UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്രയില്‍ ബിജെപി 25 സീറ്റില്‍, ശിവസേനയ്ക്ക് 23; ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സഖ്യമുറപ്പിച്ചു

ആകെയുള്ള 48 ലോക്‌സഭ സീറ്റുകളില്‍ ബ0ിജെപി 25ലും ശിവസേന 23ലും ജനവിധി തേടാനാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ.

മഹാരാഷ്ട്രയില്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ബിജെപി ശിവസേനയുമായി സഖ്യമുറപ്പിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. മൂന്ന് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും പ്രതിപക്ഷ പാര്‍ട്ടികളെ പല വിഷയങ്ങളിലും പിന്തുണയ്ക്കുകയും എന്‍ഡിഎ തന്നെ വിടുകയും ചെയ്തിരുന്ന ശിവസേന ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി സഖ്യത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മുംബൈയില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. ആകെയുള്ള 48 ലോക്‌സഭ സീറ്റുകളില്‍ ബിജെപി 25ലും ശിവസേന 23ലും ജനവിധി തേടാനാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ. കഴിഞ്ഞ തവണ ബിജെപി 26 സീറ്റിലും ശിവസേന 22 സീറ്റിലുമാണ് മത്സരിച്ചിരുന്നത്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

2014ലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധമുലച്ചത്. ഇരു പാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ആകെയുള്ള 288 സീറ്റില്‍ ബിജെപിക്ക് 123 സീറ്റും ശിവസേനയ്ക്ക് 63 സീറ്റുമാണ് കിട്ടിയത്. എന്നാല്‍ ശിവസേന പിന്തുണയോടെ തന്നെ ബിജെപി നേതൃത്വത്തില്‍ സര്‍ക്കാരുണ്ടായി. പിന്നീട് പല വിഷയങ്ങളിലും ബിജെപി നേതൃത്വവുമായി ശിവസേന ഇടയുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം വിമര്‍ശിക്കുകയും എന്‍ഡിഎ വിടുകയുമെല്ലാം ചെയ്‌തെങ്കിലും മോദി സര്‍ക്കാരിനുള്ള പിന്തുണ ശിവസേന തുടരുകയായിരുന്നു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടും എന്നാണ് കഴിഞ്ഞ വര്‍ഷം ശിവസേന നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. അതേസമയം കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തെ ഒറ്റയ്ക്ക് നിന്നാല്‍ പരാജയപ്പെടുത്താനാകില്ലെന്ന തിരിച്ചറിവിലാണ് ഇരു പാര്‍ട്ടികളും സഖ്യം വേണമെന്ന തീരുമാനത്തിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍