UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയുടെ തീവ്രഹിന്ദുത്വം കേരളത്തില്‍ വേവില്ല: രാജ്ദീപ് സര്‍ദേശായ്

തിരുവനന്തപുരം ഏറെ ദൂരെയാണെന്ന് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെ പോലെ ഡല്‍ഹിയിലെ രാഷ്ട്രീയക്കാരും മനസിലാക്കിയാല്‍ നന്ന്. അമിത് ഷാ ഉദ്ഘാടനം ചെയ്ത ജനരക്ഷായാത്രയോടുള്ള തണുപ്പന്‍ പ്രതികരണം വ്യക്തമാക്കുന്നത് കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല എന്നാണ്.

ബിജെപിയുടെ തീവ്രഹിന്ദുത്വ പരിപാടി കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായ്. ബിജെപിയുടെ ഹിന്ദു – ഹിന്ദുസ്ഥാന്‍ എന്ന് പറഞ്ഞുള്ള വര്‍ഗീയ – തീവ്രദേശീയ അജണ്ട കേരളത്തില്‍ വിജയിക്കില്ലെന്ന് രാജ്ദീപ് സര്‍ദേശായ് പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ശക്തമായ സംഘടനാസംവിധാനവും വളര്‍ച്ചയുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായകശക്തിയാകാനും അധികാരം നേടാനും എന്തുകൊണ്ട് ബിജെപിക്ക് കഴിയുന്നില്ല എന്ന് രാജ്ദീപ് വിലയിരുത്തുന്നു. സാമുദായിക ധ്രുവീകരണവും വെറുപ്പും ശക്തിപ്പെടുത്തി കേരളത്തില്‍ മുന്നേറാന്‍ ബിജെപിക്ക് ബുദ്ധിമുട്ടായിരിക്കും – രാജ്ദീപ് പറയുന്നു.

രാജ്ദീപ് സര്‍ദേശായിയുടെ ലേഖനത്തില്‍ നിന്ന്:

ഡല്‍ഹി അശോക റോഡിലെ ബിജെപി ആസ്ഥാനം അവിടെ നിന്ന് മാറ്റിയ പോലെ തോന്നുന്നുണ്ട്. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിര നടക്കുന്നതായി പറയുന്ന ‘ഇടതുപക്ഷ അതിക്രമ’ത്തിനെതിരെ പ്രതിഷേധിക്കുന്നു. സാമ്പത്തികവളര്‍ച്ചയിലെ മുരടിപ്പ്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്, ജി എസ് ടി ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍, റോഹിങ്ക്യ, കാശ്മീര്‍ – കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി ഇതെല്ലാം വിട്ടിരിക്കുന്നു. ബിജെപിയുടെ കേരളത്തിലെ ജനരക്ഷായാത്ര കേന്ദ്രസര്‍ക്കാര്‍ പാര്‍ട്ടി മാത്രമായി മാറുന്ന അവസ്ഥയുണ്ടാക്കിയിരിക്കുന്നു.

കേരളത്തെ കേന്ദ്രീകരിച്ചുള്ള ഈ കോലാഹലം രാഷ്ട്രീയ പടയോട്ടത്തിനുള്ള ബിജെപിയുടെ ത്വരയാണ്. ഇന്ത്യയെ മുഴുവനായി പിടിച്ചെടുക്കാനുള്ള പടയോട്ടം. 2016ല്‍ മാത്രം ബിജെപി ഒരു നിയമസഭാ സീറ്റില്‍ ജയിക്കുകയും ഇതുവരെ ഒരു ലോക്‌സഭാ സീറ്റില്‍ പോലും അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ സംസ്ഥാനമാണത്. അതേസമയം 2011ല്‍ അവര്‍ക്ക് കിട്ടിയ ആറ് ശതമാനം വോട്ട് 2016ല്‍ 15 ശതമാനമാക്കാന്‍ കഴിഞ്ഞത് ബിജെപിയുടെ വലിയ നേട്ടം തന്നെയാണ്. അമിത് ഷാ ഉദ്ഘാടനം
ചെയ്ത ജനരക്ഷായാത്രയോടുള്ള തണുപ്പന്‍ പ്രതികരണം വ്യക്തമാക്കുന്നത് കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല എന്നാണ്. ഈ ബോദ്ധ്യമാണ് യാത്രയില്‍ തുടര്‍ന്ന് പങ്കെടുക്കാതെ അമിത് ഷാ പെട്ടെന്ന് തന്നെ ഡല്‍ഹിയിലേയ്ക്ക് മടങ്ങാന്‍ കാരണം.

എന്തുകൊണ്ടാണ് ബിജെപിക്ക് കേരളം പിടിക്കാന്‍ കഴിയാത്തത്. കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ വലിയ സാന്നിദ്ധ്യം പ്രധാന കാരണങ്ങളിലൊന്നാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചേര്‍ന്നാല്‍ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 45 ശതമാനമായി. പക്ഷെ ഇത് മറ്റൊരു തരത്തില്‍ ബിജെപിക്ക് അനുകൂല സാഹചര്യവും ഒരുക്കുന്നുണ്ട്. ഹിന്ദുവോട്ട് ബാങ്ക് ശക്തിപ്പെടുത്താനുള്ള അവസരം. പതിറ്റാണ്ടുകളായി ആര്‍എസ്എസിന് കേരളത്തില്‍ ശക്തമായ അടിത്തറയുണ്ട്. ഇടതുപക്ഷ-കോണ്‍ഗ്രസ് ഇരുധ്രുവ രാഷ്ട്രീയം കേരളത്തിലെ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തിന്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഹിന്ദുത്വയും സദ്ഭരണം സംബന്ധിച്ച അവകാശവാദവും കേരളത്തിലെ ഹിന്ദു മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ മോദി സര്‍ക്കാരിനോട് താല്‍പര്യമുണ്ടാക്കാനും അത് ബിജെപിക്ക് ഗുണം ചെയ്യാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ട് കേരളം ബിജെപിയെ അകറ്റിനിര്‍ത്തുന്നു എന്ന ചോദ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതവര്‍ഗീയതയുടെ പേരിലുള്ള ധ്രുവീകരണത്തിന് ഇവിടെ സാദ്ധ്യത കുറവാണ് എന്നതാണ് കാര്യം.

അയോദ്ധ്യ രാമക്ഷേത്ര പ്രശ്‌നം ഉയര്‍ത്തി ഹിന്ദു-മുസ്ലീം ധ്രുവീകരണവും സംഘര്‍ഷവും ശക്തമാക്കിയാണ് 1990കളില്‍ ബിജെപി ഇന്ത്യയില്‍ ദേശീയ രാഷ്ട്രീയ ശക്തിയായി മാറുന്നത്. ഹിന്ദു – മുസ്ലീം സംഘര്‍ഷം ബോധപൂര്‍വം സൃഷ്ടിക്കുക എന്നത് തന്നെയായിരുന്നു അജണ്ട. മുസ്ലീം രാജാക്കന്മാരായ മുഗള്‍ ചക്രവര്‍ത്തിമാര്‍ നടത്തിയെന്ന് സംഘപരിവാര്‍ ആരോപിക്കുന്ന അതിക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യുക എന്ന വാദമാണ് അവര്‍ ഉയര്‍ത്തിയത്. ബാബറിന്റെ പേരിലുള്ള പള്ളി പൊളിക്കുന്നതിലേയ്ക്ക് നയിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം മുഗള്‍ രാജാക്കന്മാരെ ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കുന്നതിലൂടെ കടന്നുപോയത്. തീവ്ര ഹിന്ദുത്വരാഷ്ട്രീയം ഊര്‍ജ്ജം സംഭരിച്ചതും മുസ്ലീങ്ങളെ വിദേശ അധിനിവേശ ശക്തികളായി ചിത്രീകരിക്കുന്നതിലൂടെയാണ്.

എന്നാല്‍ കേരളത്തിലെ ഹിന്ദു രാഷ്ട്രീയ പാരമ്പര്യം സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളാല്‍ നവീകരിക്കപ്പെട്ടതാണ്. ഹിന്ദു സമുദായത്തില്‍ ഉള്ളില്‍ നിന്ന് പരിഷ്‌കരിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളായിരുന്നു അവ. ക്ഷേത്രപ്രവേശന പ്രസ്ഥാനം ബ്രാഹ്മണ ആചാരങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമുണ്ടായിരുന്ന അപ്രമാദിത്വം ഇല്ലാതാക്കി. പശുവിനെ ആരാധിക്കുക എന്ന് പരിപാടി ഇവിടെ ഇല്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ അക്രമാസക്തരായി രംഗത്ത് വരുന്ന കാവി സന്യാസിമാരെ ഇവിടെ കാണാനാവില്ല. നാരയാണ ഗുരുവിനെ പോലെ മത യാഥാസ്ഥിതികത്വങ്ങളെ വെല്ലുവിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത വിപ്ലവകാരികളായിരുന്നു ഇവിടത്തെ സന്യാസിമാര്‍. അവര്‍ ആത്മീയ സ്വാതന്ത്ര്യത്തിനും സാമൂഹ്യസമത്വത്തിനും വേണ്ടി നിലകൊണ്ടു.

പുതിയ ഹിന്ദുത്വയുടെ പോസ്റ്റര്‍ ബോയ് ആയ യോഗി ആദിത്യനാഥിന്റെ ന്യൂനപക്ഷവിരുദ്ധ ആക്രോശങ്ങളല്ല, നാരായണ ഗുരുവിന്റെ മതനിരപേക്ഷമായ ആത്മീയത. യോഗിയെ ജനരക്ഷായാത്രയില്‍ കൊണ്ടുവന്നതിലൂടെ വലിയ തെറ്റാണ് ബിജെപി ചെയ്തിരിക്കുന്നത്. ലവ് ജിഹാദ് പ്രചാരണം വല്ലാതെ ഉപയോഗിക്കുന്നത് കേരളത്തില്‍ ബിജെപിക്ക് തിരിച്ചടി മാത്രമേ ഉണ്ടാക്കൂ. സ്വന്തം നാട്ടിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിക്കുന്ന അവസ്ഥയുള്ള ഒരു മുഖ്യമന്ത്രി സാമൂഹ്യക്ഷേമത്തിലും ജീവിതനിലവാരത്തിലും എത്രയോ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു സംസ്ഥാനത്ത് വന്ന് അതിന്റെ നേട്ടങ്ങളെ വെല്ലുവിളിച്ചാല്‍ അതെങ്ങനെ വിശ്വസിക്കാന്‍ കഴിയും.

എന്നാല്‍ ഈ പറഞ്ഞതിന്റെ അര്‍ത്ഥം കേരളത്തില്‍ ഇനി ബിജെപിക്ക് വളരാന്‍ കഴിയില്ലെന്നല്ല. രാഷ്ട്രീയ ഇസ്ലാം എന്ന് പേരുള്ള മതമൗലികവാദി പ്രസ്ഥാനങ്ങള്‍ മുസ്ലീം യുവാക്കളെ തീവ്രവാദ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്. അതുപോലെ രാഷ്ട്രീയ സംഘര്‍ങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും കോണ്‍ഗ്രസ് ദുര്‍ബലമായി തുടരുകയും ചെയ്താല്‍ കേരളത്തില്‍ ബിജെപിക്ക് ഭാവിയുണ്ട് എന്ന് തന്നെ പറയേണ്ടി വരും. എന്നാല്‍ മുന്നോട്ട് പോകണമെന്നുണ്ടെങ്കില്‍ തീവ്ര ഹിന്ദുത്വ അജണ്ട കേരളത്തില്‍ മാറ്റി വയ്ക്കാന്‍ ബിജെപി തയ്യാറാകേണ്ടി വരും. സാമുദായിക സഹവര്‍ത്തിത്വം അംഗീകരിക്കുന്നവര്‍ക്കും സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും മാത്രമേ കേരളത്തില്‍ മുന്നോട്ട് പോകാനാവൂ.

ബിജെപിയുടെ കേരളയാത്ര തുടങ്ങുമ്പോള്‍ അത് ദേശീയ മാധ്യമങ്ങളെല്ലാം, പ്രത്യേകിച്ച് ഇംഗ്ലീഷ് ന്യൂസ് ചാനലുകള്‍ പ്രാധാന്യത്തോടെ കവര്‍ ചെയ്തു. എന്നാല്‍ ആ സമയത്ത് മലയാള മാധ്യമങ്ങള്‍ നടന്‍ ദിലീപിന്റെ പിന്നാലെയായിരുന്നു. ലൈംഗിക പീഡനകേസില്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ജാമ്യം കിട്ടിയ വാര്‍ത്തയ്ക്കാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയത്. തിരുവനന്തപുരം ഏറെ ദൂരെയാണെന്ന് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെ പോലെ ഡല്‍ഹിയിലെ രാഷ്ട്രീയക്കാരും മനസിലാക്കിയാല്‍ നന്ന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍