UPDATES

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ, കേരളവും തെലങ്കാനയും പിടിക്കും

ചടങ്ങിൽ നിരവധി പ്രമുഖരും ബിജെപിയിൽ അംഗത്വമെടുത്തു.

കർണാടകയിലെ ജെഡിഎസ് കോൺഗ്രസ് ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നെന്ന റിപ്പോർട്ടുകൾ‌ക്ക് പിന്നാലെ ദക്ഷിണേന്ത്യയിൽ അധിപത്യം ഉറപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപിച്ച് ബിജെപി ദേശീയ അധ്യക്ഷനും അഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ശനിയാഴ്ച ഹൈദരാബാദിലെ ഷംസാബാദിൽ നടന്ന ബിജെപി പൊതുയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെലങ്കാനയിലും, ആന്ധ്രയിലും കേരളത്തിലും പാർട്ടി കൂടുതൽ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടകയിൽ നിലവിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഉടനെ ഇല്ലെങ്കിലും സമീപ ഭാവിയിൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തും. ഇതിന് പിന്നാലെ വരും വർഷങ്ങളിൽ  തന്നെ തെലങ്കാന, ആന്ധ്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭാവിയിൽ 18 ലക്ഷം എന്നതിൽ നിന്ന് 20 ലക്ഷമായി അംഗ സംഖ്യ ഉയർത്തണമെന്ന് ഷാ പറഞ്ഞു. ഇതിനു വേണ്ടി സംസ്ഥാന പാര്‍ട്ടി നേതൃത്വം ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നിന്ന് 20 ശതമാനം വോട്ട് നേടാനായെന്നും അമിത്ഷാ പറഞ്ഞു.

രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം അമിത് ഷാ നടത്തുന്ന പ്രഥമ ഹൈദരാബാദ് സന്ദർശനം കൂടിയായിരുന്നു ഇന്നലെ. പാർട്ടി അംഗത്വ വിതരണ കാംപയിനും ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ തുടക്കമിട്ടു.

ചടങ്ങിൽ നിരവധി പ്രമുഖരും ബിജെപിയിൽ അംഗത്വമെടുത്തു. അവിഭക്ത അന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി നാഥേന്ദല ഭാസ്കര റാവു, റിട്ട. ഐഎഎസ് ഓഫീസർ ആർ വി ചന്ദ്രവേദൻ എന്നിവരാണ് ഇന്നലെ ബിജെപിയുടെ ഭാഗമായ പ്രമുഖർ. ആദിവാസി വഭാഗത്തിൽ നിന്നുള്ള സോനി ബായ് നായകും അമിത് ഷായിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. ഷംഷാബാദിലെ കെഎൽസിസി ഹാളിലാണ് ചടങ്ങുകൾ നടന്നത്.

അതിനിടെ, കര്‍ണാടകയില്‍ രാജി വച്ച പാര്‍ട്ടി വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറിന്റെ നീക്കങ്ങള്‍ പാളുന്നതായാണ് റിപ്പോർട്ടുകൾ. കൂടുതല്‍ എംഎല്‍എമാര്‍ രാജിക്കൊരുങ്ങുകയാണെന്നാണ് വിവരം. നിലവിൽ 11 കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചത്. ഇവര്‍ ബിജെപിയിലേയ്ക്ക് പോകാനൊരുങ്ങുന്നതായാണ് റിപ്പോട്ട്. ജെഡിഎസില്‍ നിന്ന് മൂന്ന് പേരും ഇന്നലെ സ്പീക്കറെ കണ്ട് രാജികത്ത് നൽകിയിരുന്നു.

ഇതിനിടെ നിയമസഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദവുമായി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ബിജെപി സജീവമാക്കി. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് കേന്ദ്ര മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡ വ്യക്തമാക്കി. വിമതരുടെ രാജിക്ക് പിന്നില്‍ തങ്ങളല്ലെന്ന് ബിജെപിയും തങ്ങളുടെ രാജിക്ക് പിന്നില്‍ ബിജെപിയല്ലെന്നും വിമത എംഎല്‍എമാരും പറയുന്നു.

 

നെടുങ്കണ്ടം കസ്റ്റഡിമരണത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; നാസറും രാജുവും ആരാണ്, ഹരിതാ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം എവിടെ പോയി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍