UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉനയിൽ ആക്രമിക്കപ്പെട്ട ദളിത് കുടുംബം ബുദ്ധമതത്തിലേക്ക്; ചടങ്ങിൽ പങ്കെടുത്ത് ബിജെപി ദളിത് എംഎൽഎ

താൻ ബിജെപി എംഎൽഎയാണെങ്കിലും ബാബാസാഹേബ് അംബേദ്കർ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തില്ലായിരുന്നുവെങ്കിൽ തനിക്ക് മത്സരിക്കാൻ സാധിക്കുമായിരുന്നില്ലെന്ന് പ്രദീപ് ചൂണ്ടിക്കാട്ടി.

2016ൽ ഗുജറാത്തിലെ ഉനയിൽ പശുസംരക്ഷകരുടെ ആക്രമണത്തിനിരയായ ദളിത് യുവാക്കളുടെ കുടുംബം ബുദ്ധമതം സ്വീകരിച്ചു. ഇവരോടൊപ്പം മറ്റ് മുന്നൂറോളം പേരും ബുദ്ധമതത്തിലെത്തി. ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ.

ഗിർ സോമനാഥ് ജില്ലയിലെ ഉന എന്ന ചെറുപട്ടണത്തിൽ വെച്ച് പശുക്കളെ കൊന്നുവെന്നാരോപിച്ച് ആക്രമിക്കപ്പെട്ട യുവാക്കളിൽ രണ്ട് സഹോദരന്മാരുടെ കുടുംബമാണ് മതപരിവർത്തനം ചെയ്തത്. പരസ്യമായ ഈ ആക്രമണത്തിന്റെ വീഡിയോ പ്രചരിച്ചതോടെ രാജ്യത്തെമ്പാടും ദളിത് മുന്നേറ്റങ്ങൾക്കത് തീപ്പൊരിയായി.

ചടങ്ങിൽ ബിജെപി എംഎൽഎയായ പ്രദീപ് പാർമർ പങ്കെടുത്തത് ചർച്ചയായിട്ടുണ്ട്. ഇദ്ദേഹം ദളിത് വിഭാഗത്തിൽ പെട്ടയാളാണ്. 22 ബുദ്ധശാസനങ്ങൾ അംഗീകരിക്കുന്നതോടെയാണ് മതപരിവർത്തനം നടക്കുക. ഇതിൽ ഹിന്ദുദൈവങ്ങളെ അംഗീകരിക്കുന്നില്ലെന്ന പ്രതിജ്ഞയും ഉൾപ്പെടുന്നു. ഗുജറാത്ത് നിയമപ്രകാരം ഈ മതപരിവർത്തനം ജില്ലാകളക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്താലേ നിയമപരത കിട്ടൂ.

ബാലു സർവ്വയ്യ, അദ്ദേഹത്തിന്റെ ഭാര്യ കുൻവാർ, മക്കളായ വശ്രാം, രമേഷ്, മരുമക്കളായ മനിഷ, സോനാൽ എന്നിവരാണ് മതപരിവർത്തനം ചെയ്തത്. ബുദ്ധസന്യാസിമാരാണ് പരിവര്‍ത്തനത്തിന് നേതൃത്വം നൽകിയത്.

വശ്രാമും രമേഷുമാണ് 2016ൽ പശുസംരക്ഷകരുടെ ആക്രമണത്തിന് വിധേയരായത്. ഇവരുടെ രക്ഷയ്ക്കെത്തിയ ഭാര്യമാരും ആക്രമണമേറ്റുവാങ്ങി.

ചടങ്ങിൽ സംസാരിച്ച ബിജെപി എംഎൽഎ പ്രദീപ് പാർമർ മതപരിവർത്തനം ചെയ്തവരെ അഭിനന്ദിച്ചു. താൻ ബിജെപി എംഎൽഎയാണെങ്കിലും ബാബാസാഹേബ് അംബേദ്കർ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തില്ലായിരുന്നുവെങ്കിൽ തനിക്ക് മത്സരിക്കാൻ സാധിക്കുമായിരുന്നില്ലെന്ന് പ്രദീപ് ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍