UPDATES

മോദിക്ക് ജന്മദിനം, നര്‍മ്മദ തീരവാസികള്‍ക്ക് മരണദിനം

ഡാമില്‍ നിന്ന് ഭീഷണി നേരിടുന്ന ഛോട്ടാ ബര്‍ദയില്‍ റാലിയെത്തിയപ്പോള്‍ യഹാം സിര്‍ഫ് ഭൂത്, പ്രേത് രഹ്‌തേ ഹേ (ഇവിടെ ഭൂതങ്ങളും പ്രേതങ്ങളും മാത്രമേ താമസിക്കുന്നുള്ളൂ) എന്ന് രേഖപ്പെടുത്തിയ ബാനര്‍ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം മോദിയുടെ ജന്മനാടായ ഗുജറാത്തിലെ നര്‍മ്മദ നദീതീരത്ത് ആഘോഷമാണ്. കാവിയുടുത്ത നൂറുകണക്കിന് സന്യാസി വേഷങ്ങള്‍ ആഘോഷത്തെ ആശിര്‍വദിക്കാനെത്തുന്നു. അതേസമയം മറുകരയില്‍ അതായത് മധ്യപ്രദേശില്‍ മോദിയുടെ ജന്മദിനം മരണദിനമാണ്. തന്‍റെ നിമര്‍ മേഖലയിലെ നൂറ് കണക്കിന് വീടുകളും ജനജീവിതങ്ങളുമാണ് ഭീതിയോടെ കഴിയുന്നതെന്ന് thewire.in വേണ്ടി എഴുതിയ ലേഖനത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറയുന്നു. നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകരുടെ പ്രക്ഷോഭ സ്ഥലത്ത് സുഭാഷിണി എത്തിയിരുന്നു.

നര്‍മ്മദ ഈ ജനങ്ങളെ സംബന്ധിച്ച് നൂറ്റാണ്ടുകളായി ദൈവമാണ്. തീരത്ത് ക്ഷേത്രങ്ങളും പള്ളികളുമുണ്ട്. ഗ്രാമങ്ങളില്‍ നദീ പൂജ നടത്താറുണ്ട്. പുഴയെ ആശ്രയിക്കുന്ന തോണിക്കടത്തുകാരുണ്ട്. മത്സ്യത്തൊഴിലാളി സമൂഹവും ഇവിടെയുണ്ട്. സംസ്ഥാനത്തെ മറ്റ് വരള്‍ച്ചാബാധിത പ്രദേശങ്ങളെ വച്ച് നോക്കുമ്പോള്‍ ഇവിടെ താരതമ്യേന ഭേദപ്പെട്ട ജനജീവിതം കാണാം. പരുത്തി. കൃഷി ആവശ്യങ്ങള്‍ അടക്കമുള്ളവയ്ക്ക് വെള്ളം സുലഭമാണ്. പക്ഷെ സ്വകാര്യ വൈദ്യുതി നിലയങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്.

വലിയ ഭീഷണിയാണ് നിമര്‍ മേഖലയിലെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രദേശം മുങ്ങിപ്പോകുന്ന ഭീഷണി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ ഭീഷണി ഇവര്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. 2006ല്‍ ഈ ഭിഷണിയില്‍ സുപ്രീംകോടതി ചെറിയൊരു ആശ്വാസം നല്‍കിയിരുന്നു. പുനരധിവാസവും മതിയായ നഷ്ടപരിഹാരവും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്, ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കര്‍ഷക, തൊഴിലാളി വര്‍ഗങ്ങളില്‍ പെട്ട സ്ത്രീകള്‍ മുന്നില്‍ നിന്ന് നയിച്ച ജനകീയ പ്രക്ഷോഭമാണ് നിര്‍ണായകമായത്. ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ നര്‍മ്മദ ബച്ചാവോ ആന്ദോളനും മേധ പട്കറുമുണ്ടായിരുന്നു. ഇവരുടെ പ്രക്ഷോഭം തുടരുന്നു. അതേസമയം പുനരധിവാസവും നഷ്ടപരിഹാരവും അന്യമായി തുടരുകയാണ്. വ്യാജ വാഗ്ദാനങ്ങളും അവകാശവാദങ്ങളും നുണകളും പ്രചരിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വാസം വരാത്ത കോടതികള്‍ പല തവണ പുനരധിവാസ നടപടികള്‍ക്കും നഷ്ടപരിഹാരം കൊടുത്തതിനും തെളിവ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്ക് എല്ലാ കാര്യത്തിലും തിടുക്കമാണ്. തന്റെ പിറന്നാള്‍ ആഘോഷിക്കുന്നതില്‍ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി മധ്യപ്രദേശില്‍ നിന്ന് നര്‍മ്മദാ ജലം ഗുജറാത്തിലെത്തിക്കാനും അദ്ദേഹം തിടുക്കം കൂട്ടുന്നു. അങ്ങനെയാണ് ഡാമിന്റെ ഗേറ്റുകള്‍ തുറന്നത്. നിമര്‍ മുങ്ങാന്‍ തുടങ്ങുകയാണ്. ഡാമില്‍ നിന്നുള്ള വെള്ളം ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാകാന്‍ പോകുന്നില്ല. വയലുകളിലേയ്ക്ക് വെള്ളമെത്തിക്കണമെങ്കില്‍ കനാലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകണം. അതുണ്ടായിട്ടില്ല. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും സോഫ്റ്റ് ഡ്രിങ്ക് നിര്‍മ്മാതാക്കള്‍ക്കും ഗുണമുണ്ടായേക്കും. സെപ്റ്റംബര്‍ 14ന് ചികല്‍ഡ ഗ്രാമത്തില്‍ വെള്ളം വീടുകളില്‍ കയറി. സെപ്റ്റംബര്‍ 15ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിമറില്‍ കനത്ത മഴയുണ്ടായി. കനത്ത മഴയിലും ധര്‍ണയും പ്രതിഷേധങ്ങളും തുടര്‍ന്നു. പരമ്പരാഗതമായി ബിജെപിയെ പിന്തുണച്ച് വന്നിരുന്ന അന്‍ജാറിലെ വ്യാപാരികള്‍ നര്‍മ്മദ ബച്ചാവോ ആന്ദോളന് പിന്തുണയുമായെത്തി.

ഡാമില്‍ നിന്ന് ഭീഷണി നേരിടുന്ന ഛോട്ടാ ബര്‍ദയില്‍ റാലിയെത്തിയപ്പോള്‍ യഹാം സിര്‍ഫ് ഭൂത്, പ്രേത് രഹ്‌തേ ഹേ (ഇവിടെ ഭൂതങ്ങളും പ്രേതങ്ങളും മാത്രമേ താമസിക്കുന്നുള്ളൂ) എന്ന് രേഖപ്പെടുത്തിയ ബാനര്‍ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ എല്ലാവരേയും നഷ്ടപരിഹാരം നല്‍കി ഒഴിപ്പിച്ചതായുള്ള സര്‍ക്കാരിന്റെ അവകാശവാദത്തെ പരിഹസിച്ചുകൊണ്ടുള്ള ബാനറാണിത്. ഇതിന് പിന്നാലെയാണ് ജല സത്യാഗ്രഹം തുടങ്ങുന്നത്. നര്‍മ്മദയിലെ വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നു. 40 സ്ത്രീകളുടെ സ്ഥാനത്ത് 129 പേരായിരിക്കുന്നു. ഇവര്‍ക്ക് പിന്തുണയുമായി ആയിരക്കണക്കിന് ആളുകള്‍. ഗുജറാത്തില്‍ നടക്കുന്ന മോദിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കിയിരുന്നു. ജനവികാരം എതിരാവുമെന്ന ഭയത്താലാണിത്. ഉന്നതതല യോഗങ്ങളെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. നിമറിലെ ജനങ്ങള്‍ കീഴടങ്ങില്ല. മരണദിനം ആഘോഷിക്കാന്‍ അവര്‍ തയ്യാറല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍