റിൽപ്പറത്തി, തടസങ്ങളില്ലാതെ പ്രവർത്തിക്കും. വിഹിതപ്പണം ഇടവേളകളിൽ കൃത്യമായി എത്തിച്ചാൽ ഭരണകൂടമോ നിയന്ത്രണ സംവിധാനങ്ങളോ നിങ്ങളെ തൊടില്ല. ആരോഗ്യപരിരക്ഷ പോലുള്ള മേഖലകളിൽ ഇത് വലിയ കുഴപ്പങ്ങളുണ്ടാക്കും. കുറച്ചു വർഷങ്ങൾക്ക് മുമ്പ് തെക്കൻ കൊൽക്കത്തയിൽ അഗ്നിബാധയുണ്ടായ ഒരു സ്വകാര്യ ആശുപത്രി ഇത്തരത്തിൽ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് പ്രവർത്തിച്ചത് എന്ന് പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ ഈ വിഷയം പൊന്തിവരാനുള്ള കാരണം. സംസ്ഥാനത്തെ 42 സീറ്റുകളിൽ ബി ജെ പി 18 എണ്ണം നേടി. ആദ്യത്തെ ആറ് ഘട്ടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കടുത്ത മത്സരമായിരുന്നവെങ്കിൽ, 19-ആം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്ക്കർത്താവായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ചില സാമൂഹ്യവിരുദ്ധർ തകർത്തതിന് ശേഷം നടന്ന ഏഴാം ഘട്ടത്തിൽ ബി ജെ പിക്ക് വലിയ തിരിച്ചടി നേരിട്ടു.

ബി ജെ പി സംസ്ഥാനത്ത് സ്വാധീനം വർധിപ്പിക്കുന്നു എന്നുകണ്ട മമത ബാനർജി പൗരന്മാരിൽ നിന്നും വാങ്ങിയ വിഹിതപ്പണം തിരിച്ചു നൽകാൻ തന്റെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനോടുള്ള ബഹുജന പ്രതികരണം കാട്ടുതീ പോലെയാണ് പടർന്നത്. താഴെത്തട്ടിലുള്ള പല പാർട്ടി പ്രവർത്തകരും പണം തിരിച്ചുകൊടുക്കാൻ ബാനർജി ആവശ്യപ്പെട്ടതോടെ നെട്ടോട്ടത്തിലാണ് എന്ന് ദിനപ്പത്രങ്ങൾ പറയുന്നു. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട തന്റെ കക്ഷിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് മമത ബാനർജി ഈ പ്രഖ്യാപനം നടത്തിയതെന്ന് നിരീക്ഷകർ പറയുന്നു. രണ്ടു വർഷം കഴിഞ്ഞാൽ 2021-ലാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസിന്റെ ഏക ശക്തികേന്ദ്രമായ ബംഗാളിൽ ബി ജെ പി അവരുടെ ശക്തരായ ഏക എതിർകക്ഷിയായി ഉയർന്നുവന്നിരിക്കുന്നു.

ഈ ചർച്ച ബംഗാളിലെ വിഹിതപ്പണ സംസ്കാരത്തിന്റെ ചരിത്രത്തിലേക്കും നയിച്ചു. ഏതാണ്ട് നാല് പതിറ്റാണ്ടോളം സംസ്ഥാനം ഭരിച്ചത് സി പി എം ആയതുകൊണ്ട് ഇടതുകക്ഷിയുടെ പാരമ്പര്യമായാണ് ഇതിനെ കാണുന്നത്. ചിട്ടി തട്ടിപ്പുകളും സി പി എമ്മിന്റെ കാലത്തേക്കാണ് ചൂണ്ടുന്നത്. തൃണമൂൽ കോൺഗ്രസ് വന്നതോടെ ഇത്തരം ചിട്ടി തട്ടിപ്പുകാരിൽ നിന്നും തൃണമൂൽ നേതാക്കന്മാർക്കും പണം കിട്ടിയതായാണ് ആരോപണം. സി പി എം നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭൂമി ഏറ്റെടുക്കലിനെതിരായി സമരം നടന്ന, മമത ബാനർജിയെ അധികാരത്തിലെത്താൻ സഹായിച്ച സിംഗൂർ പോലുള്ള പ്രദേശങ്ങളിലും ഇത് നടന്നു.

തൃണമൂൽ കോൺഗ്രസിന്റെ ന്യൂനപക്ഷ അനുകൂല നിലപാടുകളും വിപുലമാകുന്ന കുറ്റവാളി-കച്ചവട ബന്ധങ്ങളും മധ്യവർഗ്ഗത്തെ തൃണമൂല്‍ ഭരണത്തിൽ ശ്വാസം മുട്ടിക്കുന്നു എന്നാണ് കരുതാൻ കഴിയുന്നത്.

അടുത്ത തെരഞ്ഞെടുപ്പിൽ ബംഗാൾ പിടിച്ചെടുക്കാനുള്ള ദൗത്യവുമായി ഇറങ്ങിയ ബി ജെ പിക്ക് തൃണമൂലിനെതിരായ ഈ പൊതുവികാരം അനുകൂലമാക്കാനായി. ഇത് വിഹിതപ്പണത്തെ കുറിച്ചും ഗുണ്ടകളും കച്ചവടക്കാരും രാഷ്ട്രീയക്കാരുമായുള്ള അവിശുദ്ധ ബന്ധത്തെ പൊതുചർച്ചയിൽ കൊണ്ടുവന്നു. അഴിമതി ആരോപണം നേരിടുന്ന പ്രാദേശിക പ്രവർത്തകരെ ബി ജെ പിയും ഒഴിവാക്കാൻ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തു ഗ്യാസ് കണക്ഷൻ നൽകുന്നതിൽ അഴിമതി ആരോപണം നേരിടുന്ന ഒരു സംസ്ഥാനതല ഭാരവാഹിയുടേത് ഇതിനുള്ള ഒരുദാഹരണമാണ്. പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ബാനർജിയുടെ ശ്രമങ്ങൾ ഫലം കാണുന്നുണ്ടോ എന്ന് 2021-ൽ അറിയാം.

Read More: ഹരിത ഫിനാന്‍സില്‍ വായ്പയ്ക്കായി നിക്ഷേപിച്ചത് നെടുങ്കണ്ടം പഞ്ചായത്തിലെ അഞ്ച് വനിത മെംബര്‍മാര്‍; രാജ് കുമാര്‍ ‘റിട്ടയേര്‍ഡ് പോസ്റ്റ് മാസ്റ്റര്‍’, ‘ക്യാന്‍സര്‍ രോഗി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍