UPDATES

ട്രെന്‍ഡിങ്ങ്

‘ഞാന്‍ കേന്ദ്രമന്ത്രിയാണ്, $%^&*$*#…. ‘; ദി ടെലിഗ്രാഫ് എഡിറ്റര്‍ രാജഗോപാലിനെ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ഫോണില്‍ വിളിച്ചത് ഇങ്ങനെ

ഒരു കേന്ദ്രമന്ത്രി പത്രമോഫീസില്‍ വിളിച്ച് ഇല്ലാത്ത കാര്യത്തിന് മാപ്പു പറയാന്‍ ആവശ്യപ്പെടുകയും തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഗൗരവതരമാണെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു

ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ കേന്ദ്ര വനം, പരിസ്ഥിതി സഹമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ദി ടെലിഗ്രാഫ് ദിനപത്രത്തിന്റെ എഡിറ്റര്‍ ആര്‍. രാജഗോപാലിന് മന്ത്രിയുടെ വക ഭീഷണിയും തെറിവിളിയും. “Are you sold out? Are you f***ing sold out?” എന്നായിരുന്നു മന്ത്രിയുടെ ആദ്യ തെറിവിളിയെന്ന് ഇന്നു രാവിലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ടെലിഗ്രാഫ് പറയുന്നു. ഇതിനൊപ്പം മറ്റു തെറിവാക്കുകളും മന്ത്രി ഉപയോഗിച്ചെന്നും എന്നാല്‍ അതൊന്നും അച്ചടിക്കാന്‍ കഴിയത്ത രീതിയിലുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജാദവ്പൂര്‍ സര്‍വകലാശാലയില്‍ വ്യാഴാഴ്ചയാണ് എബിവിപി ക്ഷണപ്രകാരം സുപ്രിയോ എത്തുന്നത്. എന്നാല്‍ മന്ത്രി കോളേജില്‍ പ്രവേശിക്കുന്നതിനെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ത്തതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. കോളേജിലെ പരിപാടിയില്‍ പങ്കെടുത്തിട്ടേ പോകുവെന്ന് സുപ്രിയോയും അനുവദിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും നിലപാടെടുത്തതോടെ സംഘര്‍ഷം മണിക്കൂറുകളോളം നീണ്ടു. ഒടുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കണക്കിലെടുക്കാതെ പരിപാടിയില്‍ പങ്കെടുത്ത സുപ്രിയോ തിരിച്ചു പോകാനായി ഒരുങ്ങിയതും വിദ്യാര്‍ത്ഥികള്‍ വീണ്ടും തടഞ്ഞു. ഇതിനിടെ ഇരുകൂട്ടരുടേയും ഭാഗത്ത് നിന്ന് ഉന്തും തള്ളുമുണ്ടായി. സുപ്രിയോ വിദ്യാര്‍ത്ഥിനികളെ തള്ളി മാറ്റുന്നതിന്റെയു അസഭ്യം പറയുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നു. “ഞാന്‍ ആരാണെന്ന് അറിയില്ലെങ്കില്‍ മുറിയിലേക്ക് വാടീ, കാണിച്ചു തരാം” എന്നൊക്കെയായിരുന്നു മന്ത്രിയുടെ ആകോശങ്ങളെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഇതിനിടെ മന്ത്രിയെ വിദ്യാര്‍ത്ഥികള്‍ തള്ളിപ്പുറത്താക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ മറുഭാഗവും പുറത്തുവിട്ടു. ഇതിനിടെ, സ്ഥലത്തെത്തിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസിനോടും സുപ്രിയോ തട്ടിക്കയറി. താന്‍ കേന്ദ്രമന്ത്രിയാണെന്നും തന്നെപ്പോലൊരാള്‍ കോളേജില്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ എന്തുകൊണ്ട് വൈസ് ചാന്‍സലര്‍ എത്തിയില്ല എന്നുമായിരുന്നു സുപ്രിയോയുടെ ആക്രോശം. “എനിക്കറിയാം, നിങ്ങള്‍ ഇടതുപക്ഷക്കാരനാണ്, ഞാന്‍ കാണിച്ചു തരാം” എന്ന രീതിയിലായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്നും തന്നെ ക്ഷണിക്കാതെ അവിടേക്ക് എത്താന്‍ കഴിയില്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പോലീസിനെ വിളിക്കാനുള്ള നിര്‍ദേശവും വൈസ് ചാന്‍സലര്‍ നിരസിച്ചു. മുന്‍വര്‍ഷം ക്യാമ്പസില്‍ പോലീസ് കയറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനിടെ സുരഞജ്ന്‍ ദാസ് തളര്‍ന്നു വീഴുകയും അദ്ദേഹത്തെ ആശുപത്രിയിലാക്കുകയും ചെയ്തു.

സര്‍വകലാശാലയില്‍ സുപ്രിയോയെ തടഞ്ഞ വാര്‍ത്തയറിഞ്ഞ് സംസ്ഥാന ഗവര്‍ണര്‍ ജഗ്ദീപ് ദാങ്കറും ഇതിനിടെ സ്ഥലത്തെത്തി. അദ്ദേഹത്തെ കാറില്‍ സുപ്രിയോയെ പുറത്തേക്ക് കൊണ്ടു പോകുന്നതും വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സുപ്രിയോ മാപ്പു പറഞ്ഞിട്ടു മാത്രമേ പുറത്തു പോകാന്‍ അനുവദിക്കൂ എന്ന നിലപാട് വിദ്യാര്‍ത്ഥികള്‍ എടുത്തതോടെ ഈ സംഘര്‍ഷം ഒരുമണിക്കൂര്‍ നീണ്ടു. ഒടുവില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഗവര്‍ണറെയും മന്ത്രിയേയും പുറത്തെത്തിച്ചത്. ഇതിനു പിന്നാലെ എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസ് കത്തിക്കുകയും വിദ്യാര്‍ത്ഥികളെ കൈയേറ്റം ചെയ്തതായും ആരോപണമുണ്ട്.

വെള്ളിയാഴ്ച രാവിലെ ഇറങ്ങിയ ടെലിഗ്രാഫ് ദിനപത്രത്തില്‍ സുപ്രിയോ ഒരു വിദ്യാര്‍ത്ഥിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരിക്കുന്ന ഫോട്ടോയാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിന് “Babull at JU” എന്നായിരുന്നു തലക്കെട്ട്. ഇന്നലെ ജാദവ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുപ്രിയോ തന്നെ കൈയേറ്റം ചെയ്യുന്ന രീതിയിലുള്ള വീഡിയോ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു. താന്‍ വിദ്യാര്‍ത്ഥികളെ കൈമുട്ടുകൊണ്ട് ഇടിച്ചുവെന്ന് പറയുന്നത് തെറ്റാണെന്നും തന്നെയാണ് വിദ്യാര്‍ത്ഥികള്‍ കൈയേറ്റം ചെയ്തതെന്നും പറഞ്ഞ സുപ്രിയോ ടെലിഗ്രാഫിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുറിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്നലെ, മലയാളി കൂടിയായ ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാലിനെ സുപ്രിയോ ഫോണില്‍ വിളിക്കുന്നത്. പത്രമോഫീസില്‍ എഡിറ്റോറിയല്‍ മീറ്റിംഗ് നടക്കുന്ന സമയമായതിനാല്‍ മുഴുവന്‍ പത്രപ്രവര്‍ത്തകരുടേയും സാന്നിധ്യത്തിലായിരുന്നു തുടര്‍ന്നുണ്ടായ ഫോണ്‍ സംഭാഷണം. രമ്യതയില്‍ ഒരു ക്ഷമാപണംം പ്രസിദ്ധീകരിക്കണം എന്നായിരുന്നു മന്ത്രിയുടെ ആവശ്യം. എന്നാല്‍ തെറ്റായ കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോഴാണ് മാപ്പു പറയുന്നതെന്നും തങ്ങള്‍ തെറ്റായ കാര്യങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു. താന്‍ വിദ്യാര്‍ത്ഥികളെ കൈയേറ്റം ചെയ്തുവെന്ന വാര്‍ത്തയെക്കുറിച്ചാണ് പറയുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ തങ്ങള്‍ അത്തരത്തില്‍ റിപ്പോര്‍ട്ടുകളൊന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് എഡിറ്റര്‍ വ്യക്തമാക്കി. ഇതോടെ സുപ്രിയോയുടെ സംസാരത്തിന്റെ രീതി മാറിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കേന്ദ്രമന്ത്രിയോടാണ് സംസാരിക്കുന്നതെന്ന് ഇടക്കിടെ ഓര്‍മിപ്പിച്ച സുപ്രിയോ പിന്നീടാണ് “Are you sold out? Are you f***ing sold out?” എന്നൊക്കെയുള്ള തെളിവിളികള്‍ നടത്തുന്നത്. തുടര്‍ന്നുണ്ടായ സംഭാഷണം ഇങ്ങനെയാണെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘“Aren’t you a gentleman?’ the minister asked me,” the editor said.

The editor replied: “I am not a gentleman, I am a journalist…. You may be a central minister but I am also a citizen of this country.”

ഇതിനിടെ “Babull at JU” എന്ന തലക്കെട്ട്‌ തന്നെ അപമാനിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അത് താങ്കളെ ആണെന്ന് എങ്ങനെ മനസിലായി, വിദ്യാര്‍ഥികളെയും ആയിക്കൂടെ എന്ന് എഡിറ്റര്‍ ചോദിച്ചു. ഇതിനിടെ മന്ത്രിക്ക് റിപ്പോര്‍ട്ടുകളെ കുറിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ നിയമപരമായി നീങ്ങാമെന്നും അതാണ്‌ ശരിയായ വഴിയെന്നും എഡിറ്റര്‍ വ്യക്തമാക്കുകയും ചെയ്തു. താന്‍ ഫോണ്‍ സംഭാഷണം മുഴുവന്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് സുപ്രിയോ പറഞ്ഞപ്പോള്‍ അത് മുഴുവന്‍ പുറത്തുവിടൂ, ആര്, എന്തൊക്കെയാണ് സംസാരിച്ചതെന്ന് ജനങ്ങള്‍ക്ക് മനസിലാവുമല്ലോ എന്നും രാജഗോപാല്‍ പറഞ്ഞു. ഈ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് പിറ്റേന്ന് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുമെന്നും വ്യക്തമാക്കി എഡിറ്റര്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. ഇതിനു പിന്നാലെ സുപ്രിയോ ചെയ്ത ട്വീറ്റ് പറയുന്നത്, ടെലിഗ്രാഫിന്റെ അഹങ്കാരിയായ എഡിറ്റര്‍ രാജഗോപാല്‍ തന്നെ അപമാനിച്ചെന്നും താന്‍ വിളിച്ചതിനെ കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ്.

ഒരു കേന്ദ്രമന്ത്രി പത്രമോഫീസില്‍ വിളിച്ച് ഇല്ലാത്ത കാര്യത്തിന് മാപ്പു പറയാന്‍ ആവശ്യപ്പെടുകയും തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാര്യം ഗൗരവതരമാണെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ദിനപത്രം കൂടിയാണ് ദി ടെലിഗ്രാഫ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍