UPDATES

മുള്‍മുനയില്‍ കാശ്മീര്‍; ബിജെപി സംസ്ഥാന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു; അധിക സൈനിക വിന്യാസം തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയോ?

നിര്‍ണായക തീരുമാനങ്ങള്‍ കാത്ത് കാശ്മീര്‍

ജമ്മു-കാശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി നാളെ ബിജെപിയുടെ കോര്‍ സമിതിയോഗം. കാശ്മീരിനെ സംബന്ധിച്ച ബിജെപി രൂപീകരിച്ച കോര്‍ സമിതിയുടെ യോഗമാണ് നാളെ വിളിച്ചുചേര്‍ത്തിരിക്കുന്നത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുമോ എന്നു വ്യക്തമായിട്ടില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് കാശ്മീര്‍ സംബന്ധിച്ച നിര്‍ണായക യോഗം നടക്കുന്നത്. അതിനിടെ കാശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച കാര്യവും പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംഘപരിവാറില്‍ ഏക അഭിപ്രായമല്ല ഉള്ളത്. തെരഞ്ഞെടുപ്പിന് ശേഷം കാശ്മിര്‍ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ അത് സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. കാശ്മീരിന് ബാധകമായ ഭരണഘടനയുടെ 35 A വകുപ്പ് സംബന്ധിച്ച് സുപ്രീം കോടതിയിലെ കേസുകളില്‍ തീരുമാനമാകും വരെ നടപടികള്‍ ഉണ്ടാവില്ലെന്ന് ബിജെപി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മറ്റ് ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാശ്മീരിലും വോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള ആലോചന നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ മുന്നോടിയായാണ് സംസ്ഥാനത്ത് 10,000 സൈനികരെ കൂടുതല്‍ വിന്യസിപ്പിച്ചെതെന്ന അഭ്യൂഹമാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. ക്രമസമാധാന പാലനത്തിനും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് കൂടുതല്‍ സൈനികരെ വിന്യസിച്ചതെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ ഇന്നലെ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.
ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ക്കൊപ്പം കാശ്മീരിലും തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ബിജെപി ആലോചിക്കുന്നതായി പാര്‍ട്ടി വക്താവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. രാം മാധവാണ് കാശ്മീരിന്റെ ചുമതലയുള്ള ബിജെപി നേതാവ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 20-നാണ് കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കാശ്മീരില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിജെപി ഏകാഭിപ്രായത്തിലെത്തിയിട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് കാശ്മീരിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ ആശങ്ക. അതുകൊണ്ട് ഇക്കാര്യത്തിലുള്ള ചര്‍ച്ചയും നാളത്തെ യോഗത്തില്‍ നടക്കുമെന്നാണ് സൂചന. കാശ്മീരില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നിയമസഭ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്ന കാര്യവും പരിഗണനയിലുണ്ടായിരുന്നു. ഇക്കാര്യത്തിലും ബിജെപിയുടെ നിലപാട് കാശ്മീരിലെ മറ്റ് പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമാണ്. രാജ്യത്തെ മറ്റിടങ്ങളില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തുന്ന ഘട്ടത്തില്‍ മാത്രമാണ് കാശ്മീരിലും നടത്താവുവെന്നാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികളുടെ നിലപാട്.

അതിനിടെ കാശ്മീരിന്റെ പ്രത്യേക അവകാശ നിയമമായ 35 എ പിന്‍വിലിക്കുന്ന കാര്യം സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിച്ചേക്കില്ലെന്നും സൂചനകളുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സൈനിക വിന്യാസം പ്രത്യേക അവകാശങ്ങള്‍ എടുത്തു കളയുന്നതിന് മുന്നോടിയായി ഏര്‍പ്പെടുത്തിയതാണെന്ന റിപ്പോര്‍ട്ടുകളോട് വളരെ രൂക്ഷമായാണ് കാശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചത്. നിയമത്തില്‍ തൊട്ടാല്‍ അത് തീക്കളിയാകുമെന്ന് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കോടതിയുടെ വിധി വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. കാശ്മീരില്‍ ബിജെപിക്ക് സ്വാധീനമുള്ള സര്‍ക്കാര്‍ വരികയും ഇതിന് ശേഷം ഇത്തരം കടുത്ത നടപടികള്‍ എടുക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനകളിലാണ് ബിജെപിയിലെ ഒരു വിഭാഗം എന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കാശ്മീരിലെ സ്ഥിര താമസക്കാരെ നിശ്ചയിക്കുന്നതിന് നിയമസഭയ്ക്ക് അധികാരം നല്‍കുന്നതാണ് 35 എ വകുപ്പ്. കാശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായതിനെ തുടര്‍ന്ന് നിലവില്‍ വന്നതാണ് 370 -ാം വകുപ്പ്. ഇത് രണ്ടും എടുത്തുകളയണമെന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാട്.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കാശ്മീരിന് വലിയ പ്രധാന്യമാണ് നല്‍കിയത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യ സന്ദര്‍ശനം കാശ്മീരിലായിരുന്നു. കഴിഞ്ഞയാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കാശ്മീരില്‍ സന്ദര്‍ശനം നടത്തി. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാരിന് അറിയാമെന്നായിരുന്നു രാജ് നാഥ് സിംങ് പറഞ്ഞത്.

Also Read: കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 35 എ തൊടുന്നത് വെടിമരുന്ന് വീപ്പ തീയില്‍ വയ്ക്കുന്നത് പോലെ, കൈ വയ്ക്കുന്നവരുടെ ദേഹം വെണ്ണീറാകും: മെഹബൂബ മുഫ്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍