UPDATES

കേരളത്തില്‍ മോഹന്‍ ലാല്‍, തമിഴ് നാട്ടില്‍ വിജയ്‌… ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപിക്ക് വന്‍ പദ്ധതികളെന്ന് റിപ്പോര്‍ട്ട്

ആര്‍.എസ്.എസിന്റെ സാന്നിധ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ, സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തല്‍, പാര്‍ട്ടികളെ പിളര്‍ത്തല്‍ തുടങ്ങിയവയാണ് കരുക്കളെന്നും റിപ്പോര്‍ട്ട്

കേരളത്തില്‍ മോഹന്‍ ലാലിനേയും തമിഴ്‌നാട്ടില്‍ നടന്‍ വിജയിനേയും ഉള്‍പ്പെടുത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കാന്‍ ബി.ജെ.പി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ നടന്‍ സുരേഷ് ഗോപി ഇതിനകം തന്നെ പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയായ സാഹചര്യത്തില്‍ മോഹന്‍ ലാലിനെ പോലൊരു നടന്റെ സാന്നിധ്യം സംസ്ഥാനത്ത് ഗുണകരമാകുമെന്നാണ് ബി.ജെ.പി കരുതുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ വിജയ് അല്ലെങ്കില്‍ വിശാലിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് ആലോചനകള്‍ നടക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നതിന് ഇപ്പോഴുള്ള ഏക തടസം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് എന്നാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അഭിപ്രായം. കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസിന് ശക്തമായ വേരോട്ടമുണ്ടെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും ഇപ്പോഴും ശക്തമായ സാന്നിധ്യമുണ്ട്. ഇത് തകര്‍ക്കുന്നതു വഴി മാത്രമേ ബി.ജെ.പിക്ക് ഇവിടേക്ക് കടന്നു കയാറാന്‍ കഴിയൂ എന്നാണ് സംഘപരിവാര്‍ നേതൃത്വം കരുതുന്നത്.

ആര്‍.എസ്.എസിന്റെ സാന്നിധ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ, സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തല്‍, പാര്‍ട്ടികളെ പിളര്‍ത്തല്‍ തുടങ്ങിയവ വഴി ഈ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാനുള്ള പദ്ധതികളാണ് ബി.ജെ.പി ആവിഷ്‌കരിക്കുന്നതെന്നും എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് ദേശീയതലത്തില്‍ തളര്‍ന്നതിനാല്‍ കേരളത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിനൊപ്പം, ഭരണത്തിലിരിക്കുന്ന എല്‍.ഡി.എഫിലെ ഭിന്നതകള്‍ മുതലെടുത്ത് ശക്തമായ പ്രതിപക്ഷമായി വളരാന്‍ ബി.ജെ.പിക്ക് കഴിയും. ഇതിനൊപ്പം, ചില പ്രാദേശിക പാര്‍ട്ടികളെയും ഉന്നം വയ്ക്കണം. സുരേഷ് ഗോപി ഇതിനകം തന്നെ പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭയിലെത്തിയിട്ടുണ്ട്. മോഹന്‍ ലാലിനെ പോലൊരു നടനെ പാര്‍ട്ടിയിലെത്തിക്കുക വഴി കേരളത്തില്‍ കൂടുതല്‍ ശക്തമാകാന്‍ സാധിക്കും. കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖരായ ചില നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനും ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

തമിഴ്‌നാട്ടില്‍ ഭരണത്തിലുള്ള എ.ഐ.എ.ഡി.എം.കെ ദുര്‍ബലമായിക്കഴിഞ്ഞു. എന്നാല്‍ ഈ സാഹചര്യം മുതലെടുക്കാനുള്ള കരുത്ത് പ്രതിപക്ഷമായ ഡി.എം.കെയ്ക്ക് ഇല്ല. ഇതിനൊപ്പം, രണ്ടു പാര്‍ട്ടികളും അഴിമതിയെ പിന്തുണയ്ക്കുകയോ അഴിമതിക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നവരാണ്. മോദിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ വഴി ഇവിടെ ബി.ജെ.പിക്ക് നേട്ടം കൊയ്യാന്‍ സാധിക്കും. ഇതിനൊപ്പമാണ് തമിഴ്‌നാട്ടില്‍ ചലച്ചിത്ര താരങ്ങള്‍ക്ക് രാഷ്ട്രീയത്തിലുള്ള പ്രാധാന്യം. നടന്‍ വിജയ് അല്ലെങ്കില്‍ വിശാല്‍ എന്നിവരിലൊരാളെ ബി.ജെ.പിയിലെത്തിക്കുകയും മുന്നേറ്റം നടത്തുകയുമാണ് ഒരു വഴി. നേരത്തെ രജനീകാന്തിനെ ബി.ജെ.പിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് സാധ്യമായിരുന്നില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ പിന്തുണ അനിവാര്യമായതിനാല്‍ ഇതിനു ശേഷമായിരിക്കും തമിഴ്‌നാട്ടില്‍ കരുക്കള്‍ നീക്കിത്തുടങ്ങൂക എന്നും ബി.ജെ.പി നേതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

കര്‍ണാടകത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷം ഒടുവില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അധികാരം പിടിക്കാന്‍ കഴിയുമെന്നാണ് അവര്‍ കണക്കു കൂട്ടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

തെലങ്കാനയില്‍ ഭരണകക്ഷിയായ ടി.ആര്‍.എസിനും കോണ്‍ഗ്രസിനും ഒരേ നയമായതിനാല്‍ പ്രതിപക്ഷമായി വളരാന്‍ ബി.ജെ.പിക്ക് കഴിയും. മുസ്ലീം സംവരണ വിഷയത്തില്‍ ബി.ജെ.പി ഇതിനകം തന്നെ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പടിപ്പിക്കുന്നുണ്ട്. ഇത് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്ധ്രയില്‍ ഇപ്പോള്‍ ടി.ഡി.പിക്കൊപ്പം ഭരണത്തിലാണ് ബി.ജെ.പിയുള്ളത്. ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസ് നിലനില്‍ക്കുന്നതിനാല്‍ ബി.ജെ.പിക്കെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടി രംഗത്തു വരാനുള്ള സാധ്യതയില്ല. റെഡ്ഡി കഴിഞ്ഞ ദിവസം മോദിയെ സന്ദര്‍ശിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍