UPDATES

ഫൈനാൻസ്

‘അറിവുമില്ല, ഇച്ഛാശക്തിയുമില്ല; അഞ്ച് ട്രില്യന്‍ സമ്പദ്‌വ്യവസ്ഥ മറന്നേക്കൂ’; മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് അഞ്ചു ശതമാനം മാത്രമാണെന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശമായ അവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് പാര്‍ട്ടി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. പുതിയ സാമ്പത്തിക നയം നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഞ്ച് ട്രില്യന്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം മറക്കാന്‍ തയാറായിക്കോളൂ എന്നാണ് സ്വാമിയുടെ ട്വീറ്റ്. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ് നിരക്കായ അഞ്ചു ശതമാനം മാത്രം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് സ്വാമി വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്.

ഇച്ഛാശക്തി മാത്രം കൊണ്ടോ പാണ്ഡിത്യം കൊണ്ടു മാത്രമോ സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സാധിക്കില്ലെന്ന് സ്വാമി പറയുന്നു. അതിന് ഈ രണ്ടു ഘടകങ്ങളും ആവശ്യമാണ്. എന്നാല്‍ ഇന്ന് രാജ്യത്തിന് ഇതു രണ്ടുമില്ലെന്നും സ്വാമി വിമര്‍ശിക്കുന്നു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അഞ്ചു ട്രില്യണ്‍ ആക്കുമെന്നാണ് മോദി നേരത്തെ പ്രസ്താവിച്ചിരുന്നത്. എന്നാല്‍ രാജ്യം കനത്ത സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നു പോകുന്നുവെന്നാണ് വിവിധ മേഖലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ കഴിഞ്ഞയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി അനുവദിക്കുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ റിസര്‍വ് ബാങ്ക് തങ്ങളുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോാടി രൂപ സര്‍ക്കാരിലേക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടെന്നും സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിട്ടുള്ള മാന്ദ്യം മാറ്റാന്‍ കഴിയില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിന്റെ ഭാഗമായി കൂടിയാണ് നിര്‍മല സീതാരാമന്‍ ഇന്നലെ പത്തു ബാങ്കുകളെ നാലാക്കി ലയിപ്പിക്കുന്ന പ്രഖ്യാപനവും നടത്തിയത്. എന്നാല്‍ ഇത് കണ്ണില്‍പ്പൊടിയിടല്‍ മാത്രമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഒപ്പം ഇത് ബാങ്കിംഗ് മേഖലയെ തകര്‍ക്കാന്‍ പോന്നതാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതിനിടെയാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ തന്നെയാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം വന്നിരുന്നു. വിപണിയില്‍ ഡിമാന്‍ഡ് ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമെന്നും കാര്‍ഷിക മേഖലയും തകര്‍ച്ചയെ നേരിടുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകളില്‍ ഘടനാപരമായ പ്രശ്‌നങ്ങളുണ്ടെന്നും നിര്‍മാണം, വ്യാപാരം, ഗതാഗതം, വിനിമയം കൃഷി തുടങ്ങിയ മേഖലകളില്‍ പ്രതിസന്ധിയാണെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.

ഫാക്ടറി ഉത്പാദന മേലഖയിലെ വളര്‍ച്ചാ നിരക്ക് നാലു ശതമാനമായി ചുരുങ്ങിയത് തൊഴില്‍ ലഭ്യതയിലടക്കം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും കൂടുതലാണെന്ന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2019 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 5 ശതമാനം വളർച്ച നേടിയതായ റിപ്പോർട്ട് പുറത്തു വന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 5.8 ശതമാനമായിരുന്നു വളർ‌ച്ചാ നിരക്ക്. ആറര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ‌വളർച്ചാ നിരക്കാണ് ഈ സാമ്പത്തിക വർഷം ആദ്യപാദത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇത്തവണ രേഖപ്പെടുത്തിയതെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്ക് ഓഫീസ് (സിഎസ്ഒ) വ്യക്തമാക്കിയിരുന്നു.

2018-19 മാർച്ച് പാദത്തിലെ ജിഡിപി വളർച്ച 5.8 ശതമാനമായിരുന്നു. ത്രൈമാസ ജിഡിപി വളർച്ച ആറ് ശതമാനത്തിൽ താഴെയായ തുടർച്ചയായ രണ്ടാം പാദമാണിത്. 5.2 ശതമാനത്തിനും 5.7 ശതമാനത്തിനും ഇടയിലായിരിക്കും രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ജിഡിപി വളര്‍ച്ചയില്‍ കുറവുണ്ടാകും എന്ന് തന്നെയായിരുന്നു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുത്തിയിരുന്നത്. എന്നാല്‍ ഇത്രയും വലിയ തിരിച്ചടി നേരിടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം, വരും ദിവസങ്ങളിൽ റിസർവ് ബാങ്ക് കൂടുതൽ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ തുറക്കുന്നതാണ് ജിഡിപി സംബന്ധിച്ച പുതിയ റിപ്പോർട്ട്. ജൂൺ പാദത്തിലെ മൊത്ത മൂല്യവർദ്ധനവ് (ജി‌വി‌എ) 4.9 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 7.7 ശതമാനമായിരുന്നു ജൂൺ പാദത്തിലെ മൂല്യ വർധനവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍