UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

സര്‍ദാര്‍, നോട്ടും വോട്ടും എണ്ണുന്നതില്‍ നിങ്ങളുടെ ശിഷ്യര്‍ മിടുക്കരാണ്; പക്ഷേ രാജ്യം നശിപ്പിക്കാന്‍ ഈ ‘ചതുര്‍ ബനിയ’ അനുവദിക്കില്ല

നിങ്ങളുടെ ശിഷ്യന്മാരില്‍ നിന്നും ഇങ്ങനെയൊരു വട്ടപ്പേര് കിട്ടാനും മാത്രം ഞാന്‍ എന്താണ് ചെയ്തതെന്ന് ദയവായി പറയൂ സര്‍ദാര്‍?

ഹരീഷ് ഖരെ

പ്രിയപ്പെട്ട സര്‍ദാര്‍,

അഹമ്മദാബാദില്‍ നിന്നുള്ള നിങ്ങളുടെ കുട്ടികള്‍ എന്നെ ഒരു ‘ചതുര്‍ ബനിയ’ (കൗശലക്കാരനായ ബനിയ) എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. ഇതില്‍ ജമന്‍ലാലിന് (ബജാജ്) വലിയ രോഷമുണ്ട്; ഞാന്‍ എന്തെങ്കിലുമാണെങ്കില്‍, അത് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്ന ഒരു മണ്ടന്‍ ബനിയ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.

ജവര്‍ഹര്‍ലാലിന് (നെഹ്രു) എഴുതാമെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ നിങ്ങളുടെ കുട്ടികള്‍ പാവം ജവര്‍ലാലിന് തന്നെ കഠിനസമയമാണ് നല്‍കുന്നതെന്ന് ഞാന്‍ പിന്നീടാണ് തിരിച്ചറിഞ്ഞത്. അദ്ദേഹത്തെ പൊതുജനത്തിന്റെ ഓര്‍മ്മയില്‍ നിന്നും മായിച്ചുകളയുന്നതിനായി അവര്‍ ആ പുസ്തകങ്ങളും ചരിത്രവുമെല്ലാം മാറ്റി എഴുതുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജവര്‍ലാല്‍ നെഹ്രുവിനെ കുറിച്ച് മനോഹരമായ ഭാവനകള്‍ നിറഞ്ഞതും അശ്ലീലം നിറഞ്ഞതുമായ കഥകള്‍ പ്രചരിപ്പിക്കുന്നതിന് സാമൂഹ്യ മാധ്യമം എന്ന് വിളിക്കുന്ന ഒന്നിനെ ഇത്തരം ആളുകള്‍ ഉപയോഗിക്കുന്നതായും അറിയാന്‍ സാധിച്ചു. എന്തൊരു അചഞ്ചല അസംബന്ധം.

ഇനി എന്റെ ഊഴമാണെന്നാണ് തോന്നുന്നത്. ദേശീയ ഭാവനയില്‍ എന്നെ ഒന്നോ രണ്ടോ പടി താഴ്ത്തിക്കെട്ടണമെന്ന്, ഒരു ബനിയ എന്ന് എന്നെ കുറച്ച് കാണണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ആക്രമിക്കുന്നതിന് വേണ്ടിയാണിതെല്ലാം.

അതുകൊണ്ട് സര്‍ദാര്‍ പ്രതിഷേധിക്കരുത്. അവര്‍ നിങ്ങളുടെ ശിഷ്യന്മാരാണ്. കുറഞ്ഞപക്ഷം അവര്‍ പരസ്യമായി അങ്ങനെ അവകാശപ്പെടുകയും സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഞാന്‍ നിങ്ങളെ വഞ്ചിച്ച് അകറ്റി നിറുത്തിയതിനെ കുറിച്ചുള്ള ഭാവനാത്മക കഥകള്‍ പ്രചരിപ്പിച്ചുകൊണ്ട് ജവഹര്‍ലാലിനെതിരെ നിങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. നിങ്ങളെ ബഹുമാനിക്കുന്നതിനായി ഒരു കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നതിന് അവര്‍ ചൈനക്കാരെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് ഞാന്‍ മനസിലാക്കുന്നു. കൂറ്റന്‍ പ്രതിമ നിങ്ങളുടെ ശരീരവലിപ്പത്തിന് ആക്കം കൂട്ടുമെന്നാണ് അവര്‍ കരുതുന്നത്.

അവര്‍ ഇന്ത്യയോട് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പരിതപിക്കണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അവര്‍ എല്ലാ വര്‍ഷം രാജ്ഘട്ടില്‍ പോകാറുണ്ടെന്ന് എനിക്കറിയാം. അവര്‍ ചര്‍ക്കയില്‍ നൂല്‍നൂക്കുന്നത് അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആവശ്യമുള്ള സമയങ്ങളില്‍ അവരില്‍ ചിലര്‍ ‘നിരാഹാരം’ വരെ അനുഷ്ഠിക്കാറുണ്ട്.

പക്ഷെ ഈ ‘ചതുര്‍ ബനിയ’ കുറച്ചുകൂടി ഗൗരവമുള്ള വിഷയമാണ്. അപമാനിക്കപ്പെടുന്നത് എനിക്കൊരു പ്രശ്‌നമല്ല; എന്റെ ജീവിതത്തില്‍ ഉടനീളം ഞാന്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. ബിര്‍ല ഹൗസില്‍ വച്ച് നാഥുറാം ഗോഡ്‌സെ അയാളുടെ തോക്ക് എനിക്കെതിരെ ഉന്നം വച്ചതിന് ശേഷം അതിനേക്കാളേറെ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. നിരവധി വിഭാഗങ്ങള്‍ തിരഞ്ഞെടുത്ത അധിക്ഷേപങ്ങളുടെ ഗുണഭോക്താവായിരുന്നു ഞാന്‍ എന്ന് പറയേണ്ടി വരും. ടോറികള്‍, കമ്മ്യൂണിസ്റ്റുകള്‍, ഹിന്ദു മഹാസഭക്കാര്‍ മുഴുവന്‍ എന്തിന്, ചില സമയങ്ങളില്‍ അംബേദ്ക്കറെ പോലും ഇക്കാര്യത്തില്‍ മാറ്റി നിര്‍ത്താനാവില്ല. ഇവരെല്ലാം എന്റെ ആശയങ്ങളെ കുറിച്ച് തര്‍ക്കിച്ചു, എന്റെ പ്രവര്‍ത്തനങ്ങളെയും പരിപാടികളെയും ചോദ്യം ചെയ്തു, പക്ഷെ ആരും എന്നെ ‘ചതുര്‍ ബനിയ’ എന്ന് പോകട്ടെ ബനിയ എന്ന് പോലും വിളിച്ചില്ല.

നിങ്ങളുടെ ശിഷ്യന്മാരില്‍ നിന്നും ഇങ്ങനെയൊരു വട്ടപ്പേര് കിട്ടാനും മാത്രം ഞാന്‍ എന്താണ് ചെയ്തതെന്ന് ദയവായി പറയൂ സര്‍ദാര്‍? ഞാനൊരു മൂഢനല്ല. അവര്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് കൃത്യമായി മനസിലാവുന്നുണ്ട്; തുറന്ന് പറയാന്‍ അങ്ങെന്നെ അനുവദിക്കുയാണെങ്കില്‍, സ്വാതന്ത്ര്യ സമരം, ദേശീയ പ്രസ്ഥാനം, ആധുനിക രാജ്യമായുള്ള ഇന്ത്യയുടെ പരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, ആശയങ്ങള്‍, പ്രത്യശാസ്ത്രങ്ങള്‍, വ്യക്തികള്‍ എന്നിവയെ അസാധുവാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഒരു ജനസേവ സംഘമായി കോണ്‍ഗ്രസ് സ്വയം പരിവര്‍ത്തിപ്പിക്കണം എന്ന എന്റെ ആഗ്രഹം മാത്രം അവര്‍ തിരഞ്ഞെടുത്ത് ചൂണ്ടിക്കാണിക്കുന്നു. എന്റെ ആശയങ്ങളില്‍ ഏറ്റവും തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണത്. എന്തെല്ലാം മണ്ടത്തരങ്ങളാണ് നിങ്ങളുടെ ശിഷ്യന്മാര്‍ പ്രചരിപ്പിക്കുന്നത്!

ബ്രിട്ടീഷുകാരെ പുറത്താക്കിയ ശേഷം, കോണ്‍ഗ്രസുകാര്‍ വനത്തില്‍ വിശ്രമജീവിതത്തിന് പോവുകയും അവരുടെ സമയവും നവഊര്‍ജ്ജവും ധ്യാനത്തിനും ദൈവവുമായുള്ള ആശയവിനിമയത്തിനുമായി ചിലവഴിക്കുകയോ അല്ലെങ്കില്‍ ഗോശാലകള്‍ നടത്തുകയോ ചെയ്യുകയും ഹിന്ദു മഹാസഭാക്കാര്‍ക്കോ കമ്മ്യൂണിസ്റ്റുകള്‍ക്കോ വേദി ഏറ്റെടുക്കാന്‍ വേണ്ടി രാഷ്ട്രീയക്കളം ഉപേക്ഷിക്കുകയും ചെയ്യുമെന്ന ധാരണ നടക്കില്ലെന്ന് എനിക്കും നിങ്ങള്‍ക്കും വ്യക്തമായി അറിയാം. കോളനി ഭരണാധികാരികളുടെ പക്ഷം ചേരുകയും സ്വാതന്ത്ര്യ സമരത്തെ എതിര്‍ക്കുകയും ചെയ്ത അത്തരം ശക്തികള്‍ക്ക് വേണ്ടി കളം ഒഴിഞ്ഞുകൊടുക്കാന്‍ പോന്നത്രയും ആത്മീയത കോണ്‍ഗ്രസുകാര്‍ക്കില്ല.

അവര്‍ എന്നെ കൊന്ന് കഷ്ടിച്ച് ആറ് ആഴ്ചകള്‍ കഴിയുന്നതിന് മുമ്പ് തന്നെ സേവാഗ്രാമില്‍ വച്ച് ഈ ചോദ്യത്തെ ജവഹര്‍ലാല്‍ സ്പഷ്ടമായി അഭിസംബോധന ചെയ്ത കാര്യം നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ലെങ്കിലും രാജന്‍ബാബു, മൗലാന, വിനോബ, കൃപലാനി, ജയപ്രകാശ് തുടങ്ങിയ മിക്കവാറും എല്ലാ ‘ഗാന്ധിയന്മാ’രും അവിടെ ഉണ്ടായിരുന്നു. ‘ഗാന്ധി പോയി: ഇനി ആര് നമ്മെ നയിക്കും?’ എന്ന ചര്‍ച്ചയിലായിരുന്നു അവര്‍.

ജനസേവ സംഘ് എന്ന വിഷയത്തെ ജവഹര്‍ലാല്‍ കൈകാര്യം ചെയ്തു: ‘ഒരു ജനസേവ സംഘത്തെ കുറിച്ച് ബാപ്പു ആലോചിച്ചിരുന്നു; അതുകൊള്ളാം. പക്ഷെ ഒരു രാഷ്ട്രീയ സ്ഥാപനം എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. കോണ്‍ഗ്രസിനെ പിരിച്ചുവിടുകയും രാഷ്ട്രീയമില്ലാത്ത മറ്റൊരു പുതിയ സ്ഥാപനം അതിന് പകരം വരുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ വിവക്ഷ. അതോടൊപ്പം ഒരു പുതിയ രാഷ്ട്രീയ സ്ഥാപനം കൂടി സ്ഥാപിക്കേണ്ടത് ആവശ്യമായിരുന്നു. കാരണം രാഷ്ട്രീയപരമായ ജോലികള്‍ പിന്നെയും ബാക്കിയായിരുന്നു. രാഷ്ട്രീയ മേഖലയില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറുകയാണെങ്കില്‍ ഒരു പുതിയ പേരില്‍ ഒരു രാഷ്ട്രീയ സ്ഥാപനം നിലവില്‍ വരേണ്ടിയിരിക്കുന്നു… രാഷ്ട്രീയ ജീവിതം വെറുതെയങ്ങ് അവസാനിപ്പിക്കാനാവില്ല! ബ്രിട്ടീഷ് സര്‍ക്കാരിനെ എതിര്‍ക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള ചുമതല; പക്ഷെ ആ ചുമതല നിര്‍വഹിക്കുകയും അവസാനിക്കുകയും ചെയ്തിരിക്കുന്നു-മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആ ദൗത്യം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ഇനി ഇപ്പോള്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നതിന് പകരം കോണ്‍ഗ്രസ് ഭരിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തില്‍ തുടര്‍ന്നുകൊണ്ട് ഒരു പുതിയ രീതിയില്‍ അത് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.’

നിങ്ങളുടെ ശിഷ്യന്മാര്‍ വളച്ചൊടിക്കാനും വികൃതമാക്കാനും മിടുക്കരാണ് സര്‍ദാര്‍. അധികാരക്കൊതിയരായ കോണ്‍ഗ്രസ് ജനസേവ സംഘത്തെ കുറിച്ചുള്ള എന്റെ ആശയത്തെ അവഹേളിച്ചുവെന്ന അവരുടെ കുത്തുവാക്ക് തീര്‍ത്തും വ്യാജമാണ്. സംഘടന, നിയന്ത്രണം, വ്യവസ്ഥ, അധികാരം എന്നിവയെ കുറിച്ചൊക്കെ എനിക്കും ചിലതൊക്കെ അറിയാം; ഏറ്റവും പ്രബലമായ സംഘടന- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആധികാരിക ഉയരങ്ങളില്‍ നിന്നും ഒഴിവാകുകയും സവര്‍ക്കര്‍വാദികള്‍ക്കും മഹാസഭക്കാര്‍ക്കും അധികാരം ഏറ്റെടുക്കാന്‍ വേണ്ടി ഒഴിഞ്ഞുകൊടുക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തെ എന്റെ ഭ്രാന്തസ്വപ്‌നങ്ങളില്‍ പോലും ഞാന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. നിങ്ങളുടെ അനുവാദത്തോടെ ഒരു അമേരിക്കന്‍ പ്രയോഗം കടമെടുത്ത് പറഞ്ഞാല്‍, നിങ്ങളുടെ ശിഷ്യന്മാരുടെ ഉള്ളില്‍ അവര്‍ തന്നെ നിറഞ്ഞുനില്‍ക്കുന്നു.

സര്‍ദാര്‍, ഈ വര്‍ഷങ്ങളിലെല്ലാം ശാശ്വതമാക്കാന്‍ ശ്രമിച്ചിരുന്ന മറ്റൊരു കെട്ടുകഥയാണ് ജവഹര്‍ലാലിന് സുഭാഷിനെ (ബോസ്) മാരക ഭയമായിരുന്നു എന്നത്. ജവഹര്‍ലാലില്‍ നിന്ന് മാത്രമല്ല എന്നില്‍ നിന്നും നിങ്ങളില്‍ നിന്നും മറ്റു കോണ്‍ഗ്രസ് സഖാക്കളില്‍ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പാതയാണ് സുഭാഷ് തിരഞ്ഞെടുത്തതെന്ന് ഈ ആള്‍ക്കാര്‍ മറന്നുപോകുന്നു. നിങ്ങളുടെ ശിഷ്യന്മാര്‍ അധികാരത്തില്‍ വന്നതിന് ശേഷം, സുഭാഷ് ഫയലുകള്‍ എന്ന് വിളിക്കപ്പെടുന്നത് പരസ്യപ്പെടുത്തി എന്ന് ഞാന്‍ മനസിലാക്കുന്നു; സുഭാഷിനോടോ അദ്ദേഹത്തിന്റെ ഓര്‍മ്മകളോടോ എതെങ്കിലും തരത്തിലുള്ള അനീതി കാണിച്ചതിനുള്ള എന്തെങ്കിലും തെളിവുകള്‍ ആര്‍ക്കെങ്കിലും കണ്ടെടുക്കാന്‍ സാധിച്ചോ? ദേശീയ നേതാക്കളെ അപമാനിക്കുന്നതിനും ജനങ്ങളുടെ മനസില്‍ വിഷം കുത്തിവെക്കുന്നതിനും വേണ്ടി ചരിത്രത്തില്‍ നിന്നും തന്നിഷ്ട പ്രകാരം നടത്തുന്ന ഇത്തരം തിരഞ്ഞെടുപ്പുകള്‍ ഒരു ദേശീയ പുരോഗതിയുടെയും അടിസ്ഥാനമായി തീരില്ല.

പ്രത്യയശാസ്ത്രത്തോട് നിങ്ങളുടെ ശിഷ്യന്മാര്‍ക്ക് ഇത്ര അമിതാസക്തി എന്തുകൊണ്ടാണ്? പ്രത്യശാസ്ത്രം കഴിഞ്ഞ നൂറ്റാണ്ടിലെ യൂറോപ്പില്‍ ആവശ്യത്തിന് നാശങ്ങള്‍ വിതച്ചില്ലേ? വളരെ വളരെ സ്പഷ്ടമായ പ്രത്യയശാസ്ത്രത്തിന്റെ അന്തിമ ഫലം, നമ്മളുടെ അവരും തമ്മിലുള്ള, സുഹൃത്തുക്കളും ശത്രുക്കളും തമ്മിലുള്ള, പിന്തുണയ്ക്കുന്നവരും വിമര്‍ശിക്കുന്നവരും തമ്മിലുള്ള, വഞ്ചകരും ദേശാഭിമാനികളും തമ്മിലുള്ള സമ്പൂര്‍ണ കലാപമായിരിക്കും. വിചിത്രമായ മീശയുണ്ടായിരുന്ന ആ മനുഷ്യന്‍ ജര്‍മ്മനിയില്‍ നടപ്പിലാക്കിയ രീതിയിലുള്ള സമ്പൂര്‍ണ നിയന്ത്രണമായിരിക്കും അതിന്റെ അന്തിമഫലം.

സര്‍ദാര്‍, ഇത്രയും ദീര്‍ഘമായി നിങ്ങളോട് സംസാരിച്ചതിന് ക്ഷമിക്കുക. പക്ഷെ ജവര്‍ലാലിനും ഇപ്പോള്‍ എനിക്കും നേരെ വെടിയുതിര്‍ക്കാന്‍ അവര്‍ നിങ്ങളെ ഉപയോഗിച്ചുകൊണ്ടേയിരിക്കുകയാണ്. സൂക്ഷിക്കുക, അവര്‍ നിങ്ങളെ ഒരു പാട്ടിദാറായി ഇടിച്ചുതാഴ്ത്തിയേക്കും. വോട്ടും നോട്ടും എണ്ണുന്നതില്‍ നിങ്ങളുടെ ശിഷ്യര്‍ മിടുക്കന്മാരായിരിക്കാം. പക്ഷെ, ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തിലും പൊതുവിടങ്ങളിലും സ്ഥാപനവത്കൃത കാപട്യം നുഴഞ്ഞുകയറുമ്പോള്‍ എനിക്ക് നിശബ്ദനായിരിക്കാന്‍ സാധിക്കില്ല.
സ്‌നേഹപൂര്‍വം
നിങ്ങളുടെ, ബാപ്പു.

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍