UPDATES

ട്രെന്‍ഡിങ്ങ്

ജമ്മു കാശ്മീരിലെ ‘അസ്വാഭാവിക’ സഖ്യം തകര്‍ന്നു; ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്ക് അനിവാര്യമായ നീക്കം

ഇസ്ലാംമതം സ്വീകരിച്ച വിവിധ ഗോത്രവിഭാഗങ്ങളും നാടോടികളും ജമ്മുവിലെ പ്രദേശങ്ങളില്‍ താമസമുറപ്പിക്കുന്നതും ഇവരുടെ ‘കയ്യേറ്റ’ങ്ങള്‍ക്ക് നിയമപരത നൽകുന്നതും ജമ്മു പണ്ഡിറ്റുകളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

ജമ്മു കാശ്മീരില്‍ റംസാന്‍ മാസത്തോടനുബന്ധിച്ച് നടപ്പാക്കിയ വെടിനിര്‍ത്തല്‍ ഈദിന്റെ പിറ്റേ ദിവസം തന്നെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഭീകര ഗ്രൂപ്പുകളും വിഘടനവാദികളും കൂടുതല്‍ അക്രമങ്ങളിലേയ്ക്ക്  തിരിയുന്നതായിചൂണ്ടിക്കാട്ടിയാണ് റംസാന്‍ അവസാനിച്ചതിന് പിന്നാലെ സുരക്ഷ സേനകളുടെ ഓപ്പറേഷന്‍ പുനരാരംഭിച്ചത്. ഇതിന് പിന്നാലെ ഇന്ന് മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ തന്നെ ബിജെപി പിന്‍വലിച്ചിരിക്കുന്നു. മെഹബൂബ മുഫ്തിയും പിഡിപി മന്ത്രിമാരും രാജി വച്ചിരിക്കുന്നു.

ജമ്മു കാശ്മീരില്‍ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ച് വെടിനിര്‍ത്തലിന് തയ്യാറായത്. 2000 നവംബറില്‍ പ്രധാനമന്ത്രി എബി വാജ്‌പേയ് ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഹുറിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദി ഗ്രൂപ്പുകളെ ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിരുന്നു ഇത്. ഒരു മാസത്തേയ്ക്ക് പ്രഖ്യാപിച്ചിരുന്ന ആ വെടിനിര്‍ത്തല്‍ അഞ്ച് മാസത്തേയ്ക്ക് കൂടി നീണ്ടു. 2001 മേയ് 23നാണ് പിന്നീട് വെടിനിര്‍ത്തല്‍ അവസാനിച്ചത്. ഹിസ്ബുള്‍ മുജാഹിദീന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചിരുന്നെങ്കിലും പെട്ടെന്ന് തന്നെ പിന്മാറി. 2018ലേത് പോലെ 2001ലും സ്ഥിതിഗതികള്‍ വഷളായിരുന്നു. ഇത്തവണ റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരി, ഇന്ത്യന്‍ ആര്‍മി സൈനികന്‍ ഔറംഗസേബ് തുടങ്ങിയവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സമാധാന ശ്രമങ്ങളിലും ചര്‍ച്ചകളിലും സജീവമായിരുന്ന വ്യക്തിയാണ് ഷുജാത് ബുഖാരി.

വെടിനിര്‍ത്തല്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ഭിന്നതയാണ് സഖ്യം പിരിയാന്‍ കാരണമെന്നാണ് ബിജെപി പറയുന്നത്. റംസാന് ശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്നായിരുന്നു പിഡിപിയുടെ ആവശ്യം. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഏകപക്ഷീയമായാണ് വെടിനിര്‍ത്തല്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. പിഡിപിയുടെ ആവശ്യം പരിഗണിച്ചാണ് റംസാന്‍ മാസത്തോടനുബന്ധിച്ച് ഒരു മാസത്തേയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ വിവിധ വിഷയങ്ങളില്‍ കടുത്ത ഭിന്നതയിലായിരുന്നു ഇരു പാര്‍ട്ടികളും. 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭ വന്നതിനെ തുടര്‍ന്നാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ പിഡിപിയും (28 സീറ്റ്), രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയും (25 സീറ്റ്) ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. പൊതുമിനിമം പരിപാടിയെല്ലാം തയ്യാറാക്കിയെങ്കിലും വിവിധ വിഷയങ്ങളില്‍ കടുത്ത ഭിന്നതയിലായിരുന്നു പിഡിപിയും ബിജെപിയും. മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദ് ജീവിച്ചിരുന്നപ്പോള്‍ തന്നെ ഈ ഭിന്നത ശക്തമായിരുന്നു.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ഭിന്നത മാത്രമല്ല, ഇരു പാര്‍ട്ടികള്‍ക്കും ഇടയിലുള്ള പ്രശ്‌നം. കത്വയില്‍ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികള്‍ക്ക് പിന്തുണയുമായി ഹിന്ദു ഏകത മഞ്ച് നടത്തിയ റാലിയില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ പങ്കെടുത്തത് വിവാദമായിരുന്നു. തങ്ങള്‍ സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് പിഡിപി മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് സൂചന. ഇവര്‍ പിന്നീട് രാജി വയ്‌ക്കേണ്ടി വരുകയും ചെയ്തു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിലും സംഘപരിവാര്‍ അനുകൂലികളായ പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലും ബിജെപി അസ്വസ്ഥരായിരുന്നു. പൊലീസ് അന്വേഷണം തെറ്റായ ദിശയിലാണെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പ്രതികളും അവരെ പിന്തുണക്കുന്നവരും ബിജെപിയും സംഘപരിവാര്‍ സംഘടനകളുമെല്ലാം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പിഡിപിയും തയ്യാറായിരുന്നില്ല.

ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും വിപി സിംഗിന്റെ ജന്‍ മോര്‍ച്ചയും ജനത ദളും അടക്കം വിവിധ പാര്‍ട്ടികളുടെ ഭാഗമായിരുന്ന മുഫ്തി മുഹമ്മദ് സയിദ് 1999ലാണ് കോണ്‍ഗ്രസ് വിട്ട് ജമ്മു കാശ്മീര്‍ പിഡിപി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കുന്നത്. എബി വാജ്‌പേയിയും മന്‍മോഹന്‍ സിംഗും പ്രധാനമന്ത്രിമാരായിരിക്കെ പാകിസ്ഥാനുമായുള്ള സമാധാന ശ്രമങ്ങളില്‍, രണ്ട് തവണ കാശ്മീര്‍ മുഖ്യമന്ത്രി ആയിട്ടുള്ള മുഫ്തി മുഹമ്മദ് സയിദ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അന്നത്തെ യുപിഎ സര്‍ക്കാരിന് മുന്നില്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കെ അഫ്‌സലിനെ തൂക്കിലേറ്റരുതെന്ന വ്യക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് പിഡിപി. ഹിസ്‌ബുള്‍ മുജാഹിദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പാര്‍ട്ടി. ഇത്തരമൊരു പാര്‍ട്ടി 2015ല്‍ തുക്കുസഭ വന്ന സാഹചര്യത്തില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് അദ്ഭുതമായിരുന്നു.

2014ലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് ആർട്ടിക്കിൾ 370 നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകൾ മുഖ്യധാരയിൽ നിര്‍ത്താൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേകാധികാരങ്ങളോടെ സ്വയംഭരണം വേണമെന്ന നാഷണൽ കോൺഫറൻസിന്റെ നിലപാടുകളെയും, നിലവിലെ ഭരണഘടനാ ഉപാധികൾക്കകത്ത് നിന്ന് അധികാരശാക്തീകരണത്തോടെയുള്ള സ്വയംഭരണം മതിയെന്ന പിഡിപി നിലപാടുകളെയും അന്ന് മോദി തെരഞ്ഞെടുപ്പു റാലികളിൽ പ്രധാന അജണ്ടകളിലൊന്നായി ഉയർത്തിക്കൊണ്ടു വന്നു. തെരഞ്ഞെടുപ്പിനു ശേഷം പിഡിപിയുമായി സഖ്യത്തിലേർപ്പെടുമ്പോൾ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമായി ഉയർത്തിയ ഇത്തരം വിഷയങ്ങളെല്ലാം പതുക്കെ മാറ്റി വെക്കാനും ബിജെപിക്ക് കഴിഞ്ഞു. അധികാരത്തിനു വേണ്ടി അക്ഷമരായി നിന്ന സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ ഒട്ടൊന്ന് ശമിപ്പിക്കാനായി എന്നതിനപ്പുറം ബിജെപിക്ക് വലിയ നേട്ടമായിരുന്നു പിഡിപിയുമായുള്ള ബന്ധം എന്ന് പറയാനാകില്ല.

സഖ്യസർക്കാർ വന്നതിന് ശേഷം പ്രശ്നങ്ങളിൽ നയപരമായ ഇടപെടൽ വേണ്ടി വന്നുവെന്നത് ദീർഘകാലാടിസ്ഥാനത്തിൽ ബിജെപിക്ക് ഗുണം ചെയ്യുന്ന കാര്യമായിരുന്നില്ല. മിതവാദ നിലപാടുകള്‍ക്ക് ഖ്യാതിയുള്ള പിഡിപിക്കൊപ്പം നിന്ന് കശ്മീരിലെ ബിജെപിയുടെ അജണ്ടകൾ വേണ്ടവിധം നടപ്പാക്കുക പ്രയാസവുമായിരുന്നു. തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ പരിപാടികളുടെ ലംഘനമല്ല, മറിച്ച് സമീപകാലത്തെ വെടിനിർത്തലും അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുമാണ് പിന്തുണ പിൻവലിക്കുന്നതിന് കാരണമായി ബിജെപി പറയുന്നതെന്നത് ശ്രദ്ധേയമാണ്.

ജമ്മുവില്‍ നിന്നുള്ള വോട്ടുകളാണ് ബിജെപിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്ക് നയിച്ചത്. കശ്മീരില്‍ വളർന്ന അസ്വസ്ഥതകളുടെ പിതൃത്വം പിഡിപിയിലേൽപ്പിച്ചു കൊടുക്കുന്നതിനൊപ്പം ജമ്മുവില്‍ തങ്ങളുടെ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് തടയുക എന്നതു കൂടി ഈ നീക്കത്തിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നു. ജമ്മുവിലെ പണ്ഡിറ്റുകൾക്കിടയിൽ പിഡിപിക്കെതിരെ ഉയർന്നിട്ടുള്ള വികാരം പരിഗണിക്കാതെ മുമ്പോട്ടു പോകുക ബിജെപിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്.

ഇസ്ലാംമതം സ്വീകരിച്ച വിവിധ ഗോത്രവിഭാഗങ്ങളും നാടോടികളും ജമ്മുവിലെ പ്രദേശങ്ങളില്‍ താമസമുറപ്പിക്കുന്നതും ഇവരുടെ ‘കയ്യേറ്റ’ങ്ങള്‍ക്ക് നിയമപരത നൽകുന്നതും ജമ്മു പണ്ഡിറ്റുകളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഗുജ്ജാർ, ബകാർവാൽ തുടങ്ങിയ ഇത്തരം ഗോത്രവിഭാഗങ്ങൾക്ക് കാട്ടിൽ ചില അവകാശങ്ങൾ നൽകുന്ന ഒരു നയത്തിന് മെഹബൂബ മുഫ്തി രൂപം കൊടുത്തിരുന്നു. നാടോടികളായ ഗോത്രവർഗക്കാരെ അവർ താമസമുറപ്പിച്ച സ്ഥലത്തു നിന്നും മാറ്റണമെങ്കിൽ സംസ്ഥാന ട്രൈബൽ അഫയേഴ്സ് വകുപ്പിന്റെ പ്രത്യേകാനുമതി ആവശ്യമാക്കുന്ന ഈ നയം പണ്ഡിറ്റുകൾക്ക് അങ്ങേയറ്റം അസ്വീകാര്യമാണ്.

ഈ വിഷയം എത്രമാത്രം ആഴത്തിൽ പണ്ഡിറ്റുകൾ പ്രശ്നവൽക്കരിച്ചിരിക്കുന്നു എന്നതിന് തെളിവാണ് കത്വ സംഭവം. കത്വ സംഭവത്തിനു ശേഷം ബിജെപിയും പിഡിപിയും തമ്മിലുള്ള നയപരമായ ബന്ധങ്ങൾ അമ്പേ തകർന്നു. അടിസ്ഥാന പ്രത്യയശാസ്ത്രം തലപൊക്കുന്നതോടെ ഏതൊരു സഖ്യവും അവസാനിക്കുന്നു. അത് ജമ്മു കശ്മീരിൽ ഇന്ന് സംഭവിച്ചു.

നയപരമായിത്തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബിജെപി ശ്രമിച്ചില്ലെന്ന് പറയുന്നത് തെറ്റായിരിക്കും. മെഹബൂബ മുഫ്തിയെ നീക്കി പകരം ഒരു ബിജെപി മുഖ്യമന്ത്രിയെ കൊണ്ടു വരുന്നതിലൂടെ എല്ലാം പരിഹരിക്കാവുന്നതാണെന്ന് ബിജെപി കണ്ടിരുന്നു. മെയ് മാസത്തിൽ രാജ്നാഥ് സിങ്ങും മുഫ്തിയും കൂടിക്കാഴ്ച നടത്തിയപ്പോൾ ഇക്കാര്യം ചർച്ചയിൽ വന്നിരുന്നു. രാജ്നാഥിന്റെ ‘പരിഹാരനിർദ്ദേശം’ മുഫ്തി തള്ളി.

ഇതിനെല്ലാം പുറമെയാണ് കശ്മീർ താഴ്‌വരയില്‍ ബിജെപിയുടെ ‘ദേശീയ താൽപര്യ’ങ്ങൾ വരുന്നത്. ഇന്നത്തെ നടപടിയിൽ അടിയന്തരമായി ബിജെപി അഭിസംബോധന ചെയ്യുന്നത് ഈ വിഷയം കൂടിയാണ്. ബുർഹാൻ വാനിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മെഹബൂബ മുഫ്തി ഉയർത്തിയ പ്രശ്നങ്ങൾ ബിജെപിയുടെ ഈ താൽപര്യങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു. അനാവശ്യമായ ‘ പ്രശ്നം കുത്തിപ്പൊക്കൽ രാഷ്ട്രീയം’ കശ്മീരിനെ കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുമെന്നായിരുന്നു മുഫ്തിയുടെ പക്ഷം. ആ പക്ഷം പക്ഷെ ബിജെപിയുടെ താൽപര്യങ്ങളോട് യോജിച്ചു പോകുന്നതായിരുന്നില്ല.

2019 പൊതുതെരഞ്ഞെടുപ്പ് അടുക്കുകയാണ് എന്നതു തന്നെയാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ആലോചനയിലുള്ള പ്രധാന വിഷയം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ഈ ആറുമാസക്കാലയളവിൽ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനുള്ള വഴിമരുന്നിടാൻ അതിർത്തിപ്രദേശത്തെ ഉപയോഗിക്കുമോയെന്ന് ജാഗ്രതയോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു.

ജമ്മുകാശ്മീര്‍ നിയമസഭയിലെ നിലവിലെ കക്ഷി നില

രണ്ട് നോമിനേറ്റഡ് അംഗങ്ങളെ മാറ്റിയാല്‍ ആകെയുള്ള 87 സീറ്റുകളില്‍ 44 എണ്ണമാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

പി.ഡി. പി : 28
ബി.ജെ.പി : 25 
നാഷണൽ കോൺഫറൻസ് : 15
കോൺഗ്രസ് : 12
ജമ്മുകശ്മീർ പീപ്പിൾസ് കോൺഫറൻസ്: 2
സി.പി.എം : 1

ചര്‍ച്ചകളില്ലാതെ സൈനിക മുഷ്‌ക് കൊണ്ട് വിഘനവാദി ഗ്രൂപ്പുകളേയും പ്രതിഷേധക്കാരേയും അടിച്ചമര്‍ത്തുക എന്ന മോദി സര്‍ക്കാരിന്റെ നയം ജമ്മു കാശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ദുരിതം വിതയ്ക്കുകയാണ് ചെയ്തത്. പെല്ലറ്റ് തോക്കുകള്‍ വിതച്ച നാശം ആഗോള തലത്തില്‍ തന്നെ ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനം എന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമായി. സഖ്യം പിഡിപിയെ സംബന്ധിച്ച് നേട്ടത്തേക്കാളേറെ രാഷ്ട്രീയമായി നഷ്ടമായിരുന്നു. അതേസമയം ബിജെപിയെ സംബന്ധിച്ച് സംസ്ഥാനത്ത് ആദ്യമായി അധികാര പങ്കാളിത്തം ലഭിച്ചു എന്ന നേട്ടമുണ്ട്.

കാശ്മീര്‍ വെടിനിര്‍ത്തലിന് വേണ്ടത് രാഷ്ട്രീയ തന്ത്രം

സഖ്യത്തിന്റെ നാള്‍വഴി

2014 ഡിസംബര്‍ 23 – പിഡിപി ഏറ്റവും വലിയ ഒറ്റ കക്ഷിയും ബിജെപി രണ്ടാമത്തെ വലിയ കക്ഷിയുമായി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇരു പാര്‍ട്ടികളും സഖ്യം സംബന്ധിച്ചും പൊതുമിനിമം പരിപാടി സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു.

2015 ഫെബ്രുവരി 24 – ആശയപരമായ എല്ലാ ഭിന്നതകളും മാറ്റി വക്കുന്നതായും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുന്നു.

മാര്‍ച്ച് 1 – പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയിദിന്റെ നേതൃത്വത്തില്‍ പിഡിപി-ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപിയുടെ നിര്‍മ്മല്‍ സിംഗ് മുഖ്യമന്ത്രി. സംസ്ഥാനത്തെ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ചര്‍ച്ചയിലൂടെ പരിഗണിക്കാനും വികസന പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കാനും പൊതുമിനിമം പരിപാടിയില്‍ ധാരണയിലായിരുന്നു. പിഡിപി എന്‍ഡിഎയില്‍ ചേരാനും ധാരണയായിരുന്നു.

2016 ഏപ്രില്‍ നാല് – ജമ്മു കാശ്മീരിന്റെ ആദ്യ വനിത മുഖ്യമന്ത്രിയായും രാജ്യത്തെ രണ്ടാമത്തെ മുസ്ലീം വനിത മുഖ്യമന്ത്രിയായും മെഹബൂബ മുഫ്തി അധികാരമേറ്റു.

ജൂണ്‍ എട്ട് – വിഘടനവാദികളോടുള്ള പിഡിപിയുടെ മൃദുസമീപനത്തിനെതിരെ ബിജെപിയുടെ താക്കീത്. കര്‍ശന നടപടി വേണമെന്ന് ബിജെപിയുടെ ആവശ്യം. യുവാക്കള്‍ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നത് തടയാന്‍ പിഡിപി ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശനം.

സെപ്റ്റംബര്‍ – പിഡിപി വിടുന്നതായി സ്ഥാപക നേതാക്കളിലൊരാളും എംപിയുമായിരുന്ന താരിഖ് ഹാമിദ് കാര പ്രഖ്യാപിച്ചു. അദ്ദേഹം ലോക്‌സഭാംഗത്വം രാജി വച്ചു. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം നടപ്പാക്കാനാണ് പിഡിപി ശ്രമിക്കുന്നതെന്ന് താരിഖ് ഹാമിദ് കുറ്റപ്പെടുത്തി.

2017 മേയ് – ഹുറിയതുമായുള്ള ചര്‍ച്ചകള്‍ സാധ്യമായില്ല. മെഹബൂബ മുഫ്തി ഹുറിയതുമായുള്ള ചര്‍ച്ചയ്ക്ക് താല്‍പര്യമെടുത്തപ്പോള്‍ അമിത് ഷായും രാം മാധവും ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ഇത് ഇരു പാര്‍ട്ടികളും തമ്മില്‍ വലിയ സംഘര്‍ഷത്തിന് കാരണമാകുന്നു.

2018 ജനുവരി – കത്വ കൂട്ടബലാത്സംഗ കൊല

കത്വ കേസില്‍ പ്രതികളുടെ അറസ്റ്റില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു. ഹിന്ദു ഏക്ത മഞ്ചിന്റെ റാലിയില്‍ പ്രതികളെ പിന്തുണച്ച് ബിജെപി മന്ത്രിമാരായ ലാല്‍ സിംഗും ചന്ദര്‍പ്രകാശ് ഗംഗയും പ്രസംഗിക്കുന്നു. ഇത് വലിയ വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്യുന്നു.

ഷോപിയാനില്‍ മൂന്ന് പ്രതിഷേധക്കാര്‍ കൊല്ലപ്പെടാനിടയായ വെടിവയ്പ് നടത്തിയ സംഭവത്തില്‍ ആര്‍മി മേജര്‍ക്കെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ കേസെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

2018 ഫെബ്രുവരി – കത്വ സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച ബിജെപി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തുവന്നു.

മാര്‍ച്ച് – ജമ്മു കാശ്മീരില്‍ സംഘര്‍ഷമൊന്നുമില്ലെന്നും രാഷ്ട്രീയമായി പ്രശ്‌നങ്ങളില്ലെന്നും പറഞ്ഞ, ധന മന്ത്രിയും പിഡിപി നേതാവുമായ ഹസീബ് ദ്രാബുവിനെ മെഹബൂബ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നു. പിഡിപിക്കും ബിജെപിക്കുമിടയിലുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച മുതിര്‍ന്ന നേതാവാണ് ഹസീബ് ദ്രാബു.

ഏപ്രില്‍ – ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് മെഹബൂബയുടെ ഭീഷണി. ബിജെപിയുമായുള്ള സഖ്യം ഒരു വലിയ തെറ്റും കുറ്റകൃത്യവുമാണെന്നും ഇതിന് കാശ്മീരിലെ ഒരു തലമുറ മുഴുവന്‍ അവരുടെ ചോരയൊഴുക്കേണ്ടി വരുമെന്നും പറഞ്ഞ് ടൂറിസം മന്ത്രിയും മെഹബൂബയുടെ ഇളയ സഹോദരനുമായ തസാദുക് മുഫ്തി രംഗത്തെത്തുന്നു.

ജൂണ്‍ 17 – റംസാന്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് രൂക്ഷമായ അഭിപ്രായ ഭിന്നത. ഈദിന് പിറ്റേ ദിവസം കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. റംസാന്‍ മാസം അവസാനിക്കുന്നത് വരെ മാത്രമെന്ന് കേന്ദ്രം. റംസാന് ശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന് പിഡിപിയുടെ ആവശ്യം. അമര്‍നാഥ് തീര്‍ത്ഥാടനം കഴിയുന്നത് വരെയെങ്കിലും വെടിനിര്‍ത്തല്‍ തുടരണമെന്ന്് മെഹബൂബ.

ജൂണ്‍ 19 – സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കുന്നു. ഒരു തരത്തിലും പിഡിപിയുമായി യോജിച്ച് പോകാനാവില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പിഡിപി മന്ത്രിമാരും രാജി വയ്ക്കുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മെഹ്ബൂബ മുഫ്തിക്ക് മുന്‍പിലെ വെല്ലുവിളികള്‍; കശ്മീരും ഡല്‍ഹിയും

കാശ്മീര്‍ തിരിച്ചു പോവുകയാണോ?

ഒരു ജനാധിപത്യ രാജ്യത്തിന്റെ ധാര്‍മികതയാണ് ഇപ്പോള്‍ കാശ്മീര്‍ ആവശ്യപ്പെടുന്നത്

മുഫ്തി മൊഹമ്മദ് സയീദ്; കശ്മീരിലെ ‘ഡല്‍ഹിയുടെ ആള്‍’

കശ്മീരിനെയും ഇന്ത്യയെയും മാറ്റിയ ഒരു തട്ടിക്കൊണ്ടുപോകല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍