UPDATES

എനിക്ക് നീതിവേണം, എന്റെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷ വേണം: ബില്‍ക്കീസ് ബാനു

രാജ്യത്ത് വര്‍ഗീയ കലാപങ്ങളുടെ ഭാഗമായുണ്ടായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകള്‍ എടുത്ത് പരിശോധിച്ചാല്‍ ബില്‍ക്കീസ് ബാനു കേസിലെ വിധി ഏറ്റവും വലിയ വിജയങ്ങളിലൊണെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ഡോ.എന്‍.സി സക്‌സേന പറഞ്ഞു.

ഭരണഘടനയിലും നീതിയിലുമുള്ള എന്റെ വിശ്വാസം രക്ഷിക്കപ്പെട്ടിരിക്കുന്നു. ന്യായാധിപര്‍ക്ക് നന്ദി. പറയുന്നത് 2002ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിനിടയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ബില്‍ക്കീസ് ബാനുവാണ്. ബില്‍ക്കീസിനെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ 11 പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ബോംബെ ഹൈക്കോടതി മേയ് നാലിന് ശരി വച്ചിരുന്നു. നീതി തേടിയുള്ള നിയമ പോരാട്ടത്തിന്റെ 15 വര്‍ഷങ്ങള്‍ ഭീതിയോടെയാണ് കഴിഞ്ഞതെന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബില്‍ക്കീസ് ബാനു പറഞ്ഞു. ഭര്‍ത്താവ് യാക്കൂബിനും മകള്‍ക്കും അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകവനുമായ വിജയ് ഹീരെമാഥിനും ഒപ്പമാണ് ബില്‍ക്കീസ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ നിരന്തരം വീട് മാറേണ്ടി വന്നു. പ്രതികള്‍ക്ക് പരോള്‍ കിട്ടുന്ന സമയത്തൊക്കെ ഇത് ആവശ്യമായിരുന്നു. എനിക്കും കുടുംബത്തിനും സംരക്ഷണം തരാന്‍ സര്‍ക്കാരിനും പൊലീസിനും ബാദ്ധ്യതയുണ്ടായിരുന്നു. പൊലീസുകാര്‍ ഇപ്പോഴെങ്കിലും ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. എനിക്ക് നീതിയാണ് വേണ്ടത്, അല്ലാതെ പ്രതികാരമല്ലെന്ന് പ്രതികള്‍ക്ക് വധശിക്ഷ എന്ന ആവശ്യം സംബന്ധിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബില്‍ക്കീസ് പറഞ്ഞു. ഞാന്‍ നേരിട്ട ഭീകരതയ്ക്കും അനുഭവിച്ച ദുരിതത്തിനും ഉത്തരവാദികളായവര്‍ പരമാവധി ശിക്ഷ തന്നെ അര്‍ഹിക്കുന്നുണ്ട്്. എന്നാല്‍ എന്റെ പേരില്‍ ഇനി ആരെങ്കിലും മരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.

വിധിയില്‍ ഗുജറാത്ത് പൊലീസിനെതിരെ ബോംബെ ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ അഭിഭാഷകന്‍ വിജയ് ഹീരെമാഥ് ഉദ്ധരിച്ചു. വനിതാ പ്രോസിക്യൂട്ടറെ നിശബ്ദയാക്കാന്‍ അവര്‍ ശ്രമിച്ചു. ബില്‍ക്കിസ് ബാനു നല്‍കിയ തെളിവുകള്‍ വിശ്വസനീയമാണ്. അന്വേഷണം അതൃപ്തികരമായിരുന്നു എന്ന് മാത്രമല്ല, കുറ്റവാളികളെ രക്ഷിക്കാനും ശ്രമം നടന്നു. പൊലീസിന്റെ നടപടികള്‍ കേസ് അട്ടമറിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നും കോടതി വിലയിരുത്തി. രാജ്യത്ത് വര്‍ഗീയ കലാപങ്ങളുമായി ഭാഗമായുണ്ടായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകള്‍ എടുത്ത് പരിശോധിച്ചാല്‍ ബില്‍ക്കീസ് ബാനു കേസിലെ വിധി ഏറ്റവും വലിയ വിജയങ്ങളിലൊണെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ഡോ.എന്‍.സി സക്‌സേന പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ സംവിധായിക സൊണാലി ബോസ്, സാമൂഹ്യ പ്രവര്‍ത്തക കവിത ശ്രീവാസ്തവ തുടങ്ങിയവര്‍ ബില്‍ക്കീസ് ബാനുവിന് പിന്തുണയുമായെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍