UPDATES

ഇന്ത്യ

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഇന്ത്യ ടുഡേ സര്‍വേ

മറ്റുള്ളവരുടെ പിന്തുണയുണ്ടെങ്കില്‍ യുപിഎ അധികാരം പിടിക്കുമെന്ന് വ്യക്തം. ഇവിടെ വോട്ടിംഗ് ശതമാനത്തില്‍ യുപിഎ വലിയ മുന്നേറ്റമുണ്ടാക്കുന്നു.

ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന് അഭിപ്രായ സര്‍വേ. ഇന്ത്യ ടുഡേയും കാര്‍വി ഇന്‍സൈറ്റ്‌സും മൂഡ് ഓഫ് ദ നാഷനും (എംഒടിഎന്‍) ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വേയാണ് ഇക്കാര്യം പറയുന്നത്. അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ പേരും പിന്തുണക്കുന്നത് നരേന്ദ്ര മോദിയെ തന്നെ. 49 ശതമാനം പേരാണ് മോദിയെ പിന്തുണക്കുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് 27 ശതമാനം പേരാണ് പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കും. അതേസമയം സീറ്റ് നിലയില്‍ പിന്നിലായിരിക്കുമെന്നും സര്‍വേ പറയുന്നു.

മൂന്ന് സാധ്യതകളിലേയ്ക്കാണ് സര്‍വേ വിരല്‍ ചൂണ്ടുന്നത്:

1. രണ്ട് മുന്നണികളുടെയും സഖ്യകക്ഷികളോ ഒപ്പം നില്‍ക്കുന്നവരോ 2014ലെ അതേ നിലയില്‍. ബി എസ് പിക്കും എസ് പിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കൂടി 122 സീറ്റ്. എന്‍ഡിഎയ്ക്ക് മൊത്തത്തില്‍ 281 സീറ്റ്. മറ്റുള്ളവര്‍ക്ക് 140 സീറ്റ്. യുപിഎയ്ക്ക് 31 ശതമാനം വോട്ട്, എന്‍ഡിഎയ്ക്ക് 36 ശതമാനം. മറ്റുള്ളവര്‍ക്ക് 33 ശതമാനം. ഈ സാധ്യത പ്രകാരമാണെങ്കില്‍ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച ലഭിക്കും.

2. ബി എസ് പി, എസ് പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവ യുപിഎയുടെ ഭാഗമാകുന്നു. യുപിഎയ്ക്ക് 224 സീറ്റുകള്‍ വരെ കിട്ടാം. എന്‍ഡിഎയ്ക്ക് 228 സീറ്റുകള്‍. മറ്റുള്ളവര്‍ക്ക് 91. മറ്റുള്ളവരുടെ പിന്തുണയുണ്ടെങ്കില്‍ യുപിഎ അധികാരം പിടിക്കുമെന്ന് വ്യക്തം. അതേസമയം ഇവിടെ വോട്ടിംഗ് ശതമാനത്തില്‍ യുപിഎ വലിയ മുന്നേറ്റമുണ്ടാക്കുന്നു. 41 ശതമാനം വോട്ട് യുപിഎയ്ക്ക്. 36 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക്. മറ്റുള്ളവര്‍ക്ക് 23 ശതമാനം. ബിജെപിയുടെ വോട്ട്് കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് ഉത്തരേന്ത്യയിലും പശ്ചിമേന്ത്യയിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലുമായതിനാലാണ് കൂടുതല്‍ സീറ്റുകള്‍ അവര്‍ നേടാനാണ് സാധ്യത എന്ന് പറയുന്നത്.

3. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് രണ്ട് സഖ്യകക്ഷികള്‍ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും ആന്ധ്രപ്രദേശില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസും. എന്‍ഡിഎയ്ക്ക് 255ഉം യുപിഎയ്ക്ക് 242 സീറ്റുകളും കിട്ടാം. ഇങ്ങനെ വന്നാലും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാവുക ഇതര കക്ഷികളുടെ നിലപാട്. ടിആര്‍എസും (തെലങ്കാന രാഷ്ട്ര സമിതി) ബിജെഡിയും (ബിജു ജനതാദള്‍) എന്‍ഡിഎയെ പിന്തുണച്ചാല്‍ അവര്‍ക്ക് 282 സീറ്റ് ആകും.

എല്ലാ സാധ്യതകളിലും സീറ്റ് നിലയില്‍ എന്‍ഡിഎ തന്നെയാണ് മുന്നില്‍ എന്നത് വസ്തുതയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. ഇതില്‍ രണ്ടിടങ്ങളിലെങ്കിലും ജയിച്ച് അധികാരം നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ കോണ്‍ഗ്രസ് ലോക് സഭ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പറയാനാകൂ.

പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ പിന്തുണ രാഹുല്‍ ഗാന്ധിക്കാണ്. 46 ശതമാനം പേര്‍ രാഹുലിന്റെ പിന്തുണയ്ക്കുമ്പോള്‍ എട്ട് ശതമാനം പേര്‍ മമത ബാനര്‍ജിയെ പിന്തുണക്കുന്നു. ആറ് ശതമാനം പേര്‍ വീതം പി ചിദംബരത്തേയും പ്രിയങ്ക ഗാന്ധിയേയും പിന്തുണക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍