UPDATES

ഇന്ത്യ

അവിശ്വാസത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ബിജെപി നീക്കം പാളി

ശിവസേനയുടെ പിന്‍മാറ്റം തിരിച്ചടിയായി

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വിജയിക്കും എന്ന കാര്യത്തില്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എ മുന്നണിക്ക് സംശയമൊന്നുമില്ല. എന്നാല്‍ ഭരണത്തിന്റെ അവസാന വര്‍ഷം സഭയില്‍ നടക്കുന്ന രാഷ്ട്രീയ പോരാട്ടത്തില്‍ പ്രതിപക്ഷത്തിനെ മലര്‍ത്തിയടിക്കാന്‍ തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം അതായത് 350ല്‍ അധികം വോട്ടുകള്‍ നേടുക എന്ന ലക്ഷ്യമാണ് ബിജെപിയുടെ മനസില്‍. എന്നാല്‍ ആ സംഖ്യ അത്ര എളുപ്പമല്ല എന്നു തന്നെയാണ് ആദ്യ സൂചനകള്‍.

നിലവില്‍ 313 അംഗങ്ങളാണ് എന്‍ ഡി ഏയ്ക്കുള്ളത്. 37 അംഗങ്ങള്‍ ഉള്ള അണ്ണാ ഡി എം കെയെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ആയാല്‍ 350 എന്ന സംഖ്യ തൊടാന്‍ ഭരണമുന്നണിക്ക് സാധിക്കും. എന്നാല്‍ ആടിക്കളിച്ച ശിവസേന ചര്‍ച്ചയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള തീരുമാനം ബിജെപിക്ക് ഇരുട്ടടിയാവുകയായിരുന്നു. അതോടെ 295 എന്ന സംഖ്യയിലേക്ക് എന്‍ ഡി എ ചുരുങ്ങി.

അതേസമയം പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി ബിജെഡിയുടെ തീരുമാനവും ഉടന്‍ എത്തി. ബിജെപിക്കും കോണ്‍ഗ്രസ്സിനും എതിരാണ് തങ്ങള്‍ എന്ന സന്ദേശം നല്‍കി ചര്‍ച്ചയില്‍ നിന്നുതന്നെ വിട്ടുനില്ക്കാന്‍ തീരുമാനിക്കുകയായിരുന്നു ബിജെഡി. 19 അംഗങ്ങളുള്ള ബിജെഡി സഭയിലെ ഏറ്റവും വലിയ അഞ്ചാമത്തെ കക്ഷിയാണ്.

ശിവസേനയുടെ പിന്‍മാറ്റത്തില്‍ നിന്നുണ്ടായ തിരിച്ചടി പരിഹരിക്കാന്‍ എ ഐ എ ഡി എം കെയുമായി ബിജെപി നേതൃത്വം ആശയവിനിമയം നടത്തുകയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കും എന്ന തീരുമാനം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പനീര്‍സെല്‍വവുമായി ബിജെപി നേതൃത്വം നടത്തുന്ന ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ 37 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ച് 313 എന്ന നിലവിലെ അംഗബലത്തില്‍ നിന്നും 314 എന്ന സംഖ്യയിലേക്ക് ഭരണമുന്നണി മാറുമോ എന്നാണ് ഇനി അറിയാനുള്ളത്. 2014ലെതില്‍ നിന്നും എന്‍ ഡി എ വളര്‍ന്നു എന്നു കാണിക്കാന്‍ ഈ നംബര്‍ പോര ബിജെപിക്ക്.

എന്നാല്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് കാത്തു നില്‍ക്കാതെ പ്രതിപക്ഷം സഭ വിട്ടു പോകാനുള്ള സാധ്യതയും ഉണ്ട്. കണക്കിനേക്കാള്‍ ഉപരി സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ത്താനുള്ള വേദിയായിട്ടാണ് കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയെ കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍