UPDATES

ബിഹാറിലെ ബാലമരണങ്ങൾ: മസ്തിഷ്ക വീക്കത്തിന് കാരണം ആസ്ബസ്റ്റോസ് വീടുകളാകാമെന്ന് വിദഗ്ധസംഘം

കടുത്ത ദാരിദ്ര്യമാണ് മുസാഫർപൂർ മേഖലയിൽ നിലനിൽക്കുന്നത്.

ബിഹാറിൽ മസ്തിഷ്ക വീക്കം ബാധിച്ച് 150ലേറെ കുട്ടികൾ മരിച്ചതിനു കാരണം ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ വീടുകളാകാമെന്ന് ഡോക്ടർമാരുടെ വിദഗ്ധസംഘം. ഡൽഹി എയിംസിലെ ഡോക്ടർമാരടക്കം ഉൾപ്പെട്ടതാണ് ഈ സംഘം. പഠനത്തിനായി ഇറങ്ങിത്തിരിച്ച ഈ സ്വതന്ത്ര സംഘം മരിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ചിരുന്നു.

കനത്ത ചൂട്, പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കു പുറമെ ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ വീടുകളിൽ താമസിക്കേണ്ടി വരുന്നതും കുട്ടികളിൽ രോഗബാധയ്ക്ക് കാരണമായിരിക്കാമെന്നാണ് ഈ ഗൃഹ സന്ദര്‍ശനങ്ങൾക്കു ശേഷം രൂപപ്പെട്ട അനുമാനം. ഇത്തരം വീടുകളിൽ രാത്രിയിലും താപനില താഴില്ല എന്നതാണ് പ്രശ്നം.

മുസാഫർപൂരിലെ 289 വീടുകളാണ് ഡോക്ടർമാരുടെ സംഘം സന്ദർശിച്ചത്. ഇതിൽ 280 വീടുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. കുടിവെള്ളം പോലുമില്ലാത്ത സ്ഥിതിയാണ് ഇവിടങ്ങളിൽ.

കടുത്ത ദാരിദ്ര്യമാണ് മുസാഫർപൂർ മേഖലയിൽ നിലനിൽക്കുന്നത്. തങ്ങൾ സന്ദർശിച്ച മിക്ക വീടുകളിലും റേഷൻ ശരിയായി ലഭിക്കുന്നില്ലെന്ന് ഡോക്ടർമാരുടെ സംഘം വെളിപ്പെടുത്തി. ലിച്ചിപ്പഴങ്ങൾ കഴിച്ചതാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന സംസ്ഥാന സർക്കാരിന്റെ നിഗമനം ഡോക്ടര്‍മാർ തള്ളുന്നു. അസുഖബാധിതരായ കുട്ടികൾക്ക് ജപ്പാൻ ജ്വരത്തിനുള്ള കുത്തിവെയ്പ് എടുത്തിരുന്നില്ല.

സംസ്ഥാനത്തെ പൊതു ആരോഗ്യരംഗം ഏറെ മോശപ്പെട്ട നിലയിലാണ്. ഇക്കഴിഞ്ഞ ദിനങ്ങളിൽ പുറത്തുവന്ന ആരോഗ്യ സൂചികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനമായിരുന്നു ബിഹാർ.

മുസാഫര്‍പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലൊന്നിനു പോലും സര്‍ക്കാര്‍ റേറ്റിങ്ങില്‍ പൂജ്യത്തില്‍ കൂടുതല്‍ കിട്ടുകയുണ്ടായില്ലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. റേറ്റിങ്ങിന് വിധേയമാക്കാന്‍ പോലും യോഗ്യതയുള്ള ഒരു സര്‍ക്കാരാശുപത്രിയും ജില്ലയിലില്ല എന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പറയുന്നത്. ആകെ 103 പ്രൈമറി ഹെല്‍ത്ത് സെന്ററുകളാണ് (പിഎച്ച്സി) ജില്ലയിലുള്ളത്. ഒരു കമ്മ്യൂണിറ്റി ഹെല്‍‌ത്ത് സെന്ററുമുണ്ട്. ഇവയിലൊന്നിൽ പോലും ഡോക്ടർമാരില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍