UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോസംരക്ഷണത്തിലൂന്നി കോൺഗ്രസ്സ് പ്രകടനപത്രിക; കണ്ണൂരിൽ പരസ്യമായി പശുവിനെ അറുത്ത സംഭവം ചൂണ്ടിക്കാട്ടി ബിജെപി

മധ്യപ്രദേശിലെ കോൺഗ്രസ്സ് പ്രകടനപത്രിക സംസ്ഥാന കോൺഗ്രസ്സ് പ്രസിഡണ്ട് കമൽനാഥ് ആണ് പ്രകാശനം ചെയ്തത്.

മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ്സ് പുറത്തിറക്കിയ പ്രകടനപത്രിക ഗോസംരക്ഷണത്തെക്കുറിച്ച് മുമ്പോട്ടു വെക്കുന്ന വാഗ്ദാനങ്ങള്‍ കപടമാണെന്നാരോപിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്തെ ബിജെപി എംഎൽഎയായ രാമേശ്വര്‍ ശർമ കോൺഗ്രസ്സ് പ്രകടനപത്രികയിലെ കാപട്യം ചൂണ്ടിക്കാട്ടാൻ കേരളത്തിലെ കണ്ണൂരിൽ നടന്ന സംഭവമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കണ്ണൂരിൽ‌ കോൺഗ്രസ്സ് നേതാക്കൾ പശുവിനെ പരസ്യമായി അറുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അറുത്തതിനു ശേഷം കറിവെച്ച് വിളമ്പുകയും ചെയ്തു. അറവുകാരാണ് പശുക്കളെ സംരക്ഷിക്കുമെന്ന് പ്രകടന പത്രികയിറക്കിയിരിക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. സംസ്ഥാനത്തുടനീളം ബീഫ് ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുകയും ചെയ്തു യൂത്ത് കോൺഗ്രസ്സെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടുകൾ മാത്രം ലക്ഷ്യമിട്ടുള്ള വ്യായാമമാണ് ഗോസംരക്ഷണ വാഗ്ദാനത്തിലൂടെ കോൺഗ്രസ്സ് നടത്തുന്നതെന്ന് രാമേശ്വർ ശർമ പറഞ്ഞു. കേരളത്തിൽ കോൺഗ്രസ്സ് കാമറകളുടെ മുന്നിൽ വെച്ച് പശുവിനെ അറുക്കുകയാണ് ചെയ്യുന്നത്. മധ്യപ്രദേശിലെത്തുമ്പോൾ പശുക്കളെ ആരാധിക്കുകയും ചെയ്യുന്നു: ശർമ പറഞ്ഞു.

മധ്യപ്രദേശിലെ കോൺഗ്രസ്സ് പ്രകടനപത്രിക സംസ്ഥാന കോൺഗ്രസ്സ് പ്രസിഡണ്ട് കമൽനാഥ് ആണ് പ്രകാശനം ചെയ്തത്. എംപിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌‍വിജയ് സിങ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു പ്രകാശനം. പശുക്കളെ പരിപാലിക്കുന്നതിനായി കൂടുതൽ ഗോശാലകൾ നിർമിക്കുമെന്ന് പ്രകടനപത്രികയിലുണ്ട്. എല്ലാ പഞ്ചായത്തിലും ഗോശാലകളുണ്ടാക്കുമെന്നാണ് വാഗ്ദാനം. ഈ ഗോശാലകളുടെ പരിപാലനത്തിനായി പ്രത്യേക ഗ്രാന്റ് അനുവദിക്കുമെന്നും പറയുന്നുണ്ട്. ഇതോടൊപ്പം ഗോവധ വിരുദ്ധ നിയമത്തിലെ ചില ചട്ടങ്ങൾ നീക്കം ചെയ്യുമെന്നും കോൺഗ്രസ്സ് വാഗ്ദാനം ചെയ്യുന്നു. പശുവിന്റെ ദൈവീകത അംഗീകരിക്കുന്നുവെന്നും, അറുക്കുന്നതിനെ എതിർക്കുന്നുവെന്നും, എന്നാൽ പശുക്കളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കാതിരിക്കുന്ന ചട്ടം തെറ്റാണെന്നും പ്രകടനപത്രികയിലുണ്ട്. ഈ ചട്ടം നീക്കം ചെയ്യും.

പശുവിനെ അറുത്ത് റിജിൽ മാക്കുറ്റിയുടെ വ്യത്യസ്തതയുള്ള സമരം

2017 മെയ് മാസം 27നായിരുന്നു യൂത്ത് കോൺഗ്രസ്സുകാരുടെ പശുവിനെ അറുത്തുള്ള പ്രതിഷേധസമരം. ഒരു ടെമ്പോ വാനിൽ വെച്ച് പശുവിനെ പരസ്യമായി അറുക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലായിരുന്നു സംഭവം. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുവിനെ അറുത്തതെന്ന ആരോപണവും അന്നുയർന്നിരുന്നു.

കണ്ണൂരില്‍ പരസ്യമായി പശുവിനെ അറുത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍