UPDATES

യോഗി ആദിത്യനാഥ് പ്രചരണം നടത്തിയ 59 ശതമാനം സീറ്റുകളിലും ബിജെപി തോറ്റു

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലായാണ് 63 സീറ്റുകളില്‍ യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയത്.

ഹിന്ദി മേഖലയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം സീറ്റുകളിലും ബിജെപി പരാജയപ്പെട്ടു. യോഗി പ്രചരണം നടത്തിയ 63 സീറ്റുകളില്‍ 26 എണ്ണത്തില്‍ മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത് എന്ന് ദി പ്രിന്റ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിക്കും അമിത് ഷായ്ക്കും പുറമെയുള്ള താരപ്രചാരകന്‍ എന്ന നിലയിലാണ് യോഗിയെ ബിജെപി അവതരിപ്പിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലായാണ് 63 സീറ്റുകളില്‍ യോഗി ആദിത്യനാഥ് പ്രചരണം നടത്തിയത്.

ഛത്തീസ്ഗഡിലാണ് യോഗിയുടെ ഏറ്റവും മോശം പ്രകടനം. 24 മണ്ഡലങ്ങളിലെ റാലികളിലാണ് ഇവിടെ യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. ബിജെപിക്ക് ഇതില്‍ ലീഡ് നേടാന്‍ കഴിഞ്ഞത് വെറും എട്ടെണ്ണത്തില്‍ മാത്രം. രാജസ്ഥാനില്‍ 26 മണ്ഡലങ്ങളില്‍ യോഗി പ്രചരണം നടത്തിയപ്പോള്‍ 13 സീറ്റുകളിലാണ് ബിജെപി മുന്നിലെത്തിയത്. മധ്യപ്രദേശില്‍ 13 സീറ്റുകളില്‍ യോഗി പ്രസംഗിച്ചു. അഞ്ച് സീറ്റുകളില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്തത്.

തിരഞ്ഞെടുപ്പ് പ്രചാരകന്‍ എന്ന നിലയില്‍ ആളുകളെ ആകര്‍ഷിക്കാനുള്ള യോഗിയുടെ ശേഷി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മോശമാകുന്ന സാഹചര്യത്തില്‍ യോഗി ആദിത്യനാഥിനെ ആര്‍എസ്എസ് റിസര്‍വ് താരമാക്കിയിരിക്കുകയാണ് എന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനത്തേക്കാള്‍ മോദി ചെയ്ത വലിയ തെറ്റ് യോഗിയെ യുപി മുഖ്യമന്ത്രിയാക്കിയതാണ് എന്നും അദ്ദേഹം പറയുന്നു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമടക്കം തീവ്ര ഹിന്ദുത്വ അജണ്ടകളും പ്രചാരണങ്ങളുമായി ബിജെപി മുന്നോട്ടുപോകുന്നതിനിടെ യോഗി ആദിത്യനാഥിന് വലിയ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. തീവ്ര വര്‍ഗീയ പ്രസംഗങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏല്‍ക്കുമോ എന്നും യോഗിയെക്കൊണ്ട് ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ വലിയ മെച്ചമുണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ നേതൃത്വത്തിന് മുന്നില്‍ വന്നേക്കാം.

ഹനുമാന്‍ ദലിതനായിരുന്നു എന്നതടക്കമുള്ള യോഗി ആദിത്യനാഥിന്റെ പ്രസ്താവനകളും പരാമര്‍ശങ്ങളും ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധത്തിന്റെ പേര് പറഞ്ഞ് ബജ്രംഗ് ദള്‍ അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ കലാപമഴിച്ചുവിടുകയും പൊലീസ് ഇന്‍സ്‌പെക്ടറെ അക്രമികള്‍ വധിക്കുകയും ചെയ്ത സംഭവങ്ങളുടെ സമയത്ത് യോഗി മറ്റ് സംസ്ഥാനങ്ങളില്‍ വര്‍ഗീയ പ്രസംഗങ്ങളുമായി സജീവമായിരുന്നു.

അടിതെറ്റി വീഴുന്ന രാഷ്ട്രീയ പൊങ്ങച്ചങ്ങള്‍: അമിത് ഷായെ ഇനി ചാണക്യന്‍ എന്ന് വിളിക്കണോ?

മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍