UPDATES

ഇന്ത്യ

20-ാം വാര്‍ഷികവേളയില്‍ ബിജെഡിയില്‍ ഭാവിയെ കുറിച്ചുളള ആശങ്കള്‍ പുകയുന്നു

നവീന്‍ പട്‌നായിക്കിന്റെ അഭാവം പാര്‍ട്ടിയെ ഛിന്നഭിന്നമാക്കിയേക്കാമെന്നും ചില മുതിര്‍ന്ന നേതാക്കള്‍ ഭയക്കുന്നുണ്ട്

ഒഡീഷയില്‍ ബിജു ജനതാദള്‍ (ബിജെഡി) പാര്‍ട്ടിയുടെ 20-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. എന്നാല്‍ പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് കൂടുതലായി ഉയര്‍ന്നുവരുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴത്തെ നേതാവ് നവീന്‍ പട്‌നായിക്കിന്റെ അഭാവത്തില്‍ പാര്‍ട്ടിയുടെ ഭാവി എന്തായിരിക്കും എന്ന ചര്‍ച്ചകളാണ് അണിയറയില്‍ നടക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ സുപ്രധാന നേതാവുമായ നവീന്‍ പട്‌നായിക്കിന്റെ ആരോഗ്യം മോശമാണെന്ന അഭ്യൂഹങ്ങളാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്. മുഖ്യന്ത്രിയുടെ ആരോഗ്യത്തെ സംബന്ധിച്ച് വരുന്ന പത്രവാര്‍ത്തകള്‍ ബിജെപിയുടെ വ്യാജപ്രചാരണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാണ് ബിജെഡി നേതാക്കള്‍ മിക്കപ്പോഴും ശ്രമിക്കുന്നത്.

എന്നാല്‍, ഇപ്പോഴത്തെ തലവന്‍ ഇല്ലാത്ത ബിജെഡിയുടെ ഭാവിയെ കുറിച്ച് ഇവരെല്ലാവരും രഹസ്യമായി ആശങ്ക പുലര്‍ത്തുന്നു. പക്ഷെ നവീന്‍ പട്‌നായിക് സൃഷ്ടിച്ച കുടുംബാധിപത്യത്തിനെതിരായ പാരമ്പര്യത്തെ കുറിച്ചാണ് അവരില്‍ പലരും വാചാലരാകുന്നത്. ഒഡിഷയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ജെബി പട്‌നായിക്കിന്റെ കുടുംബവാഴ്ചയുടെ പേരില്‍ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന സമയത്താണ് 2000 ല്‍ നവീന്‍ പട്‌നായിക് അധികാരത്തില്‍ എത്തുന്നത്.
അന്നുമുതല്‍ അദ്ദേഹം കുടുംബവാഴചയ്ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്്. എന്നാല്‍ നവീന്‍ പട്‌നായിക്കിന് കുടുംബത്തില്‍ നിന്നും ഒരു അനന്തരാവകാശി ഇല്ലെന്നുള്ള വസ്തുത ബിജെഡിയുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുമെന്ന് പാര്‍ട്ടി നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. ഒരുപക്ഷെ ബിജെഡിയുടെ ഏറ്റവും വലിയ ദൗര്‍ബല്യവും അതായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പരേഡിനിടയില്‍ നവീന്‍ പട്‌നായിക് വേദിയില്‍ കുഴഞ്ഞുവീണതോടെയാണ് 71 കാരനായ മുഖ്യമന്ത്രിയുടെ ആരോഗ്യത്തെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്.

നവീന്‍ പട്‌നായിക്കിന് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത് പാര്‍ട്ടിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. 1997 ല്‍ ബിജു പട്‌നായിക് അന്തരിച്ചപ്പോള്‍ പാര്‍ട്ടിയെ നയിക്കാന്‍ ഒരാളെ വിട്ടുനല്‍കണമെന്ന് നേതാക്കള്‍ കുടുംബത്തോട് ആവശ്യപ്പെട്ടതോടെയാണ് നവീന്‍ പട്‌നായിക് രംഗത്തെത്തുന്നത്. അത്തരത്തിലുള്ള ഒരു സാഹചര്യം ആവര്‍ത്തിക്കാനുള്ള സാധ്യതയും പാര്‍ട്ടി നേതാക്കള്‍ തള്ളിക്കളയുന്നില്ല. അന്ന് ബിജു പട്‌നായിക്കിന്റെ മൂത്ത പുത്രന്‍ പ്രേമും ഭാര്യ ഗീതയും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വൈമനസ്യം പ്രകടിപ്പിച്ചതോടെ ആ സ്ഥാനം ഏറ്റെടുക്കാന്‍ നവീന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് ഗീത വീണ്ടും അനിഷ്ടം പ്രകടിപ്പിക്കുന്നപക്ഷം മുഖ്യമന്ത്രിയുടെ മരുമകനായ അരുണ്‍ പട്‌നായിക്കാണ് പാര്‍ട്ടി നേതാക്കളുടെ മനസിലുള്ള മറ്റൊരു സാധ്യത. ‘പട്‌നായിക്’ എന്ന കുടുംബപ്പേര് ബിജെഡിയെ ഒരുമിപ്പിച്ച് നിറുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.  ഒഡീഷയില്‍ പട്‌നായിക് കുടുംബത്തിലെ ആര് തങ്ങളെ നയിച്ചാലും ജനങ്ങള്‍ തൃപ്തരായിരിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നവീന്‍ പട്‌നായിക്കിന്റെ അഭാവം പാര്‍ട്ടിയെ ഛിന്നഭിന്നമാക്കിയേക്കാമെന്നും ചില മുതിര്‍ന്ന നേതാക്കള്‍ ഭയക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍