UPDATES

വരുമാനം 1034 കോടി; ബിജെപി അതി സമ്പന്ന രാഷ്ട്രീയ പാര്‍ട്ടി

കോണ്‍ഗ്രസ്സ് 225.36 കോടി; സി പി എം 100 കോടി; 2.08 കോടി രൂപയുമായി സി പി ഐ ഏറ്റവും പിറകില്‍

രാജ്യത്തെ ഏഴു ദേശീയ പാര്‍ട്ടികളില്‍ കുബേരന്‍ ആരാണ് എന്ന കണക്ക് പുറത്തുവന്നു. ഏഴു പാര്‍ട്ടികള്‍ക്കും കൂടി ആകെയുള്ള 1559.17 കോടി രൂപ വരുമാനത്തില്‍ 1034.27 കോടിയും ബിജെപിയുടേത്. അതായത് 66.34 ശതമാനം. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് 2016-2017 വര്‍ഷത്തെ ദേശീയ പാര്‍ട്ടികളുടെ വരുമാന വിവരം പുറത്തുവിട്ടിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബിജെപിക്കുണ്ടായിരിക്കുന്ന വരുമാന വര്‍ദ്ധനവ് 81 ശതമാനമാണ്.

ബിജെപിയുടെ ഏറെ പുറകിലായാണ് ഇന്ത്യ 60 വര്‍ഷത്തില്‍ അധികം ഭരിച്ച കോണ്‍ഗ്രസ്സിന്റെ വരുമാനം. 225.36 കോടി രൂപയാണ് കോണ്‍ഗ്രസ്സിന്‍റെ വരുമാനം. ഇത് ആകെ വരുമാനത്തിന്റെ 14.45 ശതമാനം മാത്രമേ വരികയുള്ളൂ.

ഇടതു പാര്‍ട്ടികളില്‍ സിപിഎം 100 കോടിയുടെ വരുമാന കണക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. 2.08 കോടിരൂപയുമായി സി പി ഐ ആണ് ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും പിന്നില്‍.

2017 ഒക്ടോബര്‍ 30 ആയിരുന്നു ഓഡിറ്റ് ചെയ്ത വാര്‍ഷിക വരവുചെലവ് കണക്കുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. എന്നാല്‍ എല്ലാ പാര്‍ട്ടികളും അവസാന തീയതിയും കഴിഞ്ഞാണ് കണക്കുകള്‍ സമര്‍പ്പിച്ചത്. ബിജെപി 99 ദിവസം വൈകിയപ്പോള്‍ കോണ്‍ഗ്രസ്സ് അധികം എടുത്തത് 139 ദിവസമാണ്.

എന്നാല്‍ വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാന്‍ വളരെ വൈകിയിട്ടും ഈ പാര്‍ട്ടികള്‍ക്കെതിരെ നടപടികള്‍ ഒന്നും സ്വീകരിക്കുകയുണ്ടായില്ല എന്നു എഡിആറിന്റെ സ്ഥാപക അംഗം ജഗ്ദീപ് ചൊക്കര്‍ പറഞ്ഞു.

ഗ്രാന്‍റുകളും സംഭാവനകളുമാണ് പാര്‍ട്ടികള്‍ വരുമാന സ്രോതസ്സായി കാണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ്, പ്രചാരണ പരിപാടികള്‍, അഡ്മിനിസ്ട്രേഷന്‍ എന്നിവയാണ് പ്രധാന ചിലവുകള്‍.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസ്സ് ചിലവഴിച്ചത് 321 കോടിയാണ്. അത് ആ പാര്‍ട്ടിയുടെ വരുമാനത്തെക്കാള്‍ 100 കോടിയോളം രൂപ അധികമാണ്. 710.05 കോടി രൂപയാണ് ബിജെപിയുടെ ചിലവ്. ഏഴു പാര്‍ട്ടികളുടെയും ആകെ ചിലവ് 1228.26 കോടി രൂപയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍