UPDATES

സർക്കാരുദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റു കൊണ്ട് ആക്രമിച്ചു; കൈലാഷ് വിജയവർഗിയയുടെ മകൻ എംഎൽഎ ആകാശ് അറസ്റ്റിൽ

‘ആദ്യം അഭ്യർത്ഥിക്കും, പിന്നീട് അപേക്ഷിക്കും, ഒടുവിൽ മർദ്ദിക്കും,’ ആകാശ് പറഞ്ഞു.

സർക്കാരുദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റു കൊണ്ട് ആക്രമിച്ചതിന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ മകനും എംഎൽഎയുമായ ആകാശ് വിജയവർഗിയയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെയാണ് ബാറ്റുപയോഗിച്ച് ആകാശ് മർദിച്ചത്.

ഇൻഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു ആകാശിന്റെ അക്രമം. ഈ കെട്ടിടം തകരാൻ തുടങ്ങിയിരുന്നു. ക്രിക്കറ്റ് ബാറ്റുമായി എത്തിയ ആകാശ് മുൻസിപ്പൽ കോർപറേഷൻ ഓഫീസർമാർക്കുനേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പത്തു മിനിറ്റിനുളളിൽ സ്ഥലം കാലിയാക്കണം എന്നു ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മർദ്ദനം. പ്രദേശവാസികൾ ആവശ്യപ്പെട്ടാണ് എംഎൽഎ സ്ഥലത്തെത്തിയത്. കെട്ടിടത്തിൽ വാടകക്കാർ താമസിക്കുന്നുണ്ട്. അവർ മാറാൻ തയ്യാറല്ല. എന്നാൽ അപകടനിലയിലുള്ളതും അനധികൃതമായി നിർമിച്ചതുമായ കെട്ടിടം പൊളിക്കുമെന്നാണ് കോർപ്പറേഷന്റെ നിലപാട്.

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

അറസ്റ്റിനു മുമ്പ് മാധ്യമങ്ങളോട് ആകാശ് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു. അഴിമതിയും ഗുണ്ടായിസവും അവസാനിപ്പിക്കാനാണ് താൻ ഇതെല്ലാം ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ‘ആദ്യം അഭ്യർത്ഥിക്കും, പിന്നീട് അപേക്ഷിക്കും, ഒടുവിൽ മർദ്ദിക്കും,’ ആകാശ് പറഞ്ഞു.

ടെലിവിഷൻ മാധ്യമപ്രവര്‍ത്തകരുടെയും പോലീസിന്റെയും മുന്നില്‍ വെച്ചാണ് എംഎൽഎയും അനുയായികളും ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചത്. കോര്‍പ്പറേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരായ ധീരേന്ദ്ര ബ്യാസും അസിത് ഖാരെയുമാണ് ആക്രമണത്തിനിരയായത്. താൻ ദേഷ്യത്തിലായിരുന്നെന്നും എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഓർമയില്ലെന്നും ആകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാൾക്കൊപ്പമുണ്ടായിരുന്ന അനുയായികൾക്കെതിരെയും കേസുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍