UPDATES

ട്രെന്‍ഡിങ്ങ്

ആറാഴ്ച കൊണ്ട് 1 ട്രില്യൺ ഡോളർ വളർച്ച? നിർമല സീതാരാമന്റേത് ‘മാധുര സ്വപ്നങ്ങളെ’ന്ന് സുബ്രഹ്മണ്യൻ സ്വാമി

സുബ്രഹ്മണ്യൻ സ്വാമിയുടെ മറ്റൊരു വിമർശനം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ്. 2018 ബേസ് ഇയറാക്കി 2022ഓടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നത്.

ധനമന്ത്രി നിർമല സീതാരാമൻ ‌അവതരിപ്പിച്ച സമഗ്ര ബജറ്റിന് ഏറ്റവും വലിയ വിമർശനങ്ങൾ വന്നുകൊണ്ടിരിക്കുന്നത് സ്വന്തം പാളയത്തിൽ‌ നിന്നു തന്നെയാണ്. ബിജെപിയുടെ രാജ്യസഭാ എംപി സുബ്രഹ്മണ്യം സ്വാമി ബജറ്റ് പ്രസംഗത്തിന്റെ മുക്കും മൂലയും പരിശോധിച്ച് തുടർച്ചയായ വിമർശനങ്ങളുന്നയിച്ചതാണ് ചർച്ചയാകുന്നത്.

രണ്ടായിരത്തി ഇരുപത്തഞ്ചാമാണ്ടോടെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ 5 ട്രില്യൺ ഡോളർ സാമ്പത്തികവ്യവസ്ഥയാക്കി പരിവർത്തിപ്പിക്കുമെന്നാണ് നിർമ സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. ഇത് എങ്ങനെ സാധ്യമാകുമെന്ന് സുബ്രഹ്മണ്യൻ സ്വാമി ചോദിക്കുന്നു.

“ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന്റെ എട്ടാമത്തെ പാരാഗ്രാഫിൽ ഇങ്ങനെ പറയുന്നു: ‘രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം ലോകത്തിലെ ആറാമത്തേതാണ്…. വാങ്ങൽ ശേഷിയുടെ കാര്യത്തിൽ നമ്മൾ ഇതിനകം മൂന്നാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥയായിട്ടുണ്ട്…’ അപ്പോൾ ഏതാണ് ശരി? ആറാം സ്ഥാനമോ മൂന്നാം സ്ഥാനമോ? രണ്ടും ഒരുമിച്ചാകാൻ ഒരു വഴിയുമില്ല.” ഹാർവാർഡ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനങ്ങളെ തള്ളാനും കൊള്ളാനും വയ്യാതെ നിൽക്കുകയാണ് ബിജെപി.

മറ്റൊരു ട്വീറ്ററ്‍ സ്വാമി ഇപ്രകാരം പറയുന്നു: “പത്താമത്തെ പാരാഗ്രാഫിൽ ധനമന്ത്രി പറയുന്നു: ‘1 ട്രില്യൺ ഡോളർ സാമ്പത്തിക വർഷമാകാൻ നമ്മൾ 55 വർഷമെടുത്തു. അഞ്ചു വർഷം കൊണ്ട് നമ്മൾ അതിലേക്ക് 1 ട്രില്യൺ ഡോളർ കൂടി ചേർത്തു. ഇന്ന് നമ്മൾ മൂന്ന് ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയായി മാറിയിരിക്കുന്നു,’ അതായത്, എന്നുമുതൽ 55 വർഷം? 2019 മെയ് 26ഓടെ 1 ട്രില്യണ്‍ സാമ്പത്തികവ്യവസ്ഥയിൽ കൂട്ടിച്ചേർത്തു? 3 ട്രില്യൺ സാമ്പത്തിക വ്യവസ്ഥയിലേക്ക് എത്തിച്ചേർന്നെന്നാണ് പിന്നീട് പറയുന്നത്. ആറാഴ്ച കൊണ്ട് 1 ട്രില്യൺ കൂടി കൂട്ടിച്ചേർത്തു? ഹേ റാം ”

സുബ്രഹ്മണ്യൻ സ്വാമിയുടെ മറ്റൊരു വിമർശനം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ്. 2018 ബേസ് ഇയറാക്കി 2022ഓടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നത്. അതായത് കാർഷികരംഗത്തിന്റെ മൊത്ത ശരാശരി വളർച്ചാ നിരക്ക് 18 ശതമാനത്തിൽ എത്തിക്കുക എന്ന്. നിലവില്‍ കാർഷിക വരുമാന വളർച്ച വെറും 2 ശതമാനമാണെന്ന് ചൂണ്ടിക്കാട്ടുന്ന സുബ്രഹ്മണ്യൻ സ്വാമി ധനമന്ത്രാലയത്തിന്റേത് മധുരമുള്ള സ്വപ്നങ്ങളാണെന്ന് പരിഹസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍