UPDATES

ട്രെന്‍ഡിങ്ങ്

ഭീമ കൊറിഗാവ്: ദലിതര്‍ക്കെതിരായ അക്രമത്തിന് ഉത്തരവാദികളായവര്‍ക്ക് സുഖവാസം; ബിജെപി ‘ബലിയാടു’കളെ തേടുന്നു

മോദി സര്‍ക്കാരിലെ മന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) നേതാവുമായ രാംദാസ് അതാവാലെയും പറയുന്നത് ഇതാണ്. നിങ്ങള്‍ മേവാനിയ കുറ്റപ്പെടുത്താതെ യഥാര്‍ത്ഥ പ്രതികളെ പിടിക്കൂ എന്ന്.

പൂനെയിലെ ഭീമ കൊറിഗാവില്‍ ദലിതര്‍ക്കെതിരായ അക്രമത്തിന് ഉത്തരവാദികളായവരാരും ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനവ്യാപകമായി ഉയര്‍ന്നുവന്നിരിക്കുന്ന ശക്തമായ ദലിത് പ്രതിഷേധത്തില്‍ സമ്മര്‍ദ്ദത്തിലായ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ യഥാര്‍ത്ഥ പ്രതികളെ പിടിക്കുന്നതിന് പകരം ബലിയാടുകളാക്കാന്‍ പറ്റിയവരെ തേടുകയാണ് എന്നാണ് സ്‌ക്രോള്‍ (scroll.in) പറയുന്നത്. ദലിതര്‍ക്കെതിരായ അക്രമത്തിന് ഉത്തരവാദികളായ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെയൊന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ദലിതര്‍ക്കെതിരായ അക്രമത്തിനും തുടര്‍ന്നുള്ള സംഘര്‍ഷത്തിനും ഉത്തരവാദികളെന്ന് ആരോപണവിധേയരായ സംഭാജി ഭിഡെയേയും മിലിന്ദ് ഏക്‌ബോതെയേയും അറസ്റ്റ് ചെയ്യണമെന്ന് ദലിത് നേതാവ് പ്രകാശ് അംബേദ്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി കേന്ദ്ര, സംസ്ഥാന ഭരണ നേതൃത്വവുമായും വലിയ അടുപ്പവും സ്വാധീനം ചെലുത്താന്‍ കഴിയുന്നതുമായ രണ്ട്  വ്യക്തികളാണ് സംഭാജി ഭിഡെയും മിലിന്ദ് ഏക്‌ബൊതെയും. എന്നാല്‍ രാജ്യസഭയില്‍ ബിജെപി എംപി അമര്‍ ശങ്കര്‍ സാബ്ലെ ജിഗ്നേഷ് മേവാനിയേയും ഉമര്‍ ഖാലിദിനേയും കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ബിജെപി അനുകൂല ടിവി ചാനലുകളും ഇത്തരത്തിലുള്ള പ്രചാരണമാണ് നടത്തിയത്.

മോദി സര്‍ക്കാരിലെ മന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) നേതാവുമായ രാംദാസ് അതാവാലെയും പറയുന്നത് ഇതാണ്. നിങ്ങള്‍ മേവാനിയ കുറ്റപ്പെടുത്താതെ യഥാര്‍ത്ഥ പ്രതികളെ പിടിക്കൂ എന്ന്. ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ രണ്ട് പേരും കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് പൊലീസിന്റെ ആരോപണം. ഇവര്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന മുംബൈയിലെ പരിപാടിക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.

മറാത്ത സമുദായക്കാര്‍ ദലിതര്‍ക്കെതിരെ നടത്തിയ അക്രമമാണ് മുംബൈയിലെ സംഘര്‍ഷത്തിന് കാരണമെന്ന് രാംദാസ് അതാവാലെ മുംബയ് മിററിനോട് പറഞ്ഞു. മേവാനിക്ക് മുംബൈയിലെ സംഘര്‍ഷങ്ങളില്‍ യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയെന്ന നിലയില്‍ തനിക്ക് ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്യാനാവില്ലെന്നും പ്രകാശ് (പ്രകാശ് അംബേദ്കര്‍) ആണ് പ്രതിഷേധത്തിന്റെ നേതൃമുഖമെന്നും രാംദാസ് അതാവാലെ പറഞ്ഞു. പ്രകാശ് അംബേദ്കറും അതാവാലെയുമെല്ലാം നേതൃത്വം നല്‍കിയിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പല ഗ്രൂപ്പുകളായി പിന്നീട് പിളരുകയായിരുന്നു. ഇരുവരും ആര്‍പിഐയെ ഒരേസമയം ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രകാശ് അംബേദ്കറിന്റെ പാര്‍ട്ടിയുടെ പേര് ഭരിപ ബഹുജന്‍ മഹാസംഘ് എന്നാണ്. ഏതായാലും ഭീമ കൊറിഗാവില്‍ ദലിതര്‍ക്ക് നേരെയുണ്ടായ അക്രമവും അതിനെതിരെ ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധവും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ ചലനമാണ് ഉണ്ടാക്കുന്നത് വിഘടിച്ചുപോയ ദലിത് ഗ്രൂപ്പുകള്‍ വീണ്ടും യോജിക്കുന്നു എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് രാംദാസ് അതാവാലെ ഇക്കാര്യം പറയുന്നത് എന്നത് ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍