UPDATES

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി ബിജെപി സഖ്യമുറപ്പിച്ചു; ബിജെപി – അഞ്ച്, പിഎംകെ – ഏഴ്‌

21 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുകളെ സഖ്യമായി നേരിടാനും ഇരു പാര്‍ട്ടികളും തീരുമാനിച്ചു.

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി ബിജെപി സഖ്യമുറപ്പിച്ചു. തമിഴ്‌നാട്ടിലെ 39 ലോക്‌സഭ സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ ബിജെപി മത്സരിക്കും. ഇതിന് പുറമെ പുതുച്ചേരി സീറ്റും എഐഎഡിഎംകെ ബിജെപിക്ക് നല്‍കി. 21 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുകളെ സഖ്യമായി നേരിടാനും ഇരു പാര്‍ട്ടികളും തീരുമാനിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വിശ്വസ്തരായ മന്ത്രിമാര്‍ പി തങ്കമണിയും എസ് പി വേലുമണിയുമാണ് ബിജെപിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

എസ് രാമദോസിന്റെ പാട്ടാളി മക്കള്‍ കച്ചിയുമായി (പിഎംകെ) എഐഎഡിഎംകെ സീറ്റ് ധാരണയിലെത്തിയിട്ടുണ്ട്. പിഎംകെ ഏഴ് സീറ്റില്‍ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റുകള്‍ എഐഎഡിഎംകെ ഇത്തവണ സഖ്യകക്ഷികള്‍ക്ക് നല്‍കുകയാണ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് സീറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ജയലളിതയുടെ മരണശേഷം ദുര്‍ബലപ്പെട്ട എഐഎഡിഎംകെ പിളര്‍ന്നിരുന്നു. ഇരു പാര്‍ട്ടികളെ സംബന്ധിച്ചും സഖ്യം അനിവാര്യമാണ്. ജയലളിതയുടെ വിശ്വസ്തയായിരുന്ന വികെ ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ എഎംഎംകെ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് ജയലളിതയുടെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നു. ടിടിവി ദിനകരന്റെ സാന്നിധ്യം എഐഎഡിഎംകെ – ബിജെപി സഖ്യത്തിന് വെല്ലുവിളിയായേക്കും. 2014ലെ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് ബിജെപിക്ക് ഒരു സീറ്റാണ് കിട്ടിയത് – ജയിച്ചത് കന്യാകുമാരിയില്‍ നിന്ന് പൊന്‍ രാധാകൃഷ്ണന്‍.

മറുഭാഗത്ത് ഡിഎംകെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികളുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇവരുടെ അന്തിമ സീറ്റ് വിഭജന പ്രഖ്യാപനം ഉടനുണ്ടായേക്കും. കോണ്‍ഗ്രിന് 10 സീറ്റ് നല്‍ക്കാന്‍ തയ്യാറാണ് എന്നാണ്് രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ ഡിഎംകെ നേതാവ് എംകെ കനിമൊഴി വാഗ്ദാനം ചെയ്തത്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ബിജെപി വിരുദ്ധ ദേശീയ പ്രതിപക്ഷ സഖ്യത്തിലെ പ്രധാന മുഖങ്ങൡലൊന്നാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് സ്റ്റാലിന്‍ പൊതുവേദികളില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ശക്തമായ ഭരണവിരുദ്ധ വികാരം ഇത്തവണ തങ്ങള്‍ക്ക് അനുകൂലമായി സാഹചര്യമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഡിഎംകെയുടെ വിലയിരുത്തല്‍.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ നടന്‍ രജനികാന്ത് തമിഴ്‌നാടിന്‌റെ ജലക്ഷാമം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്നവരെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിക്കാന്‍ വോട്ട് ചെയ്യണമെന്നാണ് അനുയായികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മറ്റൊരു പ്രധാന താരമായ കമല്‍ഹാസന്‍, താനും മക്കള്‍ നീതി മയ്യം എന്ന തന്റെ പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍