UPDATES

ട്രെന്‍ഡിങ്ങ്

ഭീമ കൊറിഗാവ്: പ്രകാശ് അംബേദ്‌കറും സംഘപരിവാറിനെതിരായ ദലിത് – മറാത്ത ഐക്യവും

രണ്ട് പതിറ്റാണ്ടിലേറെയായി സംഭാജി ഭിഡെയും അണികളും മറാത്ത ജനതയെ ആശയപരമായ മനംമാറ്റലുകള്‍ക്ക് വിധേയരാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് സാംബാജി ബ്രിഗേഡ് എന്ന മറാത്തി റാഡിക്കല്‍ സംഘടനയുടെ സജീവപ്രവര്‍ത്തക നേതാവും കൂടിയായ ഗോഡ്സെ പറയുന്നത്.

ജനുവരി-1ന് പൂനെക്കടുത്തുള്ള ഭിമ കൊറിഗാവ് സന്ദര്‍ശിച്ച ദലിതര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളിലെ പ്രധാന കുറ്റാരോപിതനായ, ‘ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍’ സംഘടന നേതാവ് സംഭാജി ഭിഡെയെ അറസ്റ്റ് ചെയ്യാത്ത പൊലീസിന്റെ സമീപനമാണ് മുംബൈ ആസാദ് മൈദാനില്‍ മാര്‍ച്ച്-26 ന് 50,000 ഓളം അംബേദ്കറൈറ്റുകള്‍ പങ്കെടുത്ത വന്‍ സമരമുന്നേറ്റത്തിലേക്ക് നയിച്ചത്. ഭാരിപ് ബഹുജന്‍ മഹാസംഘിന്റെ (ബി.ബി.എം) നേതാവ് പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കിയ പ്രസ്തുത സമരത്തിന് അനേകം ചെറുകിട രാഷ്ട്രീയ സാമൂഹ്യ കൂട്ടായ്മകളുടെ പിന്തുണ ലഭിക്കുകയും അത് വലിയൊരു ബഹുജനമുന്നേറ്റമാവുകയും ചെയ്തു. മഹാരാഷ്ട്രയിലെ വിവിധ മുസ്ലിം മറാത്ത സംഘടനകള്‍ കൂടി ചേര്‍ന്നതോടെ ത്രികോണാകൃതിയില്‍ കിടക്കുന്ന 25 ഏക്കര്‍ മൈതാനം സമരക്കാരെക്കൊണ്ട് നിറഞ്ഞു.

തന്റെയും അനുഭാവികളുടെയും തീരുമാനപ്രകാരം ഭിഡെയെ അറസ്റ്റ് ചെയ്യാന്‍ മാര്‍ച്ച് 26 വരെ പൊലീസിന് സമയം നല്‍കാമെന്ന് ബി.ബി.എം നേതാവ് പ്രകാശ് അംബേദ്കര്‍ റാലിയില്‍ അറിയിച്ചു. ” അത് കഴിഞ്ഞാല്‍ ഞങ്ങള്‍ വിധാന്‍ ഭവനിലേക്ക് (നിയമസഭ) മാര്‍ച്ച നടത്തും. ഇത്തവണ മുഖ്യമന്ത്രി ദേവേന്ദ്ര ഫാദ്‌നാവിസോ പൊലീസോ മാത്രമല്ല നരേന്ദ്ര മോദിയും ഞങ്ങളുടെ ലക്ഷ്യത്തിലുണ്ട് ” അദ്ദേഹം പറയുന്നു. ബൈക്കുള മുതല്‍ തെക്കേ മുംബൈയിലെ ആസാദ് മൈദാനം വരെ 5 കിലോമീറ്റര്‍ ദൂരം പ്രഭാതസമയത്തെ തിരക്കിട്ട ട്രാഫിക്കിനിടെ പദയാത്രയായി എത്തിച്ചേരാനായിരുന്നു പ്രകാശ് അംബേദ്കര്‍ നേരത്തെ ആഹ്വാനം ചെയ്തത്. എന്നാല്‍ ഇതിനുള്ള അനുവാദം ലഭിക്കാതിരുന്നതിനാലാണ് സമരക്കാരോട് മുംബൈയിലെ പതിവു സമരനിലമായ ആസാദ് മൈദാനത്തില്‍ ഒത്തുകൂടാന്‍ നിര്‍ദ്ദേശിച്ചത്.

ആര്‍എസ്എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഭാജി ഭിഡെയേയും മുമ്പ് മൂന്ന് തവണ പൂനെ ആര്‍ എസ് എസ് കോര്‍ഡിനേറ്ററും പൂനെയില്‍ ബിജെപി കൌണ്‍സിലറും ആയിരുന്ന സമസ്ത ഹിന്ദു ആഗാധി നേതാവ് മിലിന്ദ് എക്ബൊതെയുടേയും പേരുകള്‍ ഭീമ കൊറിഗാവ് അക്രമത്തിന്റെ പ്രധാന ആസൂത്രകരെന്ന നിലയില്‍ ആദ്യം പറഞ്ഞത് തുടക്കത്തിലേ പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന പ്രകാശ് അംബേദ്കറാണ്. ബ്രാഹ്മണിക്കല്‍-ഹിന്ദുത്വ നേതൃത്വ സഖ്യങ്ങള്‍ അതീവ ശ്രദ്ധയില്‍ മുന്‍കൂട്ടി ഗൂഢാലോചന നടത്തി സംഘടിപ്പിച്ച പദ്ധതിയാണ് ഈ ആക്രമണം എന്നാണ് പ്രകാശ് അംബേദ്കര്‍ ആരോപിക്കുന്നത്. ബ്രാഹ്മിണ്‍ പെഷ്വാ ഭരണ വ്യവസ്ഥക്ക് അന്ത്യം കുറിക്കാന്‍ മഹര്‍ സമുദായം ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് പോരാടിയ ഭിമ കൊറിഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികമാണ് ഇത്.

അക്രമികളെയും അക്രമത്തില്‍ ഇടപെട്ടവരേയും ഒഴിവാക്കിക്കൊണ്ട് സമരത്തില്‍ പങ്കെടുത്തവരെയാണ് പോലീസ് വേട്ടയാടിയത്. കുട്ടികളടക്കം 20,000 ല്‍ പരം ആളുകളെ ഇതുപ്രകാരം പ്രതിപട്ടികയില്‍ ചേര്‍ത്തിരുന്നു. പ്രക്ഷോഭകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളെല്ലാം പിന്‍വലിക്കാം എന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് മാര്‍ച്ച് 13 ഉത്തരവിട്ടിരുന്നുവെന്നും എന്നാല്‍ അത് വെറും കപട വാഗ്ദാനമായിരുന്നുവെന്ന് പ്രകാശ് അംബേദ്‌കര്‍ പറയുന്നു. മാര്‍ച്ച് 14ന് സുപ്രീംകോടതി ഏക്‌ബൊതെയ്ക്ക് മുന്‍കൂര്‍ജാമ്യം നിക്ഷേധിച്ചതിന് ശേഷം മാത്രമാണ് പൂനെയില്‍ വച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതത്. ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് എക്‌ബൊതെ ഇപ്പോളും.

‘ഭിഡെ ഗുരുജി’ എന്നറിയപ്പെടുന്ന സംഭാജി ഭിഡെക്ക് പടിഞ്ഞാറന്‍ മഹാരാഷ്ട്ര പ്രദേശങ്ങളില്‍ വലിയ സ്വാധീനമാനുള്ളത്. സാംഗ്ലി, സതാറ, ഖോലാപൂര്‍ തുടങ്ങിയ ജില്ലകളില്‍ പ്രത്യേകിച്ചും. ‘ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാനി’ന്റെ കീഴില്‍ പ്രസ്തുത പ്രദേശങ്ങളിലെ യുവതയെ ഒരുമിപ്പിക്കുകയും ഊര്‍ജസ്വലരാക്കുകയും ചെയ്യുന്നതിലും അവരില്‍ ഹിന്ദുത്വ മൂല്യങ്ങള്‍ ദൃഢീകരിക്കുന്നതിലും പ്രകടമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിവരുന്നു.

ഛത്രപതി ശിവജിയുടെ മകന്റെ പേരാണ് അദ്ദേഹത്തിന് ലഭിച്ചത്. പല ആക്രമണങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ആദില്‍ ഷായുടെ സേനാധിപനായിരുന്ന അഫ്ജല്‍ ഖാനെ ശിവജി വധിച്ച ചരിത്രസംഭവവുമായി ബന്ധപ്പെട്ട കലാസൃഷ്ടികള്‍ അദ്ദേഹത്തിന്റെ സ്വദേശമായ സംഗ്‌ളിയില്‍ നടക്കുന്ന ഗണേഷ് പാന്തല്‍ മഹോസവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുവാദം കലാകാരന്മാര്‍ക്ക് നിക്ഷേധിക്കപ്പെട്ടത് ഈയടുത്താണ്.

2008ല്‍ പുറത്തിറങ്ങിയ ”ജോധ അക്ബര്‍” എന്ന സിനിമക്കെതിരായുള്ള പ്രക്ഷോഭങ്ങള്‍ക്കും അദ്ദേഹം നേതൃത്വം വഹിച്ചു. കലാപ സംബന്ധമായതും, കള്ളക്കടത്ത്, ക്രിമിനല്‍ പ്രേരണാ കുറ്റം,ഇരു സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും സ്പര്‍ധയും പരത്തല്‍, തുടങ്ങിയ വിഭാഗങ്ങളിലായി 12 ഓളം കേസുകള്‍ എക്ബോതെക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 5 എണ്ണത്തില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

2016ലെ മറാത്ത മോര്‍ച്ചക്ക് (പദയാത്ര) ശേഷം മറാത്ത സമുദായത്തെ സംബന്ധിച്ച് ഒരു ദലിത് വിരുദ്ധ ചിത്രമാണ് രൂപപ്പെട്ടിട്ടുണ്ടായിരുന്നത്. എന്നിരുന്നാലും കഴിഞ്ഞ ദിവസം നടന്ന പദയാത്രയില്‍ മറാത്ത യുവത കൈകോര്‍ത്തത് വലിയ ഭൂരിപക്ഷത്തോടെയാണ്. ‘മറാത്ത സേവ് സംഘ്’ നേതാവും എഴുത്തുകാരനുമായ ശ്രിമന്ത് കോകാടെ അംബേദ്കറോടൊപ്പം വേദി പങ്കിട്ട പ്രസ്തുത പരിപാടിയില്‍ പൂനെയില്‍ നിന്നും സതാറയില്‍ നിന്നുമുള്ള അനേകം യുവനേതാക്കള്‍ പങ്കെടുത്തു.

”മുഖ്യ ശത്രുവിനെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ഇരു സമുദായങ്ങളെ തമ്മിലടിപ്പിക്കുവാനുള്ള പരിശ്രമങ്ങള്‍ ബ്രാഹ്മണിക്കല്‍ ശക്തികളും മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പദയാത്രയില്‍ പങ്കെടുത്തുകൊണ്ട് അംബേദ്കറൈറ്റുകളുമായി ബന്ധം സ്ഥാപിച്ചെടുക്കുകയും അത് പൊതുജനത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതിനുള്ള യഥാര്‍ത്ഥ അവസരമാണ് ഇതെന്നുള്ളത് നമ്മള്‍ മനസിലാക്കി കഴിഞ്ഞു” എന്ന് ലൊനാവാലയില്‍ കോളേജ് ചരിത്രാദ്ധ്യാപകനായ സോമന്ത് ഉത്തം ഗോഡ്സെ പറയുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി സംഭാജി ഭിഡെയും അണികളും മറാത്ത ജനതയെ ആശയപരമായ മനംമാറ്റലുകള്‍ക്ക് വിധേയരാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് സാംബാജി ബ്രിഗേഡ് എന്ന മറാത്തി റാഡിക്കല്‍ സംഘടനയുടെ സജീവപ്രവര്‍ത്തക നേതാവും കൂടിയായ ഗോഡ്സെ പറയുന്നത്. ”മറാത്തി ജനതയെ പ്രകോപിതരാക്കിക്കൊണ്ട് അവരെ മുസ്ലീങ്ങള്‍ക്കും ദലിതര്‍ക്കും എതിരെ നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഭിഡെ തുടങ്ങിയിട്ട് ഏകദേശം രണ്ട് പതിറ്റാണ്ട് തികയാറായി. സ്വന്തം ജനതയെ (ബ്രാഹ്മണ വിഭാഗം) ഒത്തൊരുമിപ്പിക്കുകയോ ഊര്‍ജവല്‍ക്കരിക്കുകയോ ചെയ്യുന്നതിന് പകരം രാജ്യത്തെ യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ട് സമൂഹത്തില്‍ വിഭജനങ്ങളുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ് അവര്‍”എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീമ കൊറിഗാവ് ആക്രമണം തന്നെയായിരുന്നു ആസാദ് മൈദാന്‍ പദയാത്രയുടെ ഉദ്ദേശ വിഷയം. ഒത്തുകൂടിയവരില്‍ പലരും പ്രാദേശിക തലത്തില്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ജാല്‍ഗണില്‍ നിന്നുള്ള വിധവയും അമ്മയുമായ റസിയ കപടേവാല ഇവിടെയെത്തിയത് തന്റെ പെന്‍ഷന്‍ സംബന്ധിച്ച പ്രതീക്ഷകളുമായാണ്. ”എന്റെ ഭര്‍ത്താവ് മരിച്ചിട്ട് പത്ത് വര്‍ഷത്തോളമാകുന്നു. അന്നുതൊട്ട് ഇന്നേവരെ പ്രതിമാസ പെന്‍ഷനു വേണ്ടിയുള്ള ഓട്ടത്തിലാണ്. അടുത്തിടെയാണ് നഗരത്തിലെ ഭാരിപ് പ്രവര്‍ത്തകരെ പരിചയപ്പെടുന്നത് ഈ പ്രശ്ത്തില്‍ അവര്‍ വളരെയധികം സഹായിച്ചിട്ടുണ്ട് – കപടേവാല പറയുന്നു.

പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അടുത്തിടെ സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്നും പൊതുമേഖലാ ജീവനക്കാരെയും സ്വകാര്യ മേഖലാ ജീവനക്കാരെയും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശ രേഖകള്‍ പുറപ്പെടുവിച്ചതായും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. SC/ ST വിഭാഗങ്ങള്‍ക്ക് മേലുള്ള അടിച്ചമര്‍ത്തലുകള്‍ ഇല്ലാതാക്കാനുള്ള നിയമവുമായി സംബന്ധിച്ച കോടതി പരാമര്‍ശം അത്യധികം നിര്‍ഭാഗ്യകരമാണെന്ന് പ്രകാശ് അംബേദ്കര്‍ പറയുന്നു. പ്രസ്തുത വിഷയത്തില്‍ സുപ്രീംകോടതിയിലെ ഉന്നത ബെഞ്ചുകളുടെ അഭിപ്രായം ഗവണ്‍മെന്റ് തേടേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ദളിത്, ആദിവാസി, ഒ.ബി.സി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെ സംബന്ധിക്കുന്ന ആവശ്യങ്ങളും ഇതു പ്രകാരം പട്ടികപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത വിഭാഗങ്ങള്‍ക്ക് മുന്‍പ് നല്‍കിയിരുന്ന സാമ്പത്തിക പരിഗണനകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ടിസ് (TISS ) ഭരണസമിതിക്ക് നേരെ പ്രക്ഷോഭം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍