UPDATES

യശ്വന്ത് സിന്‍ഹയെ വെട്ടാന്‍ മകനെ രംഗത്തിറക്കി ബിജെപി; അപ്രതീക്ഷിത അടിയില്‍ ആടിയുലഞ്ഞ് നേതൃത്വം

യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം അരുണ്‍ ജെയ്റ്റ്ലിയെയാണ് ലക്‌ഷ്യം വയ്ക്കുന്നത് എന്ന് രാഷ്ട്രീയവൃത്തങ്ങളില്‍ സംസാരമുണ്ടെങ്കിലും ആത്യന്തികലക്‌ഷ്യം മോദിയും അമിത് ഷായുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ചുള്ള മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനത്തില്‍ ഞെട്ടിയ നരേന്ദ്ര മോദി സര്‍ക്കാര്‍ മറുപടി പറയുന്നതിനായി രംഗത്തിറക്കിയത് അദ്ദേഹത്തിന്റെ മകനും വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിന്‍ഹയെ. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പിതാവിന്റെ വിമര്‍ശനങ്ങളെ മുഴുവന്‍ ഖണ്ഡിക്കുന്ന വാദഗതികളാണ് പുത്രന്‍ നിരത്തുന്നത്. എന്നാല്‍ ലേഖനത്തിലൊരിടത്തും യശ്വന്ത് സിന്‍ഹയെ പേരെടുത്ത് പറയുകയോ അദ്ദേഹത്തിനുള്ള മറുപടിയാണെന്ന് പറയുകയോ ചെയ്യുന്നില്ല.

ലിബറല്‍ സ്ഥാപനമായ ഒമിദിയാര്‍ നെറ്റ്വര്‍ക്കിന്റെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ക്ക് ഒരിക്കല്‍ നേതൃത്വം നല്‍കിയിരുന്ന ഇക്കണോമിസ്റ്റ് കൂടിയായ ജയന്ത് സിന്‍ഹ ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ ഇങ്ങനെ ന്യായീകരിക്കുന്നു: ‘ഇന്ത്യന്‍ സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സമീപകാലത്ത് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ലേഖനങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ഇടുങ്ങിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തുന്നതും സാമ്പത്തികരംഗത്തെ പരിഷ്‌കരിക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളെ കണക്കിലെടുക്കാത്തതുമാണ്. ഘടനാപരമായ പരിഷ്‌കരണങ്ങള്‍ മൂലം ഉണ്ടാവുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങളെ വിലയിരുത്തുന്നതിന് ഒന്നോ രണ്ടോ പാദങ്ങളിലെ മൊത്തം ആഭ്യന്തര ഉല്‍പാദന ഇടിവിന്റെ സ്ഥൂലകണക്കുകള്‍ അപര്യാപ്തവുമാണ്.

ഇത്തരം ഘടനാപരമായ പരിഷ്‌കരണങ്ങള്‍ അഭിലഷണീയമാണ് എന്ന് മാത്രമല്ല, ഒരു ‘നവ ഇന്ത്യ’ സൃഷ്ടിക്കുന്നതിനും ദശലക്ഷക്കണക്കിന് വരുന്ന നമ്മുടെ തൊഴില്‍സേനയ്ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും ഇത് അത്യന്താപേക്ഷിതവുമാണ്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന പുതിയ സമ്പദ് വ്യവസ്ഥ സുതാര്യവും ആഗോള അടിസ്ഥാനത്തില്‍ കുറഞ്ഞ ചിലവിലുള്ളതും നവീനതയെ കൂട്ടുപിടിക്കുന്നതുമായിരിക്കും. സര്‍വോപരി, ഇന്ത്യക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന തരത്തില്‍ സമത്വപൂര്‍ണമായ ഒരു വ്യവസ്ഥിതിയായിരിക്കും പുതിയ സാമ്പത്തികക്രമം സൃഷ്ടിക്കുക’ എന്നും ജയന്ത് പറഞ്ഞുവെക്കുന്നു.

ഇന്ത്യന്‍ സാമ്പത്തികരംഗത്തെ ക്രമീകരിക്കാന്‍ ഉദ്ദേശിച്ചുള്ള വന്‍മാറ്റങ്ങളാണ് നോട്ട് നിരോധനവും ഡിജിറ്റല്‍ പണമിടപാടുകളും സൃഷ്ടിച്ചതെന്നാണ് കേന്ദ്ര സഹമന്ത്രി അവകാശപ്പെടുന്നത്. നികുതി ശൃംഖലയ്ക്ക് വെളിയിലും അസംഘടിത മേഖലയിലും നടന്ന കൈമാറ്റങ്ങള്‍ ഇപ്പോള്‍ സംഘടിതമേഖലയിലേക്ക് മാറിയെന്നും അദ്ദേഹം പറയുന്നു. ഇതുവഴി മൂന്ന് തരത്തിലുള്ള നേട്ടങ്ങളാണ് രാഷ്ട്രത്തിന് ഉണ്ടാവുകയെന്നാണ് അദ്ദേഹത്തിന്റെ വാദം. നികുതി പിരിവ് വര്‍ദ്ധിക്കുകയും രാജ്യത്തിന് കൂടുതല്‍ വിഭവങ്ങള്‍ ലഭ്യമാവുകയും ചെയ്യുമെന്നും സാമ്പത്തികരംഗത്തെ സംഘര്‍ഷങ്ങള്‍ ഒഴിവാകുന്നതിലൂടെ മൊത്തം ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിക്കുമെന്നും വിനിമയ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതിലൂടെ കൂടുതല്‍ വായ്പകള്‍ ലഭ്യമാകാനുള്ള സാധ്യത പൗരന്മാര്‍ക്ക് തുറന്നു കിട്ടും തുടങ്ങിയ വാദങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്. പ്രകൃതിവിഭവങ്ങളുടെ വിതരണം സുതാര്യമാക്കിയെന്നും ബാങ്കിങ് മേഖലയിലെ കിട്ടാക്കടങ്ങള്‍ തിരികെ പിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അവകാശവാദം ഉന്നയിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിച്ചുവെന്നാണ് മറ്റൊരു കണക്ക്. 2014 സാമ്പത്തികവര്‍ഷത്തില്‍ 36 ബില്യണ്‍ ആയിരുന്ന വിദേശനിക്ഷേപം 2017 സാമ്പത്തികവര്‍ഷത്തില്‍ 60 ബില്യണ്‍ ആയി വര്‍ദ്ധിച്ചുവെന്നാണ് ജയന്ത് അവകാശപ്പെടുന്നത്.

യശ്വന്ത് സിന്‍ഹയുടെ തുറന്നടിച്ചുള്ള വിമര്‍ശനം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയാണ് ലക്‌ഷ്യം വയ്ക്കുന്നത് എന്ന് രാഷ്ട്രീയവൃത്തങ്ങളില്‍ സംസാരമുണ്ടെങ്കിലും മോദി സര്‍ക്കാരിനും അമിത് ഷായുടെ നേതൃത്വത്തിനും എതിരെ ബിജെപിക്കുള്ളില്‍ തന്നെയുള്ള അസംതൃപ്തരുടെ വാദമായി കൂടിയാണ് ഇത് പൊതുവേ കണക്കാക്കപ്പെടുന്നത്. പേടിയുള്ളത് കൊണ്ട് മാത്രം കാര്യങ്ങള്‍ പുറത്തുപറയാത്തവര്‍ക്ക് വേണ്ടിയാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത് എന്നായിരുന്നു മോദിക്കെതിരെ ഒളിയമ്പെയ്തു കൊണ്ടുള്ള സിന്‍ഹയുടെ വിമര്‍ശനം (ബിജെപിയില്‍ പൊട്ടിത്തെറി; മോദിക്കും ജയ്‌റ്റ്ലിക്കുമെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ).

യശ്വന്ത് സിന്‍ഹയുടെ ലേഖനം പുറത്തുവന്നത് ബിജെപിക്കുള്ള അപ്രതീക്ഷിത അടിയായിരുന്നു. കേവലം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മാത്രമല്ല അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്നും മറിച്ച് പാര്‍ട്ടിയിലും സര്‍ക്കാരിലും പുകയുന്ന പ്രശ്നങ്ങള്‍ തന്നെയാണെന്നും ഏറ്റവും കൂടുതല്‍ അറിയാവുന്നതും ബിജെപി നേതാക്കള്‍ക്ക് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ വളരെ കരുതലോടെയായിരുന്നു ബിജെപിയുടെ പ്രതികരണവും. പാര്‍ട്ടി നേതൃത്വം സിന്‍ഹയുടെ വാദങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല ഇല്ല എന്ന തീരുമാനമാണ് ഔദ്യോഗികമായി കൈക്കൊണ്ടത്. ജയന്ത് സിന്‍ഹയുടെ വാദങ്ങള്‍ക്ക് സമാനമായി റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും സര്‍ക്കാരിന്റെ വാദങ്ങള്‍ പത്രക്കുരിപ്പിലൂടെ പുറത്തു വിടുകയും ചെയ്തു. മറ്റൊരു പ്രതികരണം വന്നത് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെതാണ്. രാജ്യം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും പറഞ്ഞ രാജ്നാഥ് യശ്വന്ത് സിന്‍ഹയുടെ വാദങ്ങളിലേക്ക് കടന്നുമില്ല.

ചില കണക്കുകള്‍ പറയാതിരിക്കുകയും ചില കണക്കുകള്‍ മാത്രം പറയുകയും ചെയ്യുന്ന അപൂര്‍വ്വ ന്യായീകരണങ്ങള്‍ നടത്താനാണ് ജയന്ത് സിന്‍ഹ തന്റെ ലേഖനത്തിലും ശ്രമിച്ചിരിക്കുന്നത്. ഉദാഹരണത്തിന് സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ചില കണക്കുകള്‍ അദ്ദേഹം മുന്നോട്ട് വെക്കുന്നു. 2018-ഓടെ രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കും എന്നാണ് അദ്ദേഹം ലേഖനത്തില്‍ പറയുന്നത്. പക്ഷെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ഈ ലക്ഷ്യം 2019-ഓടെ കൈവരിക്കുമെന്നാണ്. 2014ല്‍ 18,452 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കപ്പെടാതെ ഇരുന്നത് 2017ല്‍ 4,941 ഗ്രാമങ്ങളായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വാദിക്കുന്നു. പക്ഷെ ഈ പദ്ധതി യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ ബാക്കിയാണെന്ന കാര്യം അദ്ദേഹം സൗകര്യപൂര്‍വം വിസ്മരിക്കുന്നു എന്ന് മാത്രമല്ല, 16,000 കോടി രൂപകൊണ്ട് എങ്ങനെയാണ് ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുക എന്ന് വിശദീകരിക്കുന്നുമില്ല.

2014ല്‍ പ്രതിദിനം 69 കിലോമീറ്റര്‍ ഗ്രാമീണ റോഡ് വെട്ടിയിരുന്ന സ്ഥാനത്ത് 2017ല്‍ 133 കിലോമീറ്റര്‍ റോഡ് വെട്ടുന്നുണ്ട് എന്നാണ് മറ്റൊരു അവകാശവാദം. ബിജെപി നേതാക്കളല്ലാതെ ആരും ഇത്തരത്തിലുള്ള ഒരു കണക്ക് പുറത്തുവിട്ടിട്ടില്ല എന്ന് മാത്രമല്ല, ഗ്രാമീണ റോഡുകളുടെ ഉത്തരവാദിത്വം പഞ്ചായത്തീരാജ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന് വ്യക്തമായിരിക്കെ അതെങ്ങനെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നതെന്ന് വിശദീകരിക്കാനും യശ്വന്ത് സിന്‍ഹയുടെ പുത്രന് കഴിയുന്നില്ല. ഭക്ഷണം, വൈദ്യൂതി, തൊഴില്‍, പാര്‍പ്പിടം, ബാങ്ക് അക്കൗണ്ട്, ശൗചാലയങ്ങള്‍, പാചകവാതക സൗകര്യം തുടങ്ങി ഒരു പൗരന്റെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ജയന്ത് വാദിക്കുന്നു.

പക്ഷെ, പാചകവാതകത്തിന്റെ വിലവര്‍ദ്ധന, തകരുന്ന കാര്‍ഷിക മേഖല, കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടയില്‍ കുത്തനെ ഇടിഞ്ഞ തൊഴിലവസരങ്ങള്‍, വഴിയാധാരമാകുന്ന നിര്‍മ്മാണ മേഖല തുടങ്ങി യശ്വന്ത് സിന്‍ഹ ഉയര്‍ത്തിയ ന്യായമായ ആശങ്കകളോട് പ്രതികരിക്കാന്‍ ഈ ലേഖനം ഉതകുന്നില്ല എന്ന് തന്നെ പറയേണ്ടിവരും. സാമ്പത്തിക കണക്കുകളില്‍ അഭിരമിക്കരുത് എന്നാണ് അമിത് ഷാ നമ്മോട് പറയുന്നത്. അതേ ന്യായീകരണയുക്തിയാണ് കേന്ദ്ര സഹമന്ത്രിയുടെ ഈ ലേഖനത്തിലും ഉള്ളത്. മുന്നില്‍ കാണുന്ന ദുരന്തത്തെ നേരിടുന്നതിനപ്പുറം ന്യായീകരണവാദങ്ങളുമായി അധികാരത്തിലിക്കുന്നവര്‍ മുന്നോട്ട് വരുമ്പോള്‍ യശ്വന്ത് സിന്‍ഹ പറഞ്ഞതുപോലെ ചില ദാരിദ്ര്യങ്ങള്‍ തൊട്ടറിയാന്‍ പ്രധാനമന്ത്രി ജെയ്റ്റ്ലിയെ ഏര്‍പ്പെടുത്തിയതാണോ എന്ന് തന്നെ സംശയിച്ചു പോവും.

എന്തായാലും 2019-ലെ പൊതുതെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന, അധികാരം നിലനിര്‍ത്തുമെന്ന് ആത്മവിശ്വാസമുള്ള ബിജെപിയെ സംബന്ധിച്ചിടത്തോളം പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍