UPDATES

ട്രെന്‍ഡിങ്ങ്

2014-ൽ വിജയിച്ച 100 സീറ്റുകളിലെങ്കിലും ബി ജെ പി തോൽക്കും; സാധ്യത ഇതാണ്

നാടകീയമായി എന്തെങ്കിലും സംഭവിച്ചില്ലെങ്കിൽ ഒരു ഭൂരിപക്ഷം തട്ടിക്കൂട്ടാനാവശ്യമായ 200 സീറ്റിലെത്താൻ ബി ജെ പിക്ക് ഒരു വഴിയുമില്ല

“അപ്പോൾ, എങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്?” ചോദിക്കുന്നതിനു മുമ്പുതന്നെ ഈ ചോദ്യം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. 2019-ലെ തെരഞ്ഞെടുപ്പ് ഫലപ്രവചനം ഞാനെന്റെ കീശയിൽ കൊണ്ടുനടക്കുകയാണെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും. ഞാനാ ചോദ്യത്തിന് ഒറ്റവരി കൊണ്ട് ഒന്ന് വഴിതിരിക്കുന്നു: “ഞാനിപ്പോൾ ഭാവി സൃഷ്ഠിക്കുകയാണ്, പ്രവചിക്കുകയല്ല.” അത് ഏൽക്കുന്നില്ല. അപ്പോൾ ഞാൻ ഒരു തണുത്ത കാരണം പറയുന്നു: “നോക്കൂ, എനിക്കിപ്പോൾ എനിക്ക് വേണ്ട തരത്തിലുള്ള സർവേ കണക്കുകൾ ലഭ്യമല്ല എന്ന്.” അവർ സമ്മതിക്കും, പക്ഷെ പിന്നെയും നിർബന്ധിക്കും. ഞാൻ കയ്യൊഴിയാണ് ശ്രമിക്കും: “ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലുള്ള ദുരന്തം ആളുകൾ ഞാൻ കേൾക്കാൻ ഇഷ്ടപ്പെടുന്നു എന്ന് കരുതുന്ന കാര്യങ്ങളെ എന്നോട് പറയുകയുള്ളു എന്നാണ്. അതുകൊണ്ട് നിങ്ങൾക്കറിയുന്നതിനേക്കാൾ കുറച്ചേ എനിക്കറിയുന്നുള്ളൂ.” അവരുടെ നോട്ടം കാണുമ്പോഴേ എനിക്കറിയാം അവരെന്നെ ഒട്ടും വിശ്വസിക്കുന്നില്ല എന്ന്.

2019-ലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചാണ് അറിയേണ്ടത്, പക്ഷെ ആരോടാണ് ചോദിക്കേണ്ടത് എന്നറിയില്ല. ഓർക്കുക, നിയമപരമായ മുന്നറിയിപ്പോടെയാണ് ഇത് വരുന്നത്: ഇത് പറയുന്നയാൾ, നിഷ്പക്ഷൻ എന്ന് ഭാവിക്കാത്ത എന്നാൽ സത്യസന്ധനായിരിക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ്.

2019-ലെ പോരാട്ടത്തിന്റെ അടിസ്ഥാന ഭൂമികയെക്കുറിച്ചറിയാൻ നിങ്ങൾ ഒരു തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ (അതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നതെങ്കിൽ അത്)ആകണമെന്നില്ല. നിങ്ങൾക്കുവേണ്ട സൈദ്ധാന്തിക ഗ്രാഹ്യം രാഷ്ട്രീയ സാമാന്യബുദ്ധി മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പരിശോധിക്കുന്നത് നന്നായിരിക്കും, പ്രത്യേകിച്ചും 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പ്.

പൊതുജനാഭിപ്രായത്തിന്റെ പ്രവണതകൾ അറിയുന്നതിന് India Today-യുടെ Mood of the Nation പരമ്പരയും, ABP-CSDS Mood of the Nation പരമ്പരയും സഹായിക്കും. വ്യക്തിപരമായി എനിക്ക് താത്പര്യമുള്ളത് CSDS-Lokniti സംഘം തയ്യാറാക്കിയതാണ് . (വെളിപ്പെടുത്തൽ: CSDS-Lokniti സംഘം രൂപവത്കരിച്ചത് ഞാനും കൂടി ചേർന്നാണ്. പക്ഷെ അതിന്റെ ഇപ്പോഴത്തെ സർവേകളിൽ എനിക്ക് യാതൊരു പങ്കുമില്ല, ഞാൻ വിട്ടുപോന്നതിനുശേഷം അവരത് വളരെയേറെ മെച്ചപ്പെടുത്തിയിട്ടുമുണ്ട്!)ഏറ്റവും പുതിയ പ്രവണതകൾ അറിയാൻ India Today-യുടെ Political Stock Exchange, ഏറ്റവും പുതിയ C-Voter / ABP എന്നിവയും നോക്കാം. ഇവയുടെ രീതികളുമായി എനിക്ക് പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെങ്കിലും സ്വീകരണമുറിയിലെ വെറും വർത്തമാനങ്ങളേക്കാൾ ഞാൻ ഗണിക്കുന്നത് ഒരു മോശം സർവേയെയാണ്.

വ്യത്യസ്തമായ പോരാട്ട ഭൂമികയുള്ള അഞ്ചു പ്രദേശങ്ങളായി നമുക്ക് ഇന്ത്യയെ സങ്കല്പിക്കാം. ഇപ്പോൾ നമുക്ക് ബി ജെ പിയുടെ സാധ്യതകളിൽ ശ്രദ്ധ നൽകാം. ഭാഗ്യത്തിന് ഈ തെരഞ്ഞെടുപ്പിന് നിങ്ങൾക്ക് അഞ്ചു പ്രദേശങ്ങളുടെയും കണക്കുകൾ നിരത്തിയിരിക്കേണ്ടതില്ല. 2019-ലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനെ നിശ്ചയിക്കുന്നത് ഇതിലൊരു പോരാട്ടഭൂമികയായിരിക്കും, ‘ഹിന്ദി ഹൃദയഭൂമി’ (ഹിന്ദി സംസാരിക്കുന്നവരുടെ ഹൃദയഭൂമി, ഇന്ത്യയുടെയല്ല!). യുക്തി വളരെ ലളിതമാണ്. 2014-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കിഴക്ക് ബി ജെ പി ചില നേട്ടങ്ങളുണ്ടാക്കും. എന്നാൽ പടിഞ്ഞാറും, തെക്കും, വടക്കൻ മേഖലയുടെ ചെറിയ ഭാഗത്തും ഉണ്ടാകുന്ന ചെറിയ നഷ്ടങ്ങൾ ഇതിനെ നിർവ്വീര്യമാക്കും. സന്തുലനം മുഴുവൻ ഹിന്ദി ഹൃദയഭൂമി മേഖലയെ ആശ്രയിച്ചിരിക്കും. ഹിന്ദി മേഖലയിൽ ബി ജെ പിക്ക് എന്ത് സംഭവിക്കും എന്ന് നിങ്ങൾക്കറിയാമെങ്കിൽ, 2019-ലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്നും നിങ്ങൾക്കറിയാം.

ഈ പോരാട്ട ഭൂമികകളിൽ ഓരോന്നും നമുക്ക് പരിശോധിക്കാം. പുറത്തേക്ക് കാണിക്കുന്ന അഹങ്കാരത്തിനപ്പുറം എന്തുകൊണ്ടാണ് ബി ജെ പി പതറുന്നത് എന്നും മനസിലാക്കാം.

കിഴക്ക് (88 സീറ്റുകൾ)

2014-നേക്കാൾ ബി ജെ പിക്ക് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ഏക മേഖല കിഴക്കാണ്. അവരവിടെ വിജയിച്ചത് 11 സീറ്റിലാണ്. അതുകൊണ്ട് വളരാനുള്ള ഇടമുണ്ട്. ഒഡിഷയിൽ കോൺഗ്രസിന്റെയും ബംഗാളിൽ ഇടതുമുന്നണിയുടെയും ചെലവിൽ അവർ തങ്ങളുടെ അടിത്തറ വികസിപ്പിക്കുകയാണ് എന്നുതന്നെയാണ് വിശ്വസിക്കാവുന്ന എല്ലാ അഭിപ്രായ കണക്കെടുപ്പുകളും കാണിക്കുന്നത്. കോൺഗ്രസിനെപ്പോലെ ഏറ്റെടുക്കലും ലയനങ്ങളുമൊക്കെയാണ് വടക്കുകിഴക്കൻ മേഖലയിൽ അസാധാരണമായ വളർച്ചയുണ്ടാക്കാൻ ബി ജെ പിയും ഉപയോഗിച്ച വഴികൾ. കിഴക്കൻ ഇന്ത്യയിൽ ബി ജെ പി ഒരു നിർണായക ശക്തിയാണ്. അതിന്റെ അധിക വോട്ടുകൾ അധിക സീറ്റുകളാക്കാൻ കഴിയുമോ എന്ന ചോദ്യം മാത്രമേയുള്ളൂ. നിലവിൽ ഒഡിഷയിൽ ബി ജെ പി ആ കടമ്പ കടന്നെങ്കിലും ബംഗാളിൽ അങ്ങനെയല്ല. ബംഗാളിൽ ഇടതു മുന്നണിയെ മറികടന്ന് രണ്ടാം സ്ഥാനം നേടിയേക്കാമെങ്കിലും മമത ബാനർജിയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ഇപ്പോഴും അവർക്ക് ശേഷി പോര. അസമിൽ ഇനി കൂടുതലായി വളരാനില്ലെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചില സീറ്റുകൾ അധികമായി ലഭിക്കാൻ സാധ്യതയുണ്ട്. എല്ലാം കൂടി ബി ജെ പിക്ക് കിഴക്കൻ മേഖലയിൽ നിന്നും 20 സീറ്റുകൾ അധികമായി ലഭിക്കാം.

പടിഞ്ഞാറ് (78 സീറ്റുകൾ)

പടിഞ്ഞാറ് ബി ജെ പിയുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടാകും എന്നതൊഴിച്ചാൽ ബാക്കിയെല്ലാം പതിവുപോലെയാകും. 2014-ൽ അവർ 6 സീറ്റൊഴിച്ച് ഈ മേഖലയിൽ നിന്നും എല്ലാ സീറ്റുകളും അവർ നേടിയിരുന്നു. അതിനുശേഷം ഭരണവിരുദ്ധ വികാരം ഈ മൂന്നു സംസ്ഥാനങ്ങളിലുമുണ്ട്. ഗുജറാത്തിലെ ഗ്രാമീണ മേഖലകളിലെ അസംതൃപ്തി, മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭം, ശിവ സേനയുമായുള്ള അവരുടെ പ്രശ്നങ്ങൾ, ഗോവയിലെ അവിശുദ്ധ സർക്കാർ എന്നിവയെല്ലാം ഈ മേഖലയിൽ ബി ജെ പിക്കെതിരായ കളമൊരുക്കിയിരിക്കുന്നു. എന്നാലും സർവേകൾ കാണിക്കുന്നത് ബി ജെ പിക്ക് നഷ്ടം ഒതുക്കിനിർത്താനാകും എന്നാണ്. ഗുജറാത്തിൽ നിന്നുള്ള പ്രധാനമന്ത്രി നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ കുറെയൊക്കെ അവർക്ക് സഹായകമാകും. മഹാരാഷ്ട്രയിൽ ശിവ സേന ബി ജെ പിയുമായി ചേർന്നാൽ എൻ ഡി എ ക്ക് എൻ സി പി-കോൺഗ്രസ് സഖ്യത്തെ നേരിടാനാകും. ഈ മേഖലയിൽ ബി ജെ പിക്ക് തങ്ങളുടെ നഷ്ടം 15-20 സീറ്റുകളിലൊതുക്കാം.

തെക്ക് (132 സീറ്റുകൾ)

തെക്ക്, സംസ്ഥാന രാഷ്രീയത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ന്ന നിർണായകമായ തെരഞ്ഞെടുപ്പുകളുടെ പരമ്പരയാണ് നടക്കാൻ പോകുന്നത്. പക്ഷെ ഇക്കാരണംകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രാദേശിക പ്രശ്നങ്ങളിലും വ്യക്തികളിലും കേന്ദ്രീകരിച്ചായിരിക്കും. മോദിയും രാഹുലും തമ്മിൽ ഒരു പ്രസിഡണ്ട് തെരഞ്ഞെടുപ്പ മാതൃകയിലുള്ള പോരാട്ടത്തിന് ഇവിടെ ഒട്ടും പ്രസക്തിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ 22 സീറ്റുകൾ മാത്രം നേടിയ, അതിൽ 17 എണ്ണവും കർണാടകത്തിൽ നിന്നായിരുന്നു, ബി ജെ പിക്ക് ഇവിടെ വലിയ പ്രതീക്ഷ വേണ്ട. ഈ മേഖലയിൽ ബി ജെ പി ഒരു ചെറിയ കളിക്കാരൻ മാത്രമാകും എന്നാണ് എല്ലാ ഘടകങ്ങളും സൂചിപ്പിക്കുന്നത്. എ ഐ എ ഡി എം കെയെ കൂടെക്കൂട്ടാനുള്ള ബി ജെ പിയുടെ ശ്രമങ്ങൾ വിജയിക്കാത്ത മട്ടാണ്. കരുണാനിധിക്കും ജയലളിതയ്ക്കും ശേഷമുള്ള ഈ തെരഞ്ഞെടുപ്പിൽ ആദ്യ മുൻതൂക്കം ഡി എം കേക്കാണ് എന്ന് കരുതാം. ബി ജെ പി ചിത്രത്തിൽ ഇല്ല. ശബരിമല വിഷയത്തിൽ വർഗീയ വികാരം ആളിക്കത്തിക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങൾ കേരളത്തിൽ ഒരു നേട്ടമുണ്ടാക്കാൻ അവരെ സഹായിച്ചേക്കും. അങ്ങനെ സംഭവിച്ചയാൾ അത് നിർണായകമാണ്, പക്ഷെ എണ്ണക്കണക്കിൽ അതത്ര ഗണ്യമല്ല. കർണാടകത്തിലെ ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത് കുമാരസ്വാമി സർക്കാരിനോടുള്ള ജനങ്ങളുടെ അതൃപ്തി, ജെ ഡി (എസ്)-കോൺഗ്രസ് സഖ്യശക്തിയിൽ മറികടന്നു എന്നാണ്. ചന്ദ്രബാബു നായിഡു ബി ജെ പിയുമായുള്ള ബന്ധം വിട്ടതോടെ ആന്ധ്രയിലും തെലങ്കാനയിലും ബി ജെ പിക്കും എൻ ഡി എക്കും വലിയ പങ്കൊന്നുമില്ലാത്ത പ്രാദേശിക പോരാട്ടങ്ങളാണ് നടക്കാൻ പോകുന്നത്. തമ്മിൽ നാട്ടിലും ആന്ധ്ര പ്രദേശിലും ബി ജെ പി ഗുണകരമായ സഖ്യങ്ങളുണ്ടാക്കുമോ എന്ന് ഇപ്പോൾ നമുക്കറിയില്ല, എന്നാൽ ഇപ്പോഴത്തെ നിലയിൽ ഈ മേഖലയിൽ ബി ജെ പിക്ക് 5-10 വരെ സീറ്റുകൾ നഷ്ടപ്പെട്ടേക്കാം.

വടക്ക് (19 സീറ്റുകൾ)

വടക്ക് അത്ര വേറിട്ട പ്രദേശമായി കാണാനാകില്ല. പഞ്ചാബിലേയും ജമ്മു കാശ്മീരിലെയും രാഷ്ട്രീയം മാത്രമാണ് ഹിന്ദി സംസ്ഥാനങ്ങളുടെ ഘടനയിലേക്ക് ചേരാത്തത്. പ്രാദേശിക ഭരണ സമിതി തെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും AAP -ലെ പൊട്ടിത്തെറിയും വെച്ചുനോക്കിയാൽ പഞ്ചാബിൽ കോൺഗ്രസ് ചെറിയ ചില നേട്ടങ്ങളുണ്ടാക്കും. പക്ഷെ അതോ ജമ്മു കാശ്മീരിലെ ഭിന്നിച്ച വിധിയോ ദേശീയ സമവാക്യത്തെ ഒട്ടും ബാധിക്കുന്നതല്ല. ഇതിൽ ബി ജെ പിക്ക് 3-4 സീറ്റുകൾ നഷ്ടപ്പെട്ടേക്കാം.

ഇതുവരെ കണക്കെടുത്ത 317 സീറ്റുകളുടെ ആകെത്തുക നോക്കാം. 2014-ൽ ബി ജെ പി ഇതിൽ 91 സീറ്റുകൾ നേടി. ഇത്തവണയും ചിത്രം വലിയ തോതിൽ മാറില്ല. തെക്ക്, പ്രത്യേകിച്ചും കർണാടകത്തിൽ ബി ജെ പിക്ക് സംഭവിക്കുന്ന നഷ്ടങ്ങളാകും ഈ മേഖലയിൽ ആകെയെടുത്താൽ ബി ജെ പിക്ക് സംഭവിക്കുന്ന ആകെ നഷ്ടം. എല്ലാം കൂട്ടിയെടുത്താൽ രാജ്യത്ത് ഹിന്ദി സംസാരിക്കാത്ത ഭാഗങ്ങളിൽ ബി ജെ പി 80- 90 സീറ്റുകളിൽ വിജയിക്കും. നമുക്കത് 91 എന്ന് കണക്കാക്കാം: ബി ജെ പിക്ക് നഷ്ടമോ ലാഭമോ ഇല്ലാത്ത അവസ്ഥ. കാര്യങ്ങൾ കൂടുതൽ ലളിതമാക്കാൻ 2019-ലെ കണക്കുകൂട്ടലുകളിലേക്ക് നമുക്ക് ഇന്ത്യയുടെ ബാക്കി പ്രദേശത്തെ മറക്കാം. ഹിന്ദി ഹൃദയഭൂമിയിൽ ബി ജെ പിയുടെ പ്രകടനം എന്താകും എന്നതിനെ ആശ്രയിച്ചിരിക്കുന്നു അന്തിമ ഫലം. നമുക്കതിലേക്ക് തിരിയാം.

ഹിന്ദി ഹൃദയഭൂമി (226 സീറ്റുകൾ)

ഹിന്ദി ഹൃദയഭൂമിയിലാണ് 2019-ലെ തെരഞ്ഞെടുപ്പ് തോൽക്കുന്നതും ജയിക്കുന്നതും. 192 സീറ്റുമായി ഈ മേഖല ബി ജെ പി തൂത്തുവാരിയിരുന്നു (യു പിയിലും ബിഹാറിലുമുള്ള എൻ ഡി എ സഖ്യകക്ഷികളെക്കൂടി കൂട്ടിയാൽ 203). അതാണ് ബി ജെ പിയുടെ പ്രശ്നവും. 2014-ലെ നിലയിൽ നിന്നും താഴേക്ക് പോകാനേ അതിനു കഴിയൂ. ഈ മേഖലയിൽ ഏതാണ്ടെല്ലായിടത്തും അതങ്ങനെത്തന്നെ സംഭവിക്കും എന്നാണ് എല്ലാ സൂചനകളും. ഐക്യ പ്രതിപക്ഷത്തെ നേരിടാനും തങ്ങളുടെ നഷ്ടം കുറയ്ക്കാനും ജെ ഡി(യു) വുമായുള്ള സഖ്യം ബി ജെ പി വീണ്ടുമുണ്ടാക്കിയതിനാൽ ബിഹാർ മാത്രമാകും ഇതിൽ ഒഴിവ്. കണക്കെടുപ്പുകൾ കാണിക്കുന്നത് ജാർഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ബി ജെ പി സർക്കാരുകൾ ഒട്ടും ജനപ്രിയമല്ലെന്നും ഈ മൂന്നു സംസ്ഥാനങ്ങളിലും പാർട്ടിക്ക് 10 സീറ്റെങ്കിലും നഷ്ടമാകും എന്നുമാണ്. ഡൽഹിയിലും അവർക്ക് മുഴുവൻ സീറ്റുകളും തൂത്തുവാരിയ പ്രകടനം ആവർത്തിക്കാനാകില്ല. നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമ്മതിദായകരുടെ വികാരം എന്താകുമെന്നതിൽ പലവിധ പ്രവചനങ്ങളുമെണ്ടെങ്കിലും രാജസ്ഥാനിൽ ബി ജെ പിക്ക് കനത്ത പരാജയം നേരിടുമെന്നും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വലിയ വെല്ലുവിളി നേരിടുന്നു എന്നുമുള്ളതിൽ ആർക്കും തർക്കമില്ല. മുൻകാല കണക്കുകൾ കാണിക്കുന്നത് ഈ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിധി ലോക്സഭ വിധിയിലും ആവർത്തിക്കുന്നു എന്നാണ്. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ ബി ജെ പിക്ക് എങ്ങനെയെടുത്താലും 30 സീറ്റുകൾ വരെ നഷ്ടപ്പെടും. മൊത്തത്തിൽ ഹിന്ദി സംസാരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ 50 സീറ്റ് വരെ ബി ജെ പിക്ക് നഷ്ടപ്പെടും.

ഇനി ബാക്കി ഉത്തർപ്രദേശാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ ഏതാണ്ടുറപ്പായ എസ് പി-ബി എസ് പി സഖ്യം 2014-ലെ വിധിയെ മാറ്റിമറിക്കും എന്ന് കാണാൻ അതിബുദ്ധിശാലിയൊന്നും ആകേണ്ടതില്ല. സഖ്യത്തിന് ബി ജെ പിയെ ഏതാണ്ട് 50 സീറ്റുകളിൽ തോൽപ്പിക്കാനാകും. ഭരണകക്ഷിയുടെ നില കൂടുതൽ പരുങ്ങലിലാക്കുന്നത്, ചരിത്രവിജയം നേടി രണ്ടു വർഷത്തിനുള്ളിൽ യോഗി ആദിത്യനാഥ് സർക്കാരിന് ജനങ്ങൾക്കിടയിലുള്ള മതിപ്പ് കുത്തനെ ഇടിയുന്നു എന്നാണ്. ഇന്നത്തെ നില വെച്ചുനോക്കിയാൽ യു പിയിൽ മാത്രം ബി ജെ പിക്ക് 50 സീറ്റുകൾ നഷ്ടമാകും. കൂടാതെ ബാക്കി ഹിന്ദി ഹൃദയഭൂമിയിൽ മറ്റൊരു 50 സീറ്റും.

ഇങ്ങനെയാണോ വലിയ തെരഞ്ഞെടുപ്പ് ഹിന്ദി ഹൃദയഭൂമിയിൽ നടക്കാൻ പോകുന്നത്? നമുക്കുറപ്പിക്കാൻ കഴിയില്ല. സംസ്ഥാനതല പോരാട്ടങ്ങൾ മാത്രമല്ലാതെ നടക്കുന്ന ഏകമേഖല ഇതാണ്. ഇവിടെയാണ് തെരഞ്ഞെടുപ്പിനെ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള ഒരു പ്രസിഡണ്ട് മാതൃകയിലെ തെരഞ്ഞെടുപ്പാക്കുന്ന തന്ത്രം ബി ജെ പി പയറ്റാൻ പോകുന്നതും ഇവിടെയാണ്. മോദിയുടെ ജനപ്രിയത രാഹുൽ ഗാന്ധിയേക്കാൾ ഏറെ മുന്നിലാണ്. ബി ജെ പിയുടെ സംസ്ഥാന സർക്കാരുകളേക്കാൾ ഏറെ മുകളിലാണ് കേന്ദ്ര സർക്കാരിലുള്ള സംതൃപ്തിയുടെ തോത്. രാമക്ഷേത്രത്തിനും ബി ജെ പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനും കൂടുതൽ പാകമായ മണ്ണു കൂടിയാണിത്. അതെ സമയം മോദി വാഗ്ദാനം ചെയ്ത വികസനം ഏറ്റവും കുറച്ചുനടന്നതും, തൊഴിലുകൾ നഷ്ടപ്പെട്ടതും, കർഷകരുടെ പ്രശ്നങ്ങളും മൂലം ഏറ്റവുമധികം ദുരിതമനുഭവിച്ചതും ഈ പ്രദേശമാണ്. ഭാവി ഇന്ത്യക്കുവണ്ടിയുള്ള പോരാട്ടം ഹിന്ദി ഹൃദയ ഭൂമിയിൽ നടക്കുക ജവാൻ-കിസാൻ, ഹിന്ദു-മുസൽമാൻ എന്ന മട്ടിലായിരിക്കും.

ഇപ്പോഴത്തെ സാഹചര്യങ്ങൾ വെച്ചുനോക്കിയാൽ ബി ജെ പിക്ക് 2014-ൽ അതിന്റെ മികച്ച പ്രകടനത്തിൽ കിട്ടിയതിൽ നിന്നും 100 സീറ്റുകളെങ്കിലും നഷ്ടമാകാനാണ് എല്ലാ സാധ്യതയും. നാടകീയമായി എന്തെങ്കിലും സംഭവിച്ചില്ലെങ്കിൽ ഒരു ഭൂരിപക്ഷം തട്ടിക്കൂട്ടാനാവശ്യമായ 200 സീറ്റിലെത്താൻ ബി ജെ പിക്ക് ഒരു വഴിയുമില്ല. അത് വീണ്ടും അധികാരത്തിലെത്താനുള്ള മോദിയുടെ സാധ്യതകളെ പ്രത്യക്ഷമായിത്തന്നെ ഇല്ലാതാക്കും. നിലവിലെ സാഹചര്യങ്ങളിൽ നിന്നും തെരഞ്ഞെടുപ്പുകാലത്തെത്തുമ്പോൾ വലിയ മാറ്റങ്ങളുണ്ടാകാം. പക്ഷെ ഇങ്ങനെയാണ് കാണുന്നത്. ഇപ്പോഴത്തേക്കെങ്കിലും.

(കടപ്പാട്: ദി പ്രിന്‍റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇല്ലാതായ മോദി തരംഗത്തിലും പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന പ്രതിപക്ഷം, വീണ്ടും വല നെയ്യുന്ന ബിജെപി

ശബരിമല ഉഴുതുമറിച്ചിട്ട പുതുമണ്ണിലേക്ക് അമിത് ഷാ വരുമ്പോള്‍

ബിജെപിക്ക് വെല്ലുവിളിയായി മോദിയുടെ വിദേശ യാത്രകള്‍

രാഹുല്‍ ഗാന്ധിയുടെ മുന്‍പിലെ യഥാര്‍ത്ഥ പ്രതിസന്ധി

“എത്ര കാലം അവരുടെ കളത്തില്‍ കളിക്കും”? കൈരാന പറയുന്നത്

യോഗേന്ദ്ര യാദവ്

യോഗേന്ദ്ര യാദവ്

ദേശീയ പ്രസിഡണ്ട് (സ്വരാജ് ഇന്‍ഡ്യ), തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍