UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണ്ണാടക: കൂടുതല്‍ ക്രിമിനല്‍ സ്ഥാനാര്‍ത്ഥികള്‍ ബിജെപിയില്‍ നിന്ന്; ധനികര്‍ ഒരു പൊടിക്ക് കോണ്‍ഗ്രസ്സ് മുന്‍പില്‍

കൊലപാതകക്കുറ്റം വരെ ചെയ്തവരും സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തിയവരും സ്ഥാനാര്‍ഥികളില്‍ പെടുന്നുണ്ട്

കര്‍ണാടക നിയമസഭയിലേക്ക് ഇത്തവണ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ധനികര്‍ കോണ്‍ഗ്രസില്‍ നിന്നാണെങ്കില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുള്ളത് ബിജെപിയില്‍ നിന്നാണ്. 391 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് ‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്’ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബിജെപി നിര്‍ത്തിയ 223 സ്ഥാനാര്‍ഥികളില്‍ 83 പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. ഇതില്‍ 58 പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്. 94 ശതമാനം കോൺഗ്രസ് സ്ഥാനാർത്ഥികളും, 93 ശതമാനം ബിജെപി സ്ഥാനാർത്ഥികളും കോടീശ്വരൻമാരാണ്.

കോണ്‍ഗ്രസ് 220 സ്ഥാനാര്‍ഥികളെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. ഇവരില്‍ 59 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതില്‍ 32 പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ജനതാദള്‍ സെക്യുലറിലെ 199 സ്ഥാനാര്‍ഥികളില്‍ 41 പേരും, ജെ.ഡിയുവിലെ അഞ്ചുപേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. 27 ആംആദ്മി സ്ഥാനാര്‍ഥികളില്‍ അഞ്ചു പേരും 108 സ്വതന്ത്ര സ്ഥാനാര്‍ഥികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകകുറ്റം വരെ ചെയ്തവരും സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തിയവരും സ്ഥാനാര്‍ഥികളില്‍ പെടുന്നുണ്ട്. 23 പേര്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 2,655 സ്ഥാനാർത്ഥികളിൽ 2560 പേരുടേയും സത്യവാങ്മൂലം പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് 391 സ്ഥാനാർത്ഥികള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സ്ഥാനര്‍ത്ഥി പട്ടികയിലെ മറ്റൊരു കൗതുകം ഇത്തവണ മല്‍സരിക്കുന്നതില്‍ ഭൂരിഭാഗം പേരും ‘മുതിര്‍ന്ന’വരാണ് എന്നതാണ്. അന്‍പതിനും എഴുപതിനും ഇടയില്‍ പ്രായമുള്ള 60 ശതമാനം സ്ഥാനാര്‍ഥികളാണ് ഉള്ളത്. 30 വയസ്സിന് താഴെയുള്ളവര്‍ ഏഴ് പേര്‍ മാത്രം. 40 വയസ്സില്‍ താഴെയുള്ള മുഖ്യധാരാ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളില്‍ ഏറെയും പ്രമുഖ നേതാക്കളുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍