UPDATES

‘നല്ലനടപ്പ്‌’ അവസാനിച്ചു; എതിരാളികളെ അധിക്ഷേപിച്ചും വര്‍ഗീയത പ്രസംഗിച്ചും വരുണ്‍ ഗാന്ധി

പ്രതിച്ഛായ ഉണ്ടാക്കാന്‍ ഒഴുക്കിയ കോടികളെങ്കിലും ലാഭിക്കാമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ

കുറെക്കാലത്തെ ‘നല്ലനടപ്പി’നു ശേഷം വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ബിജെപി നേതാവും കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി. എസ്.പി- ബി.എസ്.പി- ആര്‍.എല്‍.ഡി സഖ്യത്തിന് വോട്ടു ചെയ്യുന്നത് പാക്കിസ്ഥാന് വോട്ടു ചെയ്യുന്നതു പോലെയാണെന്നും ബിജെപിക്ക് വോട്ട് ചെയ്യുന്നത് വഴി ഭാരത മാതാവിനാണ് വോട്ടു ചെയ്യേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം വരുണ്‍ ഗാന്ധി പ്രസംഗിച്ചത്. ചാണകം പെറുക്കി വിറ്റു നടന്നിരുന്ന മുലായം സിംഗ് യാദവും കുടുംബവും ഇപ്പോള്‍ അഞ്ചു കോടി രൂപയുടെ കാറിലാണ് സഞ്ചരിക്കുന്നതെന്നും വരുണ്‍ ഗാന്ധി പറയുകയുണ്ടായി. മനേകാ ഗാന്ധി മത്സരിക്കുന്ന യുപിയിലെ സുല്‍ത്താന്‍പൂരിലായിരുന്നു വരുണ്‍ ഗാന്ധിയുടെ വിവാദ പ്രസംഗം.

ഇതിന് രണ്ടു ദിവസം മുമ്പും വരുണ്‍ ഗാന്ധിയുടേതായി വിവാദ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സുല്‍ത്താന്‍പൂരില്‍ മനേകയുടെ എതിരാളിയായ ബിഎസ്പി സ്ഥാനാര്‍ത്ഥി സോനു സിംഗ് എന്നറിയപ്പെടുന്ന ചന്ദ്ര ഭദ്ര സിംഗിനും സ്ഥലത്തെ പ്രധാനികളിലൊരാളായ സഹോദരന്‍ മോനി സിംഗിനും എതിരായിരുന്നു വരുണ്‍ ഗാന്ധിയുടെ വംശീയ പരാമര്‍ശം. താന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണെന്നും ഇത്തരം സോനു സിംഗിനെയും മറ്റും തന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ കിട്ടുമെന്നായിരുന്നു അന്നത്തെ പരാമര്‍ശം.

ഇപ്പോള്‍ സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എം.പിയാണ് വരുണ്‍ ഗാന്ധി. ഇത്തവണ സീറ്റുകള്‍ പരസ്പരം വച്ചു മാറി മനേകാ ഗാന്ധിയുടെ പിലിഭിത്തില്‍ നിന്നാണ് വരുണ്‍ ഗാന്ധി ഇത്തവണ ജനവിധി തേടുന്നത്. മുസ്ലീങ്ങള്‍ തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതതില്ലെന്ന് മനേകാ ഗാന്ധി പ്രസംഗിച്ചിരുന്നു. ബിജെപിക്ക് വോട്ടു ലഭിക്കുന്ന വിധത്തില്‍ ഓരോ ഗ്രാമങ്ങളെയായി താന്‍ തരംതിരിച്ച് അതിന് അനുസരിച്ച് മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കൂ എന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ രണ്ടു ദിവസത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരെ വിലക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലയാണ് വിവാദ പ്രസംഗവുമായി മകനും രംഗത്തെത്തിയത്.

എന്നാല്‍ താന്‍ ഇത്തത്തില്‍ പ്രസംഗിച്ചിട്ടില്ലെന്നും തന്റെ പ്രസംഗത്തിന്റേതായി പ്രചരിക്കുന്ന വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്നുമാണ് വരുണ്‍ ഗാന്ധിയുടെ നിലപാട്. സാങ്കേതിക വിദ്യ അപകടരമായി വളര്‍ന്നെന്നും താന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്ന വീഡിയോ മോര്‍ഫ് ചെയ്തതാണെന്നുമാണ് വരുണ്‍ ഗാന്ധിയുടെ നിലപാട്. താന്‍ മതേതരത്വനിലപാടുകള്‍ മാത്രമേ പ്രസംഗിക്കൂ എന്നും വരുണ്‍ ഗാന്ധി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ വീഡിയോ വ്യാജമല്ലെന്നും രണ്ടു സ്ഥലങ്ങളിലും അദ്ദേഹം നടത്തിയത് വിവാദ പ്രസംഗങ്ങള്‍ തന്നെയാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരുണ്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചനകള്‍.

ഏറെക്കാലമായി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ കണ്ണിലെ കരടാണ് വരുണ്‍ ഗാന്ധി. 2009-ല്‍ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചപ്പോള്‍ തന്നെ മുസ്ലീങ്ങളുടെ കൈവെട്ടും തുടങ്ങിയ വിവാദ പരാമര്‍ശങ്ങള്‍ വരുണ്‍ ഗാന്ധി നടത്തിയിരുന്നു. ഇത് വരുണ്‍ ഗാന്ധിയുടെ കുറച്ചു നാളത്തെ ജയില്‍ വാസത്തിനും ഇടയാക്കിയെങ്കിലും തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ അദ്ദേഹം വിജയിച്ചു. ഭാവി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ബിജെപിയിലെ ഒരു വിഭാഗം വരുണ്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനും തുടങ്ങി. 2013-ല്‍ ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ജനറല്‍ സെക്രട്ടറിയായി വരുണ്‍ ഗാന്ധി നിയമിതനായി. എന്നാല്‍ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച 2013 മുതല്‍ വരുണ്‍ ഗാന്ധിയുടെ ദുര്‍ദശയും ആരംഭിച്ചു.

മോദിക്ക് പകരം രാജ്‌നാഥ് സിംഗിനെയായിരുന്നു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥയായി വരുണ്‍ ഗാന്ധി പിന്തുണച്ചിരുന്നത്. ഇക്കാര്യം മോദിക്കും അറിയാമായിരുന്നു. മോദി രാജ്യവ്യാപകമായി പ്രചരണം നടത്തിയിരുന്ന ആ സമയത്ത് ഒരു റാലിയില്‍ കൂടിപ്പോയാല്‍ 50,000 പേരുണ്ടാകും എന്ന പരാമര്‍ശം വരുണ്‍ ഗാന്ധിയില്‍ നിന്നുണ്ടായത് പാര്‍ട്ടിയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. രണ്ടുലക്ഷം പേര്‍ എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഇതിനു പിന്നാലെ 2013-ല്‍ യുപിയിലെ അംബേദ്ക്കര്‍ നഗറില്‍ പ്രചരണത്തിന് പോവുകയായിരുന്ന മോദി ഇടയ്ക്ക് ഒരു മണിക്കൂര്‍ സുല്‍ത്താന്‍പൂരില്‍ ഇറങ്ങി. അന്ന് സ്ഥലത്തുണ്ടായിട്ടും വരുണ്‍ ഗാന്ധി മോദിയെ സന്ദര്‍ശിക്കുകയോ കുടിക്കാഴ്ച നടത്തുകയോ ചെയ്തില്ലെന്ന് കഴിഞ്ഞ ദിവസം ന്യൂസ്‌ലോണ്‍ട്രി വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത്തരത്തിലുള്ള സമീപനം മോദിയെ ചൊടിപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി സ്ഥാനമേറ്റതിനു പിന്നാലെ അമിത് ഷായെ പാര്‍ട്ടി അധ്യക്ഷനാക്കിയ മോദി അടുത്ത പുന:സംഘടനയില്‍ തന്നെ വരുണ്‍ ഗാന്ധിയെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ മോദി-ഷാ യുഗത്തില്‍ പാര്‍ട്ടിയില്‍ യാതൊരു വിധ പരിഗണനയും വരുണ്‍ ഗാന്ധിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇതിനു പിന്നാലെയാണ് വരുണ്‍ ഗാന്ധിയുടേത് എന്നാരോപിക്കപ്പെട്ട ഒരു സെക്‌സ് വീഡിയോ പുറത്തു വരുന്നതും പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഒരു ആയുധ ഇടപാടുകാരന് ചോര്‍ത്തി നല്‍കി എന്ന വാര്‍ത്ത പുറത്തുവരുന്നതും.

പിന്നീട് കുറെക്കാലം നിശബ്ദനായിരുന്ന വരുണ്‍ ഗാന്ധിയെ പിന്നീട് കാണുന്നത് വിവിധ പത്ര, മാധ്യമങ്ങളില്‍ കോളം എഴുത്തുകാരനായും പുസ്തക രചയിതാവായും കാര്‍ഷിക മേഖല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന, കോളേജുകളിലും സ്‌കൂളുകളിലും പ്രഭാഷണങ്ങള്‍ നടത്തുന്നയാളായിട്ടാണ്. വരുണ്‍ ഗാന്ധി ഏറെ മാറിയെന്നും ബിജെപി നേതൃത്വത്തില്‍ നിന്ന് അകലുകയാണെന്നും ഈ ഘട്ടത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനൊപ്പം ചേര്‍ത്താണ് വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുന്നുവെന്നും രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും ഇക്കാര്യങ്ങള്‍ സംസാരിച്ചു കഴിഞ്ഞെന്നുമുള്ള വാര്‍ത്തകളും പുറത്തു വരുന്നത്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവും ബിജെപി നേതാവുമെന്ന പ്രതിച്ഛായ മാറ്റി കൂടുതല്‍ സ്വീകാര്യത കൊണ്ടു വരാന്‍ വരുണ്‍ ഗാന്ധിക്ക് വേണ്ടി പി.ആര്‍ സംഘങ്ങള്‍ വരെ ജോലി ചെയ്തിരുന്നുവെന്ന അഭ്യൂഹങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. പാവങ്ങളെ സഹായിക്കുന്ന വരുണ്‍ ഗാന്ധി, മുസ്ലീങ്ങള്‍ക്ക് താങ്ങായ വരുണ്‍ ഗാന്ധി തുടങ്ങിയ വാര്‍ത്തകളും പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിനൊപ്പം കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒരു വിഭാഗം വരുണ്‍ ഗാന്ധിക്കായി രംഗത്തെത്തിയിരുന്നു. എന്നാല്‍ യാതൊന്നും മാറിയിട്ടില്ലെന്നും അതേ വര്‍ഗീയവാദിയായ നേതാവു തന്നെയാണ് വരുണ്‍ ഗാന്ധിയെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് പുതിയ പ്രസംഗത്തിലൂടെയെന്നും പ്രതിച്ഛായാ നിര്‍മാണത്തിന് ഒഴുക്കിയ പണമെങ്കിലും ലാഭിക്കാമായിരുന്നു എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍.

Read More: പ്രഗ്യ താക്കൂറുമാര്‍ എന്തുകൊണ്ട് പാർലമെന്റില്‍ എത്തരുത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍